Sorry, you need to enable JavaScript to visit this website.

ബജറ്റ് പ്രഖ്യാപനത്തെ ഉറ്റുനോക്കി ഓഹരി വിപണി

ഇന്ത്യൻ ഓഹരി വിപണി ബജറ്റ് പ്രഖ്യാപനത്തെ ഉറ്റുനോക്കുന്നു. വിദേശ നിക്ഷേപത്തിന്റെ മികവിൽ ബോംബെ സെൻസെക്‌സ് വിപണിയുടെ ചരിത്രത്തിൽ ആദ്യമായി 50,000 പോയന്റ് മറികടന്നങ്കിലും പന്ത്രണ്ട് ആഴ്ചകളിൽ തുടർച്ചയായി മുന്നേറിയെന്ന നേട്ടം 2009 ന് ശേഷം കൈപ്പിടിയിൽ ഒതുക്കാനുള്ള അവസരം നഷ്ടമായി. ബോംബെ സൂചിക 156 പോയന്റും നിഫ്റ്റി 61 പോയന്റും പോയ വാരം താഴ്ന്നു. ഒന്നാം തീയതിയാണ് കേന്ദ്ര ബജറ്റ്. ആ നിലയ്ക്ക് നോക്കിയാൽ കഴിഞ്ഞ വാരത്തിലെ തളർച്ചയുടെ തുടർച്ചയെന്നോണം ഇന്നും സൂചിക സമ്മർദത്തിൽ അകപ്പെടാം. ചെവാഴ്ച്ച റിപ്പബ്ലിക് ദിനം പ്രമാണിച്ച് അവധിയായതിനാൽ ബുധനാഴ്ച ഇടപാടുകളുടെ ആദ്യ പകുതിയിലും തളർച്ചയിൽ നീങ്ങാമെങ്കിലും രണ്ടാം പകുതിയിൽ തിരിച്ചുവരവ് പ്രതീക്ഷിക്കാം, ഒപ്പം പ്രീ ബജറ്റ് റാലിക്കുള്ള തുടക്കവും. 
വ്യാഴാഴ്ച ഡെറിവേറ്റീവ് മാർക്കറ്റ് ജനുവരി സീരീസ് സെറ്റിൽമെന്റായതിനാൽ പിരിമുറുക്കം ശക്തമാകും, ചൊവ്വാഴ്ചത്തെ അവധി കൂടി കണക്കിലെടുത്താൽ കേവലം രണ്ട് ദിവസം മാത്രമാണ ്‌പൊസിഷനുകളിൽ മാറ്റം വരുത്താൻ ഓപറേറ്റർമാർക്ക് ലഭിക്കുക. വിദേശ ധനകാര്യ സ്ഥാപനങ്ങൾ പോയ വാരം ആദ്യ നാല് ദിവസങ്ങളിൽ മൊത്തം 4813 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. എന്നാൽ വെളളിയാഴ്ച അവർ 636 കോടി രൂപയുടെ വിൽപന നടത്തി. ജനുവരിയിലെ 
വിദേശ നിക്ഷേപം 24,469 കോടി രൂപയാണ്. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ വിൽപനക്കാരായി തുടരുന്നു. ഈ മാസം അവർ 15,700 കോടി രൂപയുടെ വിൽപന നടത്തി. 
നിഫ്റ്റി സൂചിക റെക്കോർഡ് പുതുക്കി. 14,433 ൽ നിന്ന് 14,753.55 വരെ കയറി റെക്കോർഡ് സ്ഥാപിച്ച വേളയിലെ ലാഭമെടുപ്പിൽ വിപണിയുടെ ദിശയിലുണ്ടായ മാറ്റത്തിൽ ആടിയുലഞ്ഞ നിഫ്റ്റി 14,350 ലേയ്ക്ക് ഇടിഞ്ഞങ്കിലും വ്യാപാരം അവസാനിക്കുമ്പോൾ 14,371 പോയന്റിലാണ്. ഈ വാരം 14,229-14,088 പോയന്റ് നിർണായകമാണ്. ഈ ടാർഗറ്റിൽ പിടിച്ചുനിൽക്കാനായില്ലെങ്കിൽ നിഫ്റ്റി 13,700 റേഞ്ചിലേയ്ക്ക് ഫെബ്രുവരിയിൽ തളരാം. അതേസമയം 14,229 ലെ സപ്പോർട്ടിന് മുകളിൽ പിടിച്ചുനിന്നാൽ 14,632-14,894 പോയന്റ് ലക്ഷ്യമാക്കിയാവും ഇനിയുള്ള യാത്ര. 
ബോംബെ സെൻസെക്‌സ് 49,034 പോയന്റിൽ നിന്ന് 50,000 വും കടന്ന് 50,184.01 വരെ കയറി ചരിത്രം സൃഷ്ടിച്ചു. ഈ അവസരത്തിൽ ഫണ്ടുകൾ പ്രോഫിറ്റ് ബുക്കിങിന് ഉത്സാഹിച്ചു. തുടക്കത്തിലെ ലാഭമെടുപ്പ് പിന്നീട് വിൽപന സമ്മർദമായതോടെ ആടിയുലഞ്ഞ് സെൻസെക്‌സ് 48,805 ലേയ്ക്ക് ഇടിഞ്ഞങ്കിലും വ്യാപാരാന്ത്യം 48,878 പോയന്റിലാണ്. 
ഈ വാരം സെൻസെക്‌സ് 48,394 ലെ താങ്ങ് നിലനിർത്താനുള്ള നീക്കം വിജയിച്ചാൽ 49,773 ലേയ്ക്ക് തിരിച്ചുവരവ് പ്രതീക്ഷിക്കാം. എന്നാൽ ആദ്യ സപ്പോർട്ട് നഷ്ടപ്പെട്ടാൽ തിരുത്തൽ 47,910-46,530 വരെ നീളാം. വ്യാഴാഴ്ച സെക്കൻഡ് സപ്പോർട്ടിന് മുകളിൽ പിടിച്ചു നിന്നാൽ റെക്കോർഡ് നിലവാരത്തിലേയ്ക്കുള്ള തിരിച്ചുവരവിന് വേഗമേറുന്നതിനൊപ്പം ഫെബ്രുവരിയിൽ സൂചിക 50,668-52,050 റേഞ്ചിനെ ഉറ്റുനോക്കുകയും ചെയ്യും. മുൻനിരയിലെ പത്തിൽ നാല് കമ്പനികളുടെ വിപണി മൂല്യത്തിൽ 1,15,758 കോടി രൂപയുടെ വർധന. ആർഐഎൽ, ടിസിഎസ്, എച്ച്‌യുഎൽ, ബജാജ് ഫിനാൻസ് എന്നിവ മികവ് കാണിച്ചു. എന്നാൽ എച്ച്ഡിഎഫ്‌സി ബാങ്ക്, ഇൻഫോസീസ്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, ഭാരതി എയർടെൽ എന്നിവയുടെ വിപണി മൂല്യം കുറഞ്ഞു. 
യുഎസ് ഫെഡറൽ റിസർവ് വാരമധ്യം യോഗം ചേരും. കോവിഡ് മൂലം സാമ്പത്തിക മേഖലയിൽ പിന്നോക്കം പോകുന്ന അവസ്ഥ മറികടക്കാനുള്ള നീക്കങ്ങൾക്ക് ഇടയുണ്ട്. പുതിയ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്ത ശേഷമുള്ള ആദ്യ ഫെഡ് യോഗമായതിനാൽ ശ്രദ്ധേയമായ തീരുമാനങ്ങൾ പ്രതീക്ഷിക്കാം. 
ഡോളറിന് കരുത്തു പകരുന്ന നിർദേശങ്ങളുണ്ടാവും. ഡോളറിന്റെ മൂല്യം ഉയർന്നാൽ സ്വാഭാവികമായും വിദേശ ഫണ്ടുകൾ ഇന്ത്യൻ ഓഹരിയിൽ നിന്ന് അൽപം പിൻവലിയാമെന്നത് രൂപയെ തളർത്തും. പോയവാരം രൂപ 73.14 ൽ നിന്ന് 72.97 ലേയ്ക്ക് ശക്തി പ്രാപിച്ചെങ്കിലും നിക്ഷേപം ചരുങ്ങിയാൽ 74.50 ലേയ്ക്ക് മൂല്യം ഇടിയാം. അതേസമയം മികവിന് ശ്രമിച്ചാൽ 72.10 വരെ നീങ്ങാം.  
ആഗോള സ്വർണ വില 1802 ഡോളറിൽ നിന്ന് 1874 ഡോളർ വരെ ഉയർന്നെങ്കിലും വാരാന്ത്യം നിരക്ക് 1854 ഡോളറിലാണ്. സ്വർണം അതിന്റെ 50 ദിവസത്തെ ശരാശരിക്ക് താഴെയും 200 ദിവസത്തെ ശരാശരിക്ക് മുകളിലുമാണ്. 1820 ഡോളറിന് മുകളിൽ പിടിച്ചുനിന്നാൽ 1900-1964 ഡോളറിലേയ്ക്ക് ഉയരാൻ ശ്രമം നടത്താം, അതേസമയം 1820 ലെ താങ്ങ് നഷ്ടപ്പെട്ടാൽ സ്വർണം 1760 ഡോളറിലേയ്ക്ക് സാങ്കേതിക പരീക്ഷണത്തിന് മുതിരാം.

 

Latest News