മുംബൈ- മാസ്‌ക് ധരിച്ചില്ലെന്ന് പറഞ്ഞ് തട്ടിക്കൊണ്ടുപോയ 13 കാരനെ പോലീസ് മോചിപ്പിച്ചു. മുംബൈയിലെ മലഡിലാണ് സംഭവം.
മുനിസിപ്പല്‍ കോര്‍പറേഷന്‍ ജീവനക്കാരാണെന്നു പറഞ്ഞാണ് 13 കാരനെ തടഞ്ഞുനിര്‍ത്തിയ ശേഷം തട്ടിക്കൊണ്ടുപോയത്.
സമ്പന്ന കുടുംബത്തിലെ കുട്ടി അടുത്തുള്ള സ്‌പോര്‍ട്‌സ് ഗ്രൗണ്ടില്‍ കളിക്കാന്‍ പോയപ്പോള്‍ തടഞ്ഞുനിര്‍ത്തിയ രണ്ടുപേര്‍ ഓഫീസിലേക്കെന്നു പറഞ്ഞ് ഓട്ടോറിക്ഷയില്‍ കയറ്റിക്കൊണ്ടു പോകുകയായിരുന്നു.
കുട്ടിയുടെ കൈയില്‍നിന്ന് ഫോണ്‍ വാങ്ങിയ ശേഷം പിതാവിനെ ബന്ധപ്പെട്ട് 10 ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പിതാവ് പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ വിലായിസ് കോളനിയിലെ പാര്‍ക്കില്‍ ദിവ്യാംശും വിശ്വകര്‍മ എന്നയാളോടൊപ്പം കുട്ടിയെ കണ്ടെത്തി.
പിതാവുമായി ഫോണില്‍ വിലപേശല്‍ നടത്തുകയായിരുന്ന രണ്ടാം പ്രതി ശേഖറിനെ പണം നല്‍കാമെന്ന് വിശ്വസിപ്പിച്ച് കെണിയൊരുക്കിയാണ് പിടികൂടിയത്.
കുറ്റം സമ്മതിച്ച ഇരുവരും ക്രൈം സീരീസില്‍നിന്നാണ് തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെടാനുളള ആശയം ലഭിച്ചതെന്ന് പറഞ്ഞു.






