Sorry, you need to enable JavaScript to visit this website.

ദമ്പതികള്‍ രണ്ട് പെണ്‍മക്കളെ അടിച്ചു കൊന്നു; അവര്‍ ഉണരുമെന്ന് പോലീസിനോട്

ഹൈദരാബാദ്-  മരണശേഷം പുനരുജ്ജീവിപ്പിക്കാന്‍ കഴിയുമെന്ന്  വിശ്വസിച്ച മാതാപിതാക്കള്‍ കോളേജില്‍ പഠിക്കുന്ന രണ്ട് പെണ്‍മക്കളെ അടിച്ചു കൊന്നു. വ്യായാമത്തിന് ഉപയോഗിക്കുന്ന ഡംബ്‌ബെല്ലാണ് മര്‍ദിക്കാന്‍ ഉപയോഗിച്ചത്.

ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയില്‍ മദനപ്പള്ളിയിലാണ് സംഭവം. വി.പുരുഷോത്തം നായിഡു, ഭാര്യ വി.പത്മജ എന്നിവരെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ഞായറഴ്ച ഇവരുടെ വീട്ടില്‍വെച്ചാണ് ഭീകര സംഭവം.

പോലീസും അയല്‍വാസികളും എത്തിയപ്പോള്‍ രാത്രി അവസാനം വരെ ഞങ്ങള്‍ക്ക് സമയം തരൂ, ഞങ്ങള്‍ അവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരുമെന്നാണ് ദമ്പതികള്‍ പറഞ്ഞിരുന്നത്. മദനപ്പള്ളിയിലെ ഗവണ്‍മെന്റ് ഡിഗ്രി കോളേജില്‍ രസതന്ത്രം അസോസിയേറ്റ് പ്രൊഫസറാണ് പുരുഷോത്തം.  എം.എസ്‌സി മാത്തമാറ്റിക്‌സില്‍ സ്വര്‍ണ്ണമെഡല്‍ നേടിയതായി പറയുന്ന പദ്മജ ചിറ്റൂരിലെ മാസ്റ്റര്‍ മൈന്‍ഡ്‌സ് ഐഐടി ടാലന്റ് സ്‌കൂളില്‍ കറസ്‌പോണ്ടന്റാണ്.  

വാർത്തകൾ തൽസമയം വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക

അലക്യ (27), സായ് ദിവ്യ (22) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിനിയായിരുന്നു ദിവ്യ. ബിബിഎ ബിരുദധാരിയായ ദിവ്യ സംഗീത രംഗത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു.

സ്ഥലത്ത് നിരവധി ആഭിചാര വസ്തുക്കള്‍ പോലീസ് കണ്ടെത്തി. കൊല്ലപ്പെട്ട യുവതികള്‍ ചുവന്ന സാരിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു.  കോളനിയിലെ വീട്ടില്‍ നിന്ന് വലിയ നിലവിളി കേട്ടതിനെ തുടര്‍ന്നാണ് അയല്‍വാസികള്‍ പോലീസിനെ അറിയിച്ചത്.  


എങ്ങനെ സംഭവിച്ചു എന്നതിനെക്കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ അറിവായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.  സ്ഥലത്ത് എത്തിയപ്പോള്‍ ദമ്പതികള്‍ സാധാരണ നിലയിലല്ല പെരുമാറിയത്.  മരിച്ചവര്‍ ഉണരുമെന്നും ഒരു ദിവസത്തെ സമയം നല്‍കണമെന്നുമാണ് ആവശ്യപ്പെട്ടത്. അവര്‍ ഉന്മാദം ബാധിച്ച നിലയിലാണെന്നും  അന്വേഷിക്കാന്‍ സമയമെടുക്കുമെന്നും ജില്ലാ പോലീസ് സൂപ്രണ്ട്  രവി മനോഹര്‍ ചാരി പറഞ്ഞു.

ദമ്പതികളും പെണ്‍മക്കളും താമസസ്ഥലത്ത് ഒറ്റപ്പെട്ടു കഴിയുകയായിരുന്നു. പകര്‍ച്ചവ്യാധിയെ തുടര്‍ന്ന് വീട്ടുജോലിക്കാരെ വീടിനുള്ളില്‍ അനുവദിച്ചിരുന്നില്ലെന്നും പോലീസ് പറഞ്ഞു. വീട്ടുജോലിക്കാര്‍ പുറത്ത് നിന്ന് വൃത്തിയാക്കി മടങ്ങുകയായിരുന്നു പതിവ്- ഡിഎസ്പി പറഞ്ഞു.

മനുഷ്യ ബലിയാണെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ദമ്പതികളില്‍നിന്നുള്ള വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

 

Latest News