Sorry, you need to enable JavaScript to visit this website.

അക്കൗണ്ടിംഗ് മേഖലയിൽ 5,000 സ്വദേശികൾക്ക് തൊഴിൽ

റിയാദ്- അക്കൗണ്ടിംഗ് മേഖലയിൽ 5,000 സ്വദേശി ഉദ്യോഗാർഥികൾക്ക് തൊഴിലും തൊഴിൽ പരിശീലനവും ലഭ്യമാക്കുന്നതിന് സാമ്പത്തിക സഹായം നൽകുമെന്ന് മാനവശേഷി, സാമൂഹിക വികസന നിധി അറിയിച്ചു. മാനവശേഷി, സാമൂഹിക വികസന മന്ത്രാലയവുമായും സൗദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സുമായും സഹകരിച്ചാണ് അക്കൗണ്ടിംഗ് മേഖലയിൽ സൗദി ഉദ്യോഗാർഥികൾക്ക് ജോലിയും തൊഴിൽ പരിശീലനവും നൽകുന്ന ധനസഹായ പദ്ധതി നടപ്പാക്കുക. സൗദിവൽക്കരണം വർധിപ്പിക്കാനും യോഗ്യരായ സൗദി ജീവനക്കാർക്കുള്ള തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ നിറവേറ്റാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 


പദ്ധതി പ്രകാരം സ്വകാര്യ മേഖലയിൽ പുതുതായി നിയമനം ലഭിക്കുന്ന സൗദി അക്കൗണ്ടന്റുമാരുടെ വേതനത്തിന്റെ 30 മുതൽ 50 ശതമാനം വരെ രണ്ടു വർഷക്കാലത്തേക്ക് മാനവശേഷി വികസന നിധി വഹിക്കും. പദ്ധതി പ്രയോജനപ്പെടുത്താൻ സാധിക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങളും ലാഭേഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളും തങ്ങളുടെ സ്ഥാപനങ്ങളിൽ ഒഴിവുള്ള അക്കൗണ്ടന്റുമാരുടെ തസ്തികകളെ കുറിച്ച് നാഷണൽ ലേബർ ഗേറ്റ്‌വേ ആയ താഖാത്ത് പോർട്ടലിലെ സ്ഥാപനങ്ങളുടെ അക്കൗണ്ടുകൾ വഴി പരസ്യപ്പെടുത്തണമെന്ന് മാനവശേഷി, വികസന നിധി ആവശ്യപ്പെട്ടു. 


അക്കൗണ്ടിംഗ് മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കാനുള്ള തീരുമാനം മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം കഴിഞ്ഞ മാസം പ്രഖ്യാപിച്ചിരുന്നു. അഞ്ചും അതിൽ കൂടുതലും അക്കൗണ്ടന്റുമാർ ജോലി ചെയ്യുന്ന മുഴുവൻ സ്വകാര്യ സ്ഥാപനങ്ങളും അക്കൗണ്ടിംഗ് മേഖലയിൽ മിനിമം 30 ശതമാനം സൗദിവൽക്കരണം പാലിച്ചിക്കണമെന്നാണ് വ്യവസ്ഥ. അക്കൗണ്ടിംഗ് മേഖലയിൽ സൗദിവൽക്കരണം നിർബന്ധമാക്കിയതിലൂടെ 9,800 ലേറെ സ്വദേശികൾക്ക് തൊഴിലവസരങ്ങൾ ലഭ്യമാക്കാൻ ഉന്നമിടുന്നു. അക്കൗണ്ട്‌സ് മാനേജർ, സക്കാത്ത്, നികുതി ഡിപ്പാർട്ട്‌മെന്റ് മാനേജർ, ഫിനാൻഷ്യൽ റിപ്പോർട്ട്‌സ് ഡിപ്പാർട്ട്‌മെന്റ് മാനേജർ, ഓഡിറ്റിംഗ് ഡിപ്പാർട്ട്‌മെന്റ് മാനേജർ, ഇന്റേണൽ ഓഡിറ്റർ, കോസ്റ്റ് അക്കൗണ്ടന്റ് എന്നിവ അടക്കമുള്ള നിരവധി തസ്തികകൾ സൗദിവൽക്കരിക്കാൻ മന്ത്രാലയം ലക്ഷ്യമിടുന്നു. 


സൗദി ഓർഗനൈസേഷൻ ഫോർ സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്‌സിൽ നിന്ന് സൗദി അക്കൗണ്ടന്റുമാർ പ്രൊഫഷനൽ അക്രഡിറ്റേഷൻ നേടിയിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. സൗദി അക്കൗണ്ടന്റുമാരെ സൗദിവൽക്കരണ അനുപാതത്തിൽ ഉൾപ്പെടുത്തി കണക്കാക്കുന്നതിന് ബാച്ചിലർ ബിരുദധാരികളായ അക്കൗണ്ടന്റുമാരുടെ വേതനം 6,000 റിയാലിലും ഡിപ്ലോമ ബിരുദധാരികളായ അക്കൗണ്ടന്റുമാരുടെ വേതനം 4,500 റിയാലിലും കുറവാകാൻ പാടില്ലെന്നും നിബന്ധനയുണ്ട്.
 

Latest News