Sorry, you need to enable JavaScript to visit this website.
Sunday , February   28, 2021
Sunday , February   28, 2021

റിപ്പബ്ലിക് ഇന്ത്യ നേരിടുന്ന വെല്ലുവിളി

ജീവിത യാഥാർത്ഥ്യത്തിന്റെ കൊടുംശൈത്യമാണ് നമ്മെ സത്യത്തോട് അടുപ്പിക്കുന്നതെങ്കിലും അതിന്റെ സാക്ഷാത്കാരം എല്ലായ്‌പ്പോഴും അസാധ്യമായി തുടരുന്നു. എല്ലാ വർഷവും ജനുവരി 26 ന് നാം ആഘോഷിക്കുന്ന ഭരണഘടനയുടെ ശിൽപികൾ അവർ വിശ്വസിച്ചിരുന്നതും പോരാടിയതുമായ ആദർശങ്ങൾ അതിൽ ആവിഷ്‌കരിച്ചിട്ടുണ്ട്. ആ മൂല്യങ്ങളാവട്ടെ, നിരന്തരം അനഭിലഷണീയ ഭേദഗതികൾക്ക് വിധേയമാവുകയും അവ പുതിയ മാനദണ്ഡങ്ങളുടെ രൂപം കൈവരിക്കുകയും ചെയ്തു. ഭരണഘടനയുടെ ആമുഖം അടിവരയിടുന്ന ജനാധിപത്യ മൂല്യങ്ങൾ വെല്ലുവിളിക്കപ്പെടുന്നു. 
എല്ലാ പൗരന്മാർക്കും തുല്യത വിഭാവനം ചെയ്യുന്ന സോഷ്യലിസവും മതനിരപേക്ഷ മൂല്യങ്ങളും വെല്ലുവിളിക്കപ്പെടുകയും മുറിവേറ്റ് രക്തപങ്കില വിഭജന രേഖകളായി പരിണമിക്കുകയും ചെയ്തിരിക്കുന്നു. ഭരണഘടനയുടെ നെടുംതൂണുകൾ തകരുകയും സാമൂഹ്യ ജീവിതത്തിൽ വിള്ളലുകൾ വ്യാപകമാകുകയും ചെയ്യുന്നു. ഇപ്പോൾ ഉയർന്നുവരുന്ന സത്യം കണ്ണീരിൽ കുതിർന്നതും ശ്മശാന സമാനവുമാണ്. അത് പരിധികളില്ലാത്ത അപഭ്രംശത്തെയാണ് അടയാളപ്പെടുത്തുന്നത്.

കൊടുംശൈത്യത്തെയും പേമാരിയെയും കണ്ണീർവാതകത്തെയും ലാത്തികളെയും കൂസാതെ ജനങ്ങൾ കൂട്ടത്തോടെ രാഷ്ട്ര തലസ്ഥാനത്തിന്റെ കവാടങ്ങളിൽ അണിനിരക്കുന്നു. ട്രാക്ടറുകളിലും കാൽനടയായും പിഞ്ചു കുഞ്ഞുങ്ങളേയുമേന്തി അമ്മമാരടക്കമായാണ് അവർ ഒഴുകിയെത്തുന്നത്. സമര ഭൂമിയിൽ അവർ മരിച്ചുവീഴുകയും ജീവത്യാഗം നടത്തുകയും ചെയ്യുന്നു. ദേശീയ ഗാനത്തെ അനുസ്മരിപ്പിച്ചുകൊണ്ട് അവർ പഞ്ചാബ്, ഗുജറാത്ത്, മഹാരാഷ്ട്ര, തമിഴ്നാട്, കർണാടക, ആന്ധ്ര, തെലങ്കാന, ഒഡിഷ, ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ തുടങ്ങി രാജ്യത്തിന്റെ നാനാകോണുകളിൽ നിന്നും സ്ത്രീ പുരുഷ ഭേദമെന്യേ ആബാലവൃദ്ധം തലസ്ഥാന അതിർത്തികളിലേക്ക് ഒഴുകിയെത്തുകയാണ്. ഗാന്ധി വധിക്കപ്പെട്ടു. ആ ദുരന്ത പാരമ്പര്യം ആവർത്തിക്കപ്പെടുകയാണോ? ഇനി എത്രയെത്ര ശവവാഹകർ വേണ്ടിവരും? അതാണോ നാം നടന്നടുക്കുന്ന സത്യം? അശുഭവാദികളാവാൻ ചരിത്രം നമ്മെ അനുവദിക്കുന്നില്ല. വൈരുധ്യാത്മകമാണ് ചരിത്രത്തിന്റെ സ്വഭാവം.
ഇരുണ്ട കാലം വെള്ളി വെളിച്ചത്തെ ഉൾക്കൊള്ളുന്നു. നാം ഇനിയും അവിടെ എത്തേണ്ടതുണ്ട്. പക്ഷേ, അതിനു മുമ്പ് മഹാത്മാഗാന്ധി എന്തിനു വധിക്കപ്പെട്ടു എന്ന് അറിയേണ്ടതുണ്ട്. നാം ഓരോരുത്തരും അദ്ദേഹത്തെ അളവറ്റു സ്‌നേഹിച്ചുവെന്നതാണോ അതിനു കാരണം? നിക്ഷിപ്ത താൽപര്യക്കാരും യോജിപ്പിന്റെ എതിരാളികളും ഒഴികെ എല്ലാവരും അദ്ദേഹത്തെ സ്‌നേഹിച്ചിരുന്നു. ജനത രണ്ടായി വിഭജിക്കപ്പെട്ട അന്തരീക്ഷത്തിലാണ് മഹാത്മാഗാന്ധി ഇന്ത്യൻ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. വലതുപക്ഷ പ്രതിലോമതയാണ് രാജ്യത്തെ ഹിന്ദു എന്നും മുസ്ലിമെന്നും ഭിന്നിപ്പിച്ചത്. ഭൂപ്രഭുക്കളും കർഷകരും തൊഴിലുടമകളും തൊഴിലാളികളും തമ്മിൽ നിലനിന്നിരുന്ന വിള്ളലിന് ഗാന്ധിജി എതിരായിരുന്നു. പ്രഭുക്കളും മുതലാളിമാരും കഠിനമായി പണിയെടുത്തിരുന്നവരെ നക്കാപ്പിച്ച നൽകി ചൂഷണം ചെയ്ത് ആർഭാട ജീവിതം നയിച്ചിരുന്നു. സമൂഹത്തിലെ ആഴമേറിയ ആ വിള്ളൽ നികത്താൻ മുതിർന്ന കുറ്റത്തിന് ഗാന്ധിജിക്ക് ജീവൻ തന്നെ വില നൽകേണ്ടിവന്നു. ഗാന്ധിജി സമാധാനം കാംക്ഷിച്ചു, അതിനുള്ള വഴി ഐക്യമായിരുന്നു. പക്ഷേ അനീതിയും ജനാധിപത്യ ധ്വംസനവും നിലനിർത്തിക്കൊണ്ട് സമാധാനം അസാധ്യമായിരുന്നു. പ്രശ്‌നത്തിന്റെ അടിവേരോളമെത്താനുള്ള ഗാന്ധിജിയുടെ മികവാണ് അവരുടെ രോഷം ക്ഷണിച്ചുവരുത്തിയത്.
അഹിംസാത്മക പ്രതിഷേധങ്ങൾ എന്തുകൊണ്ടാണ് അക്രമത്തിൽ കലാശിക്കുന്നതെന്ന ചോദ്യത്തിന് ഇരുട്ടിനെയും അസത്യത്തെയും നശിപ്പിക്കുന്ന 'ദിവ്യക്ഷോഭ'മാണ് അക്രമത്തിലേക്ക് വഴിതിരിയുന്നതെന്ന് ഗാന്ധിജി പറയുകയുണ്ടായി. അദ്ദേഹം അക്രമത്തെ എതിർത്തത് അതിന്റെ പരിണതഫലം ക്രൂരമായ അടിച്ചമർത്തലായി മാറുമെന്നതുകൊണ്ടായിരുന്നു. ഭരണാധികാരം എല്ലായ്‌പ്പോഴും അതിന്റെ താൽപര്യം സംരക്ഷിക്കുന്നത് സ്വന്തം ജനതയുടെയും അവരുടെ ജീവന്റെയും ചെലവിലാണ്. ഈ ഭരണകൂട ക്രൂരത സാമൂഹ്യ നിർമിതിയെ തകർക്കും. ഭരണാധികാരവും രാഷ്ട്രീയവും ജനോന്മുഖവുമായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് ഗാന്ധിജി നേതൃത്വം നൽകിയ ദേശീയ പ്രസ്ഥാനം കോളനി വിരുദ്ധവും ജനാധിപത്യ മൂല്യങ്ങളിലും മതനിരപേക്ഷതയിലും ഊന്നൽ നൽകുന്നതുമായത്. സ്വാതന്ത്ര്യം കിട്ടിയ ഉടനെ തന്നെ ഹിന്ദുത്വ ശക്തികൾ മഹാത്മാവിനെ ഉന്മൂലനം ചെയ്യുന്നതിൽ വിജയിച്ചു. വർഷങ്ങൾക്ക് ശേഷവും ആ ശക്തികൾ പുതിയ രൂപഭാവങ്ങളോടെ മഹാത്മാവിനെ വീണ്ടും വീണ്ടും വധിക്കാൻ തോക്കിൽ തിരകൾ നിറയ്ക്കുന്നു. ആധുനിക ഇന്ത്യയുടെ ആത്മാവിനു നേരെയുള്ള ഏറ്റവും വലിയ ഭീഷണിയാണത്. റിപ്പബ്ലിക് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും.