Sorry, you need to enable JavaScript to visit this website.

കൊറോണയുടെ ഒരു കൊല്ലം

 

കോവിഡിന്റെ ഭയാനകമായ മുഖം വാടുന്നതും വിടരുന്നതും കഴിഞ്ഞ ദിവസം ഒരു പത്രത്തിലെ റിപ്പോർട്ടിൽ കാണുകയുണ്ടായി.  കോവിഡിനെ പേടിച്ച് മരണം  മാറിക്കൊടുക്കുന്നുപോലും. തിരുവനന്തപുരം നഗരത്തിൽ അടിക്കടി കൂടിയിരുന്ന മരണ നിരക്ക് കോവിഡിന്റെ കാലത്ത്, (2020) കുറഞ്ഞിരിക്കുന്നു.  2019 ൽ നഗരത്തിലെ മരണം 17,408 ആയിരുനെങ്കിൽ 2020 ൽ അത് 14,628 ആയി.  മരണ സംഖ്യയും ഏതാണ്ടിതു പോലൊക്കെയായിരിക്കും.

 

ആദിമ മനുഷ്യൻ നഗ്‌നതയിൽനിന്ന് വസ്ത്രധാരണത്തിലേക്ക് നീങ്ങാൻ എത്ര കാലം എടുത്തുകാണും? ഇലയും പുല്ലും തോലും തുണിയും ഒക്കെയായി എത്രയോ നൂറ്റാണ്ടുകൾ വേണ്ടി വന്നിരിക്കും വസ്ത്രം കൊണ്ടുള്ള ആ പരീക്ഷണം മുഴുമിക്കാൻ. മുഴുമിച്ചുവെന്നു പറഞ്ഞുകൂടാ. മേനി മറയ്ക്കാനും മറയ്ക്കാതിരിക്കാനും പറ്റിയ ധാരണ രീതികളും ഉൽപന്നങ്ങളും ആണല്ലോ ഇപ്പോഴും തുടരുന്ന ഗവേഷണ വിഷയം. അതുമായി ഇട തട്ടിച്ചുനോക്കുമ്പോൾ വെറും ഒരു കൊല്ലത്തെ കോവിഡ്19 മതിയായി പുതിയൊരു ഫാഷൻ സ്ഥായിയാക്കാൻ. അതു പോലൊരു മാറ്റം മനുഷ്യ ചരിത്രത്തിൽ ഉണ്ടായിട്ടില്ല.

ആദമിന്റെയും ഹവ്വയുടെയും കഥ എടുത്താൽ, നഗ്നത മറക്കാൻ വസ്ത്രം അണിയാൻ തുടങ്ങിയത് നാണം കൊണ്ടായിരുന്നു. വികാരമായിരുന്നോ വിചാരമായിരുന്നോ ആ പരിഷ്‌കാരത്തിന്റെ പ്രേരകം എന്ന് ഇന്നും ആർക്കും തിട്ടമില്ല. നാണത്തേക്കാളേറെ തണുപ്പും ചൂടുമായിരുന്നു മനുഷ്യൻ വസ്ത്രം ധരിക്കാൻ കാരണമായതെന്നു വിചാരിക്കാനാണെനിക്കിഷ്ടം. കാലാവസ്ഥയും പ്രാദേശിക സാഹചര്യവും അനുസരിച്ച് വസ്ത്ര വ്യവസായം പല തലങ്ങളിൽ, പല തോതുകളിൽ, വളർന്നു വന്നു. അനേകം നൂറ്റാണ്ടുകളുടെ വളർച്ചയിൽ ഉൾക്കൊണ്ടിട്ടുള്ള ആ മാറ്റം കോവിഡ്19 എന്ന രോഗാവസ്ഥ ഒറ്റയടിക്ക് വരുത്തിത്തീർത്തു. 

ജീവിതത്തിന്റെ ഏതു മേഖലയിലുള്ള മാറ്റവും ഓരോ ദേശത്തും ഓരോ രൂപത്തിലായിരിക്കും. മാറ്റത്തിന്റെ വേഗവും മാറി മാറിയിരിക്കും. മറിച്ചൊരു പുരോഗതിയും സാധ്യമാണെന്നു തെളിയിക്കാൻ കോവിഡ്19 വേണ്ടിവന്നു.  മാരിയും മഹാമാരിയും മുമ്പും ഉണ്ടായിട്ടുണ്ടെങ്കിലും ഭൂമിയിൽ മനുഷ്യൻ അധിവസിക്കുന്ന പ്രദേശത്തെ മുഴുവൻ ബാധിച്ച ഒരു മാറ്റം കോവിഡ്19 വഴിയേ ഉണ്ടായുള്ളൂ.  വിവരങ്ങളും വസ്തുക്കളും കൈമാറാൻ കൂടുതൽ ഫലപ്രദമായ സങ്കേതങ്ങൾ ലഭ്യമായതുകൊണ്ടാകാം ഏതാനും ആഴ്ച കൊണ്ടല്ലേ മാനുഷ്യകത്തെ മുഴുവൻ ബാധിക്കുന്ന ഒരു മാറ്റം ജീവിത ശൈലിയിൽ ഉണ്ടായത്?

രണ്ടു മുദ്രാവാക്യങ്ങളായിരുന്നു ലോകത്തിന്റെ ചുണ്ടിൽ. മുഖം മറയ്ക്കുക. അകലം പാലിക്കുക.  ഇത്ര കണിശമായി പാലിക്കപ്പെട്ട ഒരു നിർദേശം വേറെയില്ല.  നടപ്പാക്കാൻ തിരുവായ്ക്ക് എതിർവാക്ക് അരുതാത്ത ഒരു ഏകാധിപതിയും കിങ്കരന്മാരും ഇല്ലാതെ, ഒരു കൊച്ചുകുട്ടിയുടെ അനുസരണയോടെ ലോകം മുഴുവൻ ഒരു പീപ്പിയുടെ ശബ്ദം കേട്ടാലെന്ന പോലെ മുഖം മറയ്ക്കുകയും അകലം പാലിക്കുകയും ചെയ്തു. ജനക്കൂട്ടങ്ങളുടെ മനശ്ശാസ്ത്രം പഠിച്ച ജനക്കൂട്ടവും അധികാരവും ഏലിയാസ് കാനേട്ടിയെപ്പോലും അത്ഭുതപ്പെടുത്തുമാറ്, നഗരങ്ങളിൽനിന്നും തെരുവുകളിൽനിന്നും അങ്ങാടികളിൽനിന്നും   ദേവാലയങ്ങളിൽനിന്നും വിനോദ കേന്ദ്രങ്ങളിൽനിന്നും ജനക്കൂട്ടം എണ്ണിയാലൊടുങ്ങാത്ത സുഷിരങ്ങളിലേക്ക് പിൻവാങ്ങി. മനുഷ്യൻ ആത്യന്തികമായി ഒരു സാമൂഹ്യ ജീവിയാണെന്നു സിദ്ധാന്തിച്ച ദാർശനികനെ തിരുത്തിക്കൊണ്ട്, അയൽക്കാരനെ കാണാതെയും അതിഥിയെ സ്വീകരിക്കാതെയും നമ്മൾ സ്ഥാപിച്ചു. അങ്ങനെ ഒറ്റപ്പെടുന്ന സാഹചര്യത്തിൽ ഉണ്ടാകാവുന്ന വിഷാദവും പരിഭ്രമവും പരിഹരിക്കാൻ തയാറായിനിന്ന മനോരോഗ വിദഗ്ധർക്ക് വലിയ ബുദ്ധിമുട്ടൊന്നും അനുഭവപ്പെട്ടില്ല.  മനുഷ്യനെ ഈ വലിയ മാറ്റത്തിലൂടെ കടത്തിവിട്ടത് വിശേഷിച്ചൊരു മുന്നറിയിപ്പോ തയാറെടുപ്പോ നടത്തിയിട്ടല്ലെന്നോർക്കുക.   

സർജൻമാരും നാടകത്തിലെ കൊള്ളക്കാരും ധരിച്ചു കണ്ടതാണ്—മുഖ കവചം. കർണൻ പിറക്കുമ്പോഴേ അണിഞ്ഞിരുന്നതു പോലൊരു കവചം നമ്മൾ മുഖത്തിനു മാത്രമായി നെയ്‌തെടുത്തിരിക്കുന്നു. കർണന്റേതും സർജന്മാരുടേതും മാറ്റിനിർത്തിയാൽ, പൊതുവെ മുഖാവരണത്തെ നമ്മൾ കണ്ടുപോന്നത് വികൃതിയോ വേലയോ ആയിട്ടായിരുന്നു. മുഖം മൂടി വലിച്ചുകയറ്റുന്ന ആൾ കള്ളന്റെ പട്ടികയിൽ പെടും.  കോവിഡിനെ എതിരിടാൻ ഏതാണ്ട് ഒരു കൊല്ലം മുമ്പ് മുഖാവരണം അണിഞ്ഞു തുടങ്ങുമ്പോൾ വസ്ത്രധാരണത്തിൽ പൊടുന്നനവേ ഒരു വിപ്ലവം പൊട്ടുകയായിരുന്നു. 

അതിന്റെ ആവശ്യം ഉപയോഗിക്കുന്നവരെ ബോധ്യപ്പെടുത്താൻ വലിയ ശ്രമമൊന്നും വേണ്ടിവന്നില്ല. പട്ടുകോണകത്തിൽനിന്ന് അടിയുടുപ്പിലേക്കും വള്ളിയുള്ളതും ഇല്ലാത്തതുമായ  പാന്റ്‌സിലേക്കും നീങ്ങിയത് മെല്ലെ മെല്ലെയായിരുന്നു. പട്ടുകോണകം പോലെ കഴുത്തിൽ ഞാത്തിയിട്ടിരുന്ന ശീലക്കഷ്ണം ഒരു കാലത്ത് വസ്ത്രധാരണത്തിലെ അനിവാര്യതയായിരുന്നു. ഈയിടെയായി ഷർട്ടും ജാക്കറ്റും മാത്രമണിഞ്ഞ്, ടൈ കെട്ടാതെ, നഗ്‌നകണ്ഠരായി നടക്കുന്നതായിരിക്കുന്നു ഫാഷൻ. അതിനിടെ നിനച്ചിരിക്കാതെ കടന്നുവന്നിരിക്കുന്നതാണ്മുഖ കവചം അഥവാ മാസ്‌ക്.  അടുത്തൊന്നും മുഖംമൂടിയില്ലാത്ത മനുഷ്യൻ അരങ്ങത്ത് ഞെളിയുമെന്നു കരുതാൻ വയ്യ. കോവിഡ് കാലം തീർന്നാലും അതിനെ തടയുന്ന മാസ്‌ക് നിലനിൽക്കും. കോവിഡിനെപ്പറ്റി ലോകാരോഗ്യ സംഘടന  പ്രചരിപ്പിച്ച പൊതുധാരണ പങ്കിടാൻ തയാറാവാതിരുന്ന മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും അവസാനമാകുമ്പോഴേക്കും മുഖാവരണം അണിയാൻ തുടങ്ങിയിരുന്നു. 

ലോകത്തെ 780 കോടി ജനസംഖ്യയിൽ മുഖ കവചം അണിയാത്തവരായി കൈക്കുഞ്ഞുങ്ങൾ മാത്രമേ കാണൂ. നാലഞ്ചു മണിക്കൂർ ഉപയോഗിച്ചാൽ വലിച്ചെറിയണം എന്നാണ് നിബന്ധനയെങ്കിലും 'ഉഴക്കു ചോർ കൊണ്ടൊരു വാസരാന്തം കഴിക്കുമഞ്ചാറു ജനങ്ങളെ' പോലെ, ആഴ്ചക്ക് ഒരു മാസ്‌ക് എന്ന കണക്ക് വെയ്ക്കുന്നവരാണ് ഏറെയും. നാലു മാസ്‌ക് മതിയാകും ഒരു മാസത്തെ റേഷൻ വിതരണം ചെയ്യാൻ. ഒരു മാസത്തെ അഷ്ടിക്ക് 3000 കോടി മുഖംമൂടി വേണ്ടി വരും. 

മുഖംമൂടിയുടെ ഉപയോഗം തുടങ്ങുമ്പോൾ മൂടിയില്ലാത്തവർ തൂവാല കൊണ്ട് മുഖം മൂടിയാൽ മതിയെന്ന് ഉപദേശമുണ്ടായിരുന്നു. ഇന്നും നാളെയും കൊണ്ട് അവസാനിക്കുന്നതല്ല ഉപയോഗമെന്നു തെളിഞ്ഞപ്പോൾ മുഖംമൂടി വ്യവസായം ഉണർന്നെണീറ്റു. നിറത്തിലും രൂപത്തിലും വൈവിധ്യമുള്ള ഉൽപന്നങ്ങൾ ഉപഭോക്താക്കളെ തേടിയിറങ്ങി. അയ്യപ്പപ്പണിക്കരുടെ കണിക്കൊന്നയെപ്പോലെ 'ഒരു നിറം മാത്രമേ തന്നതുള്ളൂ വിധി' എന്നു പരിതപിക്കാതെ, ശബളാഭമായി മനുഷ്യ മുഖങ്ങളെ അലങ്കരിക്കുകയാണ് കോവിഡ് കാലത്തെ മുഖാവരണം. വേതനം നഷ്ടപ്പെടുകയും കച്ചവടം നഷ്ടപ്പെടുകയും ചെയ്തവരുടെ ദുരിതം എണ്ണിയെണ്ണി പറയുമ്പോഴും മുഖ കവച വ്യവസായത്തിനുണ്ടായ കുതിച്ചുചാട്ടം മാനിക്കുക തന്നെ വേണം. ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന ലായനിയും അടിച്ചു തളിക്കാനും കഴുകാനും വേണ്ട സാധനങ്ങളും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗങ്ങളായിരിക്കുന്നു.  

ജാത്യാലുള്ളത് തൂത്താൽ പോവില്ലല്ലോ. ഓരോ നല്ല കാര്യം ചെയ്യുമ്പോഴും അതിന്റെ ചീത്ത വശം തേടിക്കണ്ടെത്താൻ നമുക്കുള്ള വാസന അടിച്ചാൽ അമർന്നു പോവുന്നതല്ല.  കോവിഡ് എന്നാൽ ഇത്രയൊക്കെയേ ഉള്ള േഎന്നു ബോധ്യം വന്നതോടെ ഭരണപക്ഷവും പ്രതിപക്ഷവും മാധ്യമ വൃന്ദവും പഴയ വിഴുപ്പലക്കുന്ന പണിയിലേക്കു പോയിരിക്കുന്നു. ആരോപണങ്ങളും പ്രത്യാരോപണങ്ങളും എണ്ണിപ്പറയുന്നില്ല. കേകി ദാരുവാല  എന്ന ഇംഗ്ലീഷ് കവിയുടെ പ്രശസ്തമായ ഒരു വാങ്മയമുണ്ട് ഉദ്ധരിച്ചാൽ മതിയാവാത്തതായിട്ട്. പ്ലേഗ് പൊട്ടിപ്പുറപ്പെട്ടാൽ അതിനെതിരെ പ്രവർത്തിക്കുന്ന വാക്‌സീൻ ഉണ്ടാക്കാൻ പരീക്ഷണ വസ്തുവായി ഏറെ എലികളെ വേണ്ടിവരും. അപ്പോൾ നമ്മുടെ നാട്ടിൽ ചത്ത എലിയും കരിഞ്ചന്തയിൽ വിൽക്കുന്ന വസ്തുവായി മാറും.  
കോവിഡിന്റെ ഭയാനകമായ മുഖം വാടുന്നതും വിടരുന്നതും കഴിഞ്ഞ ദിവസം ഒരു പത്രത്തിലെ റിപ്പോർട്ടിൽ കാണുകയുണ്ടായി.  കോവിഡിനെ പേടിച്ച് മരണം  മാറിക്കൊടുക്കുന്നുപോലും. തിരുവനന്തപുരം നഗരത്തിൽ അടിക്കടി കൂടിയിരുന്ന മരണ നിരക്ക് കോവിഡിന്റെ കാലത്ത് (2020) കുറഞ്ഞിരിക്കുന്നു.  2019  നഗരത്തിലെ മരണം 17,408 ആയിരുനെങ്കിൽ 2020 ൽ അത് 14,628 ആയി.  മരണ സംഖ്യയും ഏതാണ്ടിതു പോലൊക്കെയായിരിക്കും.

ലോകത്തെ വിറപ്പിക്കുന്ന കോവിഡിന്റെ കാലത്ത് ഇതെങ്ങനെ സംഭവിച്ചു? അറിവുള്ളവർ രണ്ടു കാരണം പറയുന്നു.  ഒന്ന്, ആളുകൾ റോഡിലിറങ്ങുന്നത് കുറച്ചതുകൊണ്ട്, അപകടങ്ങളും മരണങ്ങളൂം കുറഞ്ഞു. രണ്ട്, വൃത്തിയും വെടിപ്പും കൂടിയതുകൊണ്ട് അണുബാധയും അതു വഴിയുള്ള മരണവും കുറഞ്ഞു.  ഈ നിഗമനത്തിൽ വരാനിരിക്കുന്ന ആരോഗ്യ നയത്തിന്റെ അടിസ്ഥാനം കാണുമാറാകണം.   
    

Latest News