Sorry, you need to enable JavaScript to visit this website.

പൊറുതിമുട്ടിച്ച് കുതിച്ചുയരുന്ന ഇന്ധന വില

പെട്രോളിന്റെയും ഡീസലിന്റെയും നികുതിയിൽ നിന്നുള്ള വരുമാനം ഏകദേശം മൊത്തം ആഭ്യന്തര ഉൽപാദനത്തിന്റെ 2 ശതമാനത്തോളം വരും. നികുതി വരുമാനത്തിന്റെ നല്ലൊരു ശതമാനം ലഭിക്കുന്നത് ഇതിൽ നിന്നാണ്. സാമ്പത്തിക മാന്ദ്യത്തിൽ വരുമാനം പിടിച്ചുനിർത്താൻ കൊറോണക്കാലത്തു പോലും സർക്കാർ കണ്ടെത്തിയ ഒരു മാർഗമാണ് ഇന്ധനങ്ങളുടെ എക്‌സൈസ് ഡ്യൂട്ടി കൂട്ടുക എന്നത്. മാർച്ചിൽ ഡ്യൂട്ടി കൂട്ടിക്കൊണ്ട് 1.6 ലക്ഷം കോടി അധിക വരുമാനമാണ് സർക്കാർ ലക്ഷ്യമിട്ടത്.


2018 ജനുവരിയിൽ 70 രൂപയായിരുന്നു പെട്രോളിന്റെ വില. 2021 ജനുവരി ആയപ്പോഴേക്കും അത് 92 രൂപയിൽ വന്നു നിൽക്കുന്നു. ഇത് മൂന്നു വർഷത്തെ കണക്കാണെന്ന് കരുതാം. കഴിഞ്ഞ ഒരു വർഷം കൊണ്ടു തന്നെ 74 രൂപയിൽ നിന്ന് ഇന്നത്തെ നിലയിലേക്ക് വില കുതിച്ചത് ഇതുവരെ ഉണ്ടായിട്ടില്ലാത്ത വർധനയാണ്. ഇതിന്റെ തോത് നോക്കിയാൽ ഏകദേശം 244 ശതമാനത്തോളം വരും. അതേസമയം ആഗോള വിപണിയിൽ ക്രൂഡ് ഓയിലിന്റെ വിലയിൽ കഴിഞ്ഞ ഒരു വർഷമായി കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. കൊറോണയ്ക്ക് മുമ്പുണ്ടായിരുന്ന 59 ഡോളർ എന്ന വിലയിൽ തന്നെയാണ് 55 ഡോളർ എന്ന ഇന്നത്തെ വില എത്തി നിൽക്കുന്നത്. ഇതിനിടെ ആഗോള തലത്തിൽ ആദ്യ ലോക് ഡൗൺ ഉണ്ടായ സമയത്ത് ക്രൂഡിന്റെ വില ഏപ്രിലിൽ 20 ഡോളർ വരെ എത്തിയിരുന്നു. ഈ സമയത്തും ഇന്ത്യയിൽ പെട്രോളിന്റെ വില 72 രൂപ വരെയുണ്ടായിരുന്നു.


ഇന്നും വില ലിറ്ററിന് 92 രൂപയിൽ എത്തി നിൽക്കുമ്പോൾ ഏറ്റവും കൂടുതൽ ബാധിക്കപ്പെടുന്ന ഒരു വിഭാഗം എംഐജികളാണ്. അതെ, മിഡിൽ ഇൻകം ഗ്രൂപ്പ് എന്ന് നമ്മൾ വിളിക്കുന്ന മധ്യവർഗ വരുമാനക്കാർ തന്നെ. ഇവർക്ക് പുറമെ പാവപ്പെട്ടവരിൽ ഉയർന്ന തട്ടിലുള്ളവരും ഈ വില വർധനയുടെ തിക്തഫലം അനുഭവിക്കുന്നവരിൽ പെടും. കോവിഡ് കാലത്ത് ജനങ്ങളുടെ ജീവിതത്തിൽ വന്ന വലിയൊരു മാറ്റം എന്നത് പൊതുഗതാഗതത്തിൽ നിന്ന് നല്ലൊരു ശതമാനം ആളുകൾ സ്വന്തം വാഹനത്തിലേക്ക് മാറി എന്നുള്ളതാണ്. ഇത് യാത്രയ്ക്കായി ഒരാൾ മാറ്റിവെയ്ക്കുന്ന ബജറ്റിൽ വൻ മാറ്റമാണ് ഉണ്ടാക്കിയത്. സാധാരണ ഒരു മാസം വരുമാനത്തിന്റെ 5 മുതൽ 7 ശതമാനം വരെ യാത്രയ്ക്കായി ചെലവാക്കിയിരുന്ന ഒരാൾ ഇന്ന് 10 ശതമാനത്തിൽ കൂടുതൽ ഇന്ധനത്തിനായി മാത്രം മാറ്റിവെയ്ക്കണം. കോവിഡ് മൂലം ജോലി നഷ്ടപ്പെടുകയോ വരുമാനത്തിൽ കുറവു നേരിടുകയോ ചെയ്തിട്ടുള്ള സാഹചര്യത്തിലാണ് ഈ മിന്നൽ ആക്രമണമെന്നോർക്കണം. നല്ലൊരു വിഭാഗം ജനങ്ങളും വർക്ക് ഫ്രം ഹോം എന്ന രീതിയിലേക്ക് മാറിക്കഴിഞ്ഞെങ്കിലും അവരിൽ ബഹുഭൂരിഭാഗവും വിലക്കയറ്റത്തിന്റെ ആഘാതം അധികം ഏൽക്കാത്ത വിഭാഗക്കാരാണ്. ചെറിയ ജോലികൾ ചെയ്തു ജീവിക്കുന്നവരുടെ ജീവിതം ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്താണ് സാധ്യമാകുന്നത്. പലപ്പോഴും ഇവർക്ക് ജോലി ചെയ്യുന്ന സ്ഥലത്തിന്റെ അടുത്തായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാകാറില്ല. ഇവരെയൊക്കെ ഈ വില വർധന നന്നേ ബാധിക്കും.


വായ്പകൾക്ക് മേൽ ബാങ്ക് മൊറട്ടോറിയം ഏർപ്പെടുത്തിയെങ്കിലും കുറച്ചു കാലത്തെ പലിശയിളവ് ലഭിച്ചു എന്നല്ലാതെ മുതലിൽ മാറ്റമൊന്നുമില്ല. കുറഞ്ഞു പോയ വരുമാനത്തിൽ നിന്ന് കെട്ടിക്കിടക്കുന്ന മുതൽ അടച്ചു തീർക്കാൻ വിഷമിക്കുമ്പോഴാണ് പച്ചക്കറിയുടെയും പലവ്യഞ്ജനങ്ങളുടെയും വിലക്കയറ്റവും കൂടാതെ ഇപ്പോൾ ഇന്ധന വില വർധനയും. ഒരു ശരാശരി കുടുംബത്തിൽ ചെലവുകളെല്ലാം കഴിഞ്ഞ് മിച്ചം വെയ്ക്കാൻ ചില്ലറക്കാശു പോലും ബാക്കിയില്ലാത്ത അവസ്ഥ. ഇത് വായ്പക്കു മേൽ വായ്പയെടുക്കാൻ ഒരു സാധാരണക്കാരനെ നിർബന്ധിതനാക്കുന്നു.

 

Latest News