ഡാലസ്- അമേരിക്കയിലെ ടെക്‌സസില്‍ ഇന്ത്യന്‍ ബാലിക ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മലയാളിയായ വളര്‍ത്തമ്മ സിനി മാത്യൂസും അറസ്റ്റില്‍. മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസ് മരിച്ച സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിനെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
കുട്ടിയെ ഉപേക്ഷിക്കുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിനിയുടെ അറസ്റ്റ്. വെസ്‌ലി നേരത്തെ നല്‍കിയ മൊഴിയില്‍നിന്ന് വ്യത്യസ്തമായ മൊഴിയാണ് സിനിയില്‍നിന്ന് പോലീസിന് ലഭിച്ചത്.
ഒക്ടോബര്‍ ഏഴിനാണു വടക്കന്‍ ടെക്‌സസിലെ റിച്ചര്‍ഡ്‌സണിലെ വീട്ടില്‍നിന്നു ഷെറിനെ കാണാതായത്. ഒക്ടോബര്‍ 22ന് വീടിനുസമീപത്തെ കലുങ്കിനടിയില്‍ മൃതദേഹം കണ്ടെത്തി. പാലു കുടിക്കാത്തതിനു പുറത്തു നിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നായിരുന്നു വെസ് ലി മാത്യൂസ് പറഞ്ഞിരുന്നത്. മൃതദേഹം കണ്ടെത്തിയതോടെ
നിര്‍ബന്ധിച്ചു പാല്‍ കുടിപ്പിച്ചപ്പോഴാണു ഷെറിന്‍ മരിച്ചതെന്ന് വെസ്ലി മൊഴി മാറ്റി. പാല്‍ കുടിപ്പിക്കുന്നതിനിടെ അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിച്ചുവെന്നായിരുന്നു വെസ്ലിയുടെ പുതിയ മൊഴി.
ഷെറിനെ വീട്ടില്‍ തനിച്ചാക്കി സിനിയും വെസ്ലിയും സ്വന്തം മകള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ രാത്രി പുറത്തുപോയതായി പോലീസ് കണ്ടെത്തി. കുട്ടിയെ കാണാതാകുമ്പോള്‍ താന്‍ ഉറക്കത്തിലായിരുന്നുവെന്നും ഭര്‍ത്താവും കുട്ടിയും തമ്മിലുണ്ടായ പ്രശ്‌നങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്നും സിനി മൊഴി നല്‍കിയിരുന്നു.
ഷെറിന്‍ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കു പോലീസിനെ നയിച്ചതു വെസ്ലി മാത്യൂസിന്റെ കാറിനുള്ളിലെ മാറ്റില്‍നിന്നു ലഭിച്ച ഡിഎന്‍എ സാംപിളുകളാണ്. വീട്ടില്‍ വച്ചുതന്നെ കൊലപാതകം നടന്നെന്ന നിഗമനത്തിലാണു പോലീസ്. രണ്ടു വര്‍ഷം മുന്‍പാണ് ബിഹാര്‍ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍ നിന്ന് ദത്തെടുത്ത ഷെറിന് കാഴ്ചക്കുറവും സംസാരവൈകല്യവുമുണ്ടായിരുന്നു.






