Sorry, you need to enable JavaScript to visit this website.

ശുചിത്വമില്ല; മക്കയിൽ കഫ്റ്റീരിയ അടപ്പിച്ചു

മക്ക - നഗരസഭക്കു കീഴിലെ അൽശറായിഅ് ബലദിയ പരിധിയിൽ പ്രവർത്തിക്കുന്ന പ്രശസ്തമായ കഫ്റ്റീരിയ മക്ക നഗരസഭ അടപ്പിച്ചു. നഗരസഭാധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തിയതാണ് കഫ്റ്റീരിയ അടപ്പിക്കാൻ കാരണം. കഫ്റ്റീരിയയിൽ വിൽക്കുന്നതിനുള്ള ഭക്ഷ്യവസ്തുക്കൾ തൊഴിലാളികളുടെ താമസസ്ഥലത്തു വെച്ച് ആരോഗ്യ വ്യവസ്ഥകളൊന്നും പാലിക്കാതെ തയാറാക്കുന്നതായി നഗരസഭാധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തി. നിലത്തു വെച്ചാണ് ഇറച്ചിയും ഭക്ഷ്യവസ്തുക്കളും തൊഴിലാളികൾ മുറിച്ചിരുന്നത്. 
ഭക്ഷ്യവസ്തുക്കൾ തയാറാക്കുന്നതിനിടെ തൊഴിലാളികൾക്ക് കയ്യുറകൾ ഉണ്ടായിരുന്നില്ല. ഇവർ പുകവലിക്കുന്നതായും പരിശോധനക്കിടെ കണ്ടെത്തി. ഉടൻ തന്നെ സ്ഥാപനം അടപ്പിക്കുകയായിരുന്നു. ഇവിടെ കണ്ടെത്തിയ ഭക്ഷ്യവസ്തുക്കൾ അധികൃതർ പിടിച്ചെടുത്ത് നശിപ്പിച്ചു. സ്ഥാപനത്തിനെതിരെ മറ്റു ശിക്ഷാ നടപടികളും സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. 
താമസ ആവശ്യത്തിനുള്ള കെട്ടിടത്തിൽ ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന ഗോഡൗണും അൽശറായിഅ് ബലദിയ അധികൃതർ കഴിഞ്ഞ ദിവസം അടപ്പിച്ചു. അനാരോഗ്യകരമായ സാഹചര്യത്തിലാണ് ഗോഡൗണിൽ ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരുന്നത്. ഇവിടെ കണ്ടെത്തിയ 1,040 കിലോ ഭക്ഷ്യവസ്തുക്കൾ നഗരസഭാധികൃതർ പിടിച്ചെടുത്തു. നിർധനർക്കിടയിൽ വിതരണം ചെയ്യുന്നതിന് ഇവ പിന്നീട് സന്നദ്ധ സംഘടനക്ക് കൈമാറി. മക്കയിലെ അൽശറായിഅ്, അസീസിയ ബലദിയകൾ കഴിഞ്ഞ ദിവസം 40 ലേറെ ഫുഡ് ട്രക്കുകളും അടപ്പിച്ചു. ലൈസൻസ് വ്യവസ്ഥകൾ പാലിക്കാത്തതിനാണ് ഫുഡ് ട്രക്കുകൾ അടപ്പിച്ചത്. അൽശറായിഅ് ബലദിയ പരിധിയിൽ നടത്തിയ പരിശോധനകളിൽ ലൈസൻസില്ലാത്തതിനും മുനിസിപ്പൽ, ഗ്രാമകാര്യ മന്ത്രാലയം പ്രഖ്യാപിച്ച വ്യവസ്ഥകൾ പാലിക്കാത്തതിനും 26 ഫുഡ് ട്രക്കുകളാണ് അടപ്പിച്ചതെന്ന് ബലദിയ മേധാവി എൻജിനീയർ മുഹമ്മദ് അൽഉസൈമി പറഞ്ഞു. നിയമ വിരുദ്ധമായി സ്ഥാപിച്ച 21 ടീ സ്റ്റാളുകളും അധികൃതർ നീക്കം ചെയ്തു. ഉപയോഗശൂന്യമായ 189 കിലോ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്ത് നശിപ്പിച്ചു. നിയമ ലംഘകർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിച്ചതായും എൻജിനീയർ മുഹമ്മദ് അൽഉസൈമി വ്യക്തമാക്കി.
പോലീസുമായി സഹകരിച്ച് അസീസിയ ബലദിയ 15 ഫുഡ് ട്രക്കുകളും കഴിഞ്ഞ ദിവസം അടപ്പിച്ചു. ലൈസൻസില്ലാത്തതിനും ആരോഗ്യ വ്യവസ്ഥകൾ പാലിക്കാത്തതിനുമാണ് ഫുഡ് ട്രക്കുകൾ അടപ്പിച്ചത്. ഇവയിൽ ഉപയോഗിച്ചിരുന്ന ജനറേറ്ററുകൾ നഗരസഭാധികൃതർ പിടിച്ചെടുക്കുകയും ചെയ്തു.
 

Tags

Latest News