Sorry, you need to enable JavaScript to visit this website.

നികുതി ഇളവ് വേണോ? എങ്കിൽ ഈ വഴികൾ തെരഞ്ഞെടുക്കാം 


നികുതി അടയ്ക്കുന്നത് ഏതൊരു പൗരന്റെയും ധർമമാണ്. എന്നാൽ അതിൽ ലാഭിക്കാവുന്ന ഇളവുകൾ അവന്റെ അവകാശവുമാണ്. എല്ലാതരം സാമ്പത്തിക നിക്ഷേപങ്ങളിലും നികുതിയിളവ് ലാഭിക്കാനുള്ള നിക്ഷേപ മാർഗങ്ങളുണ്ട്. ദീർഘകാലത്തേക്ക് നിക്ഷേപിക്കുമ്പോൾ സ്ഥിരനിക്ഷേപങ്ങളിൽ നിന്ന് മികച്ച നികുതിയധിഷ്ഠിത വരുമാനം ലഭിക്കാൻ ബാങ്ക് നിക്ഷേപങ്ങൾക്ക് പകരം ഡെറ്റ് ഫണ്ട്, ബോണ്ട് എന്നിങ്ങനെയുള്ള നിക്ഷേപങ്ങൾ തെരഞ്ഞെടുക്കുക. അവയ്ക്ക് 3 വർഷത്തിന് മുകളിലേക്കുള്ള വരുമാനത്തിൽ ഇൻഡക്സേഷൻ സൗകര്യം ലഭിക്കും. ഇതു മൂലം നാം പലിശ വരുമാനത്തിൻമേൽ കൊടുക്കേണ്ടിവരുന്ന നികുതി കുറയും.


അച്ഛൻ, അമ്മ, സഹോദരൻ, ഭാര്യ എന്നിങ്ങനെ അടുത്ത ബന്ധുക്കൾക്ക് കൊടുക്കുന്ന സാമ്പത്തിക സഹായത്തിന് നികുതി ബാധ്യതയില്ല. അതുകൊണ്ട് നിങ്ങൾ കൂടിയ നികുതി സ്ലാബിൽ ഉള്ള ആളാണെങ്കിൽ നിങ്ങൾ നിക്ഷേപിക്കുമ്പോൾ നികുതി ബാധ്യത കൂടുതലാകാൻ സാധ്യതയുള്ളതുകൊണ്ട് അതേ തുക വരുമാനമില്ലാത്തവരോ വരുമാനം കുറഞ്ഞവരോ ആയ കുടുംബാംഗങ്ങളുടെ പേരിൽ നിക്ഷേപിച്ചാൽ അവർക്ക് നികുതിയിൽ ഇളവ് ലഭിക്കുകയും വരുമാനം കുറയാതെ സംരക്ഷിക്കാനും സാധിക്കും. അതു തന്നെ നികുതി ബാധ്യതയില്ലാത്ത നിക്ഷേപങ്ങളിൽ നിക്ഷേപിച്ചാൽ വളരെ നല്ലത്. ഇതിനായി പി പി എഫ്, ഇ എൽ എസ് എസ് സ്‌കീമുകൾ എന്നിവ തെരഞ്ഞെടുക്കാം.
സ്വന്തം ഉപയോഗത്തിനായി എടുക്കുന്ന ഭവന വായ്പയിൽ ഒരു വർഷം 1.5 ലക്ഷം വരെ 80-സി എന്ന സെക്ഷനിലും 2 ലക്ഷം വരെ പലിശയിനത്തിലും വരുമാനത്തിൽ നിന്നും ഇളവ് ലഭിക്കും. ഇതു തന്നെ ജീവിത പങ്കാളിയുമൊന്നിച്ച് ജോയന്റായി എടുക്കുന്ന വായ്പയാണെങ്കിലും രണ്ടു പേർക്കും ഈ ഇളവുകൾ ആസ്വദിക്കാൻ സാധിക്കും. അതായത് മൊത്തം മൂന്നു ലക്ഷം 80 സി വിഭാഗത്തിലും 4 ലക്ഷം പലിശയിനത്തിലും ഇളവ് ലഭിക്കും. ഇത് ലോണിന്റെ അളവനുസരിച്ച് കൂടിയും കുറഞ്ഞുമിരിക്കും. എന്നാലും ഒന്നിച്ച് വായ്പയെടുക്കാനുള്ള തീരുമാനം കൊണ്ട് വലിയ വായ്പകളിൽ നല്ല ലാഭം നേടാൻ സാധിക്കും.


നിക്ഷേപങ്ങളിലെ വരുമാനവും നികുതിയും മികച്ച രീതിയിൽ നിയന്ത്രിച്ച് നമുക്ക് ലാഭം കൂട്ടാവുന്നതാണ്. സ്ഥിരം നിക്ഷേപത്തിന് ഒരു വർഷം ലഭിക്കുന്ന വരുമാനത്തിൽ 40,000 രൂപ വരെ നികുതി ബാധ്യത വരുന്നില്ല. ഇതിന് മുകളിലേക്ക് വരുമാനം ലഭിക്കുന്നവർ ഒരു ഭാഗം സ്ഥിരം നിക്ഷേപത്തിലേക്കും മറ്റൊരു ഭാഗം മ്യൂച്വൽ ഫണ്ടുകളിലേക്കും വിന്യസിക്കുന്നതായിരിക്കും നല്ലത്. കുട്ടികളുടെ പേരിൽ സേവിംഗ്സ് അക്കൗണ്ട് തുടങ്ങിയാൽ ഒരു കുട്ടിക്ക് ഒരു വർഷം 1500 രൂപ വരെ പലിശയിൻമേൽ നികുതിയിളവുണ്ട്. ഇത് രണ്ടു പേർക്കേ ലഭിക്കുകയുള്ളൂ. സേവിംഗ്സ് അക്കൗണ്ടിലെ പലിശയിൻമേൽ 10,000 രൂപ വരെ ഒരു വർഷം ഇളവ് ലഭിക്കും.


നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളുടെ വീട്ടിലാണ് താമസിക്കുന്നതെങ്കിൽ പോലും ആ വീട് നിങ്ങളുടെ പേരിലല്ലെങ്കിൽ അവിടെ താമസിക്കുന്നതിന് വാടക കൊടുക്കുന്നതായി കാണിച്ച് ആയിനത്തിൽ നികുതിയിളവ് നേടാവുന്നതാണ്. മാതാപിതാക്കൾക്ക് വരുമാനം കുറവാണെങ്കിൽ ആ തുക അവരുടെ വരുമാനമായി കൂടുകയും കുടുംബത്തിലെ മൊത്തത്തിലുള്ള നികുതി ഭാരം കുറയുകയും ചെയ്യും. സ്ഥിരം നിക്ഷേപം നടത്തുമ്പോൾ അത് കുടുംബത്തിലെ മറ്റുള്ളവരുടെ പേരിലേക്കും വിന്യസിച്ചാൽ വർഷം 40,000 രൂപ നികുതിരഹിത വരുമാനം എന്ന ഗുണം കൊണ്ട് നല്ലൊരു തുക നികുതിയിളവ് ലഭിക്കും. നിക്ഷേപം നാലു പേരുടെ പേരിലാണെങ്കിൽ 1,60,000 രൂപ നികുതിയേതരമായി ലഭിക്കും.


(ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ നിക്ഷേപകാര്യ വിദഗ്ധനാണ് ലേഖകൻ)

Latest News