Sorry, you need to enable JavaScript to visit this website.
Sunday , February   28, 2021
Sunday , February   28, 2021

ദേശീയ ബാലികാ ദിനത്തിന്റെ പ്രസക്തി


ജിദ്ദയിൽ വെച്ച് മൂന്നാമത്തെ കുഞ്ഞിന് ജന്മം നൽകിയപ്പോൾ ഇതും പെണ്ണാണോ എന്ന് ചോദിച്ചവരുണ്ട്. ചിലരൊക്കെ സഹതാപത്താലും സ്‌നേഹത്താലും പറഞ്ഞു. 'ഭാഗ്യമാണ്, മൂന്നു പെൺകുഞ്ഞുങ്ങളെ പ്രസവിച്ചാൽ മാതാവിന്റെ സ്ഥാനം  സ്വർഗത്തിലായിരിക്കും'. ഹോസ്പിറ്റലിലെ അടുത്ത മുറിയിലെ സൗദി ഫാമിലി  കാണാൻ വന്നപ്പോൾ എന്റെ മുഖത്തെ സന്തോഷം കണ്ട് പറഞ്ഞു, 'മാശാ അല്ലാഹ്, ഹൈർ, ബർക്കത്ത്, മബ്‌റൂക്ക്'. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പെൺകുഞ്ഞാണെന്ന് എനിക്കാദ്യമേ അറിയാമായിരുന്നു.
അതുകൊണ്ട് തന്നെ സർവ ശക്തന്റെ ദാനം എന്നർത്ഥം വരുന്ന പേരിട്ട് വിളിക്കാൻ ആദ്യമേ മനസ്സിൽ കുറിച്ചിട്ടിരുന്നു. 
പെൺമക്കളെ  ബാധ്യതയായി കാണുന്ന ഒരു സമൂഹം ഇന്നുമുണ്ട്. 
ആണായാലും പെണ്ണായാലും ഭാഗ്യമായി കണ്ട്  അവർക്ക് അർഹിക്കുന്ന വിദ്യാഭ്യാസം നൽകുക. വീടിന് ഭാരമാണെന്ന് പറയാതെ വീടിന്റെ  ഭാഗമാക്കി വളർത്തുന്നതിലും അതിലൂടെ സമൂഹത്തിലെ നല്ല വ്യക്തത്വത്തിനുടമകളായിത്തീരാനുമുള്ള  സാഹചര്യമുണ്ടാക്കുക.


ദേശീയ ബാലികാ ദിനമായിരുന്നു ഇന്നലെ. ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനന്ത്രിയായി ഇന്ദിരാഗാന്ധി ചുമതലയേറ്റ ദിനം. 1966 ജനുവരി  24 നാണ് ഉരുക്കു വനിത ചുമതലയേറ്റത്. ഈ ദിനം 2008 മുതലാണ് ഇന്ത്യ ദേശീയ ബാലികാ ദിനമായി ആചരിച്ചു തുടങ്ങിയത്. എന്നാൽ 2012 ഒക്ടോബർ 11 നാണ് ഐക്യരാഷ്ട്ര സഭ അന്താരാഷ്ട്ര ബാലികാ ദിനം ആചരിച്ചു തുടങ്ങിയത്. 2011 ഡിസംബർ 19 ന് ന്യൂയോർക്കിലെ യു.എൻ ആസ്ഥാനത്ത് ചേർന്ന സമ്മേളനത്തിലാണ് പെൺകുട്ടികൾക്കായുള്ള അന്താരാഷ്ട്ര ദിനാചരണത്തിന്റെ പ്രമേയം അംഗീകരിച്ചത്. ശൈശവ വിവാഹത്തിനെതിരെയുള്ള ആഹ്വാനത്തോടെ 2012 ഒക്ടോബർ 11 ന് ആദ്യത്തെ ബാലികാ ദിനം ആചരിച്ചു. പെൺകുട്ടികൾക്ക് അവരുടെ അവകാശങ്ങൾ ലഭ്യമാവുന്നതിനും ലിംഗ വിവേചനത്തിനെതിരെ പോരാടുന്നതിനുമായി ഒരു ദിനം ആവശ്യമാണെന്ന നിർദേശം മുന്നാട്ടു വെച്ചത് പ്ലാൻ ഇന്റർനാഷണൽ എന്ന സർക്കാർ ഇതര സംഘടനയാണ്.
സമൂഹത്തിൽ പെൺകുട്ടികൾ നേരിടുന്ന വിവേചനം, ആൺ പെൺ എന്ന വേർതിരിവ് ഇന്നും നിലനിൽക്കുന്നു. ശാരീരിക പീഡനങ്ങളും ബാലവേലയും െൈശശവ വിവാഹവും മറ്റും കൊണ്ട് ബാല്യം ആസ്വദിക്കാൻ കഴിയാതെ ദുരിതപൂർണമാവുമ്പോൾ അതിന് കാരണക്കാരായവരെയാണ് ബോധവാൻമാരാക്കേണ്ടത്. ലിംഗ സമത്വവും സുരക്ഷിതവും ആരോഗ്യപരവുമായ ചുറ്റുപാടും ഓരോ ബാലികക്കും ഉണ്ടാവണം.


അതിനുള്ള ചുവടുവെയ്പ് വീടുകളിൽ നിന്നും തന്നെ തുടങ്ങണം. കൃത്യമായ വേർതിരിവ് വീട്ടിൽ തന്നെ നടക്കുന്നുണ്ട്. ആൺകുട്ടിയും പെൺകുട്ടിയും ഉള്ള ഒരു വീട്ടിൽ കുട്ടികൾ കളിപ്പാട്ടത്തിനായി വാശി പിടിച്ച്  അവൻ കരയുന്നത് സഹിക്കാതെ മാതാപിതാക്കൾ  നീ പെണ്ണിനെപ്പോലെ കരയരുത്, പിടിച്ചു വാങ്ങിക്കൂടേ എന്ന് ആൺകുട്ടിയോട്.
അതവന് കൊടുത്തേക്ക്, അവൻ ആൺകുട്ടിയല്ലേ എന്ന് പെൺകുട്ടിയോട്. പെണ്ണ് കരയാനുള്ളതാണെന്നും നേടുന്നതിനുള്ള അവകാശം ആണിനാണെന്നും കുഞ്ഞു മനസ്സുകളിൽ അടിവരയിട്ടുറപ്പിക്കുന്നവർ തന്നെയാണ് കാരണക്കാർ. പെണ്ണെന്നാൽ ത്യാഗത്തിന്റെയും സഹനത്തിന്റെയും വിട്ടു കൊടുക്കലിന്റെയും അടിത്തറ പാകുകയാണ്. വളർച്ചയുടെ ഓരോ ഘട്ടത്തിലും ഈ വേർതിരിവ് കൂടിവരുന്നു.


സമൂഹത്തിലെ എല്ലാ മക്കൾക്കും ഭാവിയുടെ വാഗ്ദാനമാവാനും രാഷ്ട്രത്തിന്റെ സമ്പത്താവാനും കഴിയുന്നില്ല. കാരണം മതിയായ ഭക്ഷണവും അടിസ്ഥാന വിദ്യാഭ്യാസവും സൗകര്യങ്ങളും ലഭിക്കാതെ പണിശാലയിലേക്കും വീട്ടുജോലിക്കും തള്ളപ്പെടുന്നതുകൊണ്ടു തന്നെ. കൂടുതൽ മക്കളുള്ള വീടുകളിൽ ദാരിദ്ര്യം, കുടുംബാംഗങ്ങളുടെ രോഗാവസ്ഥ, പ്രകൃതി ദുരന്തങ്ങളിൽ സർവവും നഷ്ടപ്പെട്ട അവസ്ഥ, പാതിവഴിയിൽ നിർത്തേണ്ടിവരുന്ന വിദ്യാഭ്യാസം, വീട്ടിലുള്ളവരുടെ അറിഞ്ഞോ അറിയാതെയോ ഉള്ള അശ്രദ്ധ, ഇവയെല്ലാം ബാലവേലയിലെത്തിപ്പെടുന്നതിന്റെ കാരണങ്ങളാണ്. കുറഞ്ഞ കൂലിയിൽ കൂടുതൽ പണിയെടുപ്പിക്കാമെന്ന തൊഴിലുടമയുടെ മനോഭാവം കൂടിയാവുമ്പോൾ അവസ്ഥ ശോചനീയമാവുന്നു. ചിലയിടങ്ങളിൽ ഇവർ ലൈംഗിക ചൂഷണത്തിനിരയാവുന്നതും അതിദയനീയമാണ്. നിശ്ശബ്ദ പീഡനങ്ങൾ ദാരുണമാവുമ്പോഴാണ് പലതും ലോകം അറിയുന്നത്. ബാലവേല നിർത്തലാക്കുന്നതിന് നിയമങ്ങളുണ്ടെങ്കിലും ചിലതെല്ലാം കടലാസിലൊതുങ്ങുന്നു എന്നതും ശോചനീയമാണ്.


കുടുംബങ്ങളിലെ ദാരിദ്ര്യം അവസാനിച്ചാലേ ബാലവേലക്ക് അറുതി വരൂ. കുട്ടികൾക്ക് നല്ല വിദ്യാഭ്യാസം ആൺ പെൺ  വേർതിരിവില്ലാതെ ലഭ്യമാവുന്ന സാഹചര്യമുണ്ടാവണം. സർവോപരി എല്ലാ കുട്ടികളോടും ഒരുപോലെ മനുഷ്യത്വത്തോടെ, ദയയോടെ ഇടപെടാനുള്ള സമൂഹമുണ്ടാവണം.
ശൈശവ വിവാഹത്തിലൂടെ പെൺകുട്ടികളുടെ അഭിപ്രായ സ്വാതന്ത്ര്യവും വിവിധ അവകാശങ്ങളും നഷ്‌പ്പെടുകയാണ്.
2006 ലാണ് ശൈശവ വിവാഹ നിരോധന നിയമം നിലവിൽ വന്നത് .


ശൈശവ വിവാഹം നടന്ന കുട്ടിക്ക്  18 വയസ്സ് തികഞ്ഞ ശേഷവും രണ്ട് വർഷം വരെ രക്ഷിതാവിന് കുടുംബ കോടതിയിലോ ജില്ലാ ശിശു സംരക്ഷണ ഓഫീസർക്കോ പരാതി നൽകാവുന്നതാണ്. കുറ്റം തെളിഞ്ഞാൽ  ഇത്തരം കേസുകളിൽ ജാമ്യമില്ലെന്ന് മാത്രമല്ല, പിഴയോ കഠിന തടവോ ഇവ രണ്ടും കൂടിയുള്ള ശിക്ഷാ നടപടിയോ നേരിടേണ്ടിവരും.
2012 ൽ നിലവിൽ വന്ന പോക്‌സോ നിയമം 12 വയസ്സിന് താഴെയുള്ള കുട്ടികൾക്കെതിരെ നടക്കുന്ന ചൂഷണങ്ങൾക്ക് സെക്ഷൻ 5 പ്രകാരം വധശിക്ഷ വരെ വിധിക്കാനുള്ള അധികാരം കോടതികൾക്കുണ്ട്. സെക്ഷൻ 7 പ്രകാരം കുട്ടികളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുന്നത് മൂന്ന് മുതൽ അഞ്ച് വർഷം വരെ കഠിന തടവ് നൽകാവുന്ന കുറ്റമാണ്. പെൺകുട്ടികളെ ബോധവാൻമാരാക്കാൻ അടുത്ത കാലത്ത് നിവിൻ പോളി അവതരിപ്പിച്ച ഏറെ ശ്രദ്ധിക്കപ്പെട്ട വീഡിയോ എല്ലാ കുട്ടികളും കണ്ടിരിക്കേണ്ടതാണ്.
രണ്ട് വർഷം മുമ്പ് ഏഴു ദിവസം മയക്കിക്കിടത്തി പീഡിപ്പിച്ച് എട്ടാം ദിവസം ദാരുണമായ അന്ത്യം സംഭവിച്ച ആസിഫയുടെ ദീനരോദനം ഇന്നും കേൾക്കാം. പലതരത്തിൽ  പ്രതിഷേധ  പ്രകടനം നടത്തിയത് വാർത്താ മാധ്യങ്ങളിലും  നേരിട്ടും കണ്ടതാണ്. ഇനിയൊരിക്കലും ആസിഫമാർ ഉണ്ടാവാതിരിക്കട്ടെ.
പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന സാമൂഹ്യ പ്രശ്‌നങ്ങൾക്ക് ബോധവൽക്കരണം നൽകുന്നതിനും മാത്രമായി ഈ ദിനം മാറാതിരിക്കട്ടെ. എല്ലാ ദിനവും ബാലികമാർ സംരക്ഷിക്കപ്പെടേണ്ട ദിനങ്ങൾ തന്നെ.