Sorry, you need to enable JavaScript to visit this website.

ലോകത്തെ ആരോഗ്യ നഗരമെന്ന പദവി പ്രവാചക നഗരിക്ക്

മദീനയെ ആരോഗ്യ നഗരമായി അംഗീകരിക്കുന്ന ലോകാരോഗ്യ സംഘടനാ സർട്ടിഫിക്കറ്റ് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരന് കൈമാറുന്നു.

മദീന - ലോകത്തെ ആരോഗ്യ നഗരമെന്ന പദവി നൽകി പ്രവാചക നഗരിക്ക് ലോകാരോഗ്യ സംഘടനയുടെ ആദരം. സമഗ്ര കാഴ്ചപ്പാട് അനുസരിച്ച ഒരു ആരോഗ്യ നഗരമായി മാറാൻ ലോകാരോഗ്യ സംഘടന ആവശ്യപ്പെടുന്ന മുഴുവൻ അന്താരാഷ്ട്ര മാനദണ്ഡങ്ങളും പൂർത്തിയാക്കിയതിനെ തുടർന്നാണ് ആരോഗ്യ നഗരമായി മദീനയെ അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ് ലോകാരോഗ്യ സംഘടന അനുവദിച്ചത്. ഇരുപതു ലക്ഷത്തിലേറെ ജനസംഖ്യയുള്ള ലോകത്തെ വൻകിട നഗരങ്ങളിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ പട്ടണമാണ് മദീന. 
മദീനയെ ആരോഗ്യ നഗരമായി അംഗീകരിക്കുന്ന ലോകാരോഗ്യ സംഘടനാ സർട്ടിഫിക്കറ്റ് ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരന് കൈമാറി. മദീന ഗവർണറേറ്റിന്റെ മേൽനോട്ടത്തിൽ ആരോഗ്യ, വിദ്യാഭ്യാസ, സുരക്ഷാ, മുനിസിപ്പൽ മന്ത്രാലയങ്ങളും വകുപ്പുകളും സഹകരച്ച് മദീനയിലെ തൈബ യൂനിവേഴ്‌സിറ്റിയാണ് ഹെൽത്തി സിറ്റീസ് പ്രോഗ്രാം നടപ്പാക്കുന്നത്. 
വൈവിധ്യമാർന്ന പരിപാടികൾ മദീനയിലെ ഹെൽത്തി സിറ്റീസ് പദ്ധതിയെ വ്യതിരിക്തമാക്കുന്നു. അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി മുഴുവൻ വ്യവസ്ഥകളും സർക്കാർ നടപടിക്രമങ്ങളും രേഖപ്പെടുത്താനും അവ റെക്കോർഡ് ചെയ്യാനും തൈബ യൂനിവേഴ്‌സിറ്റിയുമായി തന്ത്രപരമായ പങ്കാളിത്തം സ്ഥാപിക്കാനായി എന്നതാണ് ഇതിൽ പ്രധാനം. 


ലോകാരോഗ്യ സംഘടനാ അംഗീകാരം നേടുന്നതിനുള്ള പദ്ധതികളുടെ ഭാഗമായി, പ്രത്യേക സന്നദ്ധ സംഘടനകൾ സ്ഥാപിച്ച് മദീനയിലെ ഹെൽത്തി സിറ്റീസ് പ്രോഗ്രാം സാമൂഹിക പങ്കാളിത്തം സജീവമാക്കാൻ നൂതന രീതി ആവിഷ്‌കരിക്കുകയും സർക്കാർ വകുപ്പുകളുമായി പങ്കാളിത്തം സ്ഥാപിച്ച് സന്നദ്ധ സംഘടനകൾക്ക് പിന്തുണ നൽകുകയും ചെയ്തു. ലോകാരോഗ്യ സംഘടനാ അംഗീകാരം നേടാൻ ആവശ്യമായ കമ്മിറ്റികൾക്ക് ബദലായിരുന്നു ഇത്. 
ബാങ്കുകളുമായി സഹകരിച്ച് ഓൺലൈൻ രീതിയിൽ സംഭാവനകൾ നൽകാൻ അവസരമൊരുക്കുന്ന പദ്ധതി ആരംഭിച്ചും സന്നദ്ധ സംഘടനകൾക്ക് പിന്തുണ നൽകി. സന്നദ്ധ സംഘടനകളുടെ വിഭവങ്ങൾ വർധിപ്പിക്കാൻ ഈ പദ്ധതി സഹായിച്ചു. വ്യവസ്ഥാപിതമായും ശാസ്ത്രീയമായും നൂതന രീതിയിലും തങ്ങളുടെ പങ്ക് വഹിക്കാൻ ഇത് സന്നദ്ധ സംഘടനകൾക്ക് സഹായകമായി. 
പ്രാദേശിക, ആഗോള തലത്തിലെ പരിശീലന കേന്ദ്രമായി മദീനയെ മാറ്റാനുള്ള ലോകാരോഗ്യ സംഘടനാ ശുപാർശ മദീന ഹെൽത്തി സിറ്റീസ് പ്രോഗ്രാമിന്റെ ഏറ്റവും വലിയ നേട്ടമാണെന്ന് പ്രോഗ്രാം കോ-ഓർഡിനേറ്റർ അഹ്മദ് ഹമാദ് പറഞ്ഞു. ആരോഗ്യ നഗരമായി മദീനയെ ലോകാരോഗ്യ സംഘടന അംഗീകരിച്ചത് എല്ലാവർക്കും അഭിമാനകരമാണ്. വിഷൻ 2030 പദ്ധതിയുടെ നേട്ടങ്ങളിൽ ഒന്നാണിതെന്നും അഹ്മദ് ഹമാദ് പറഞ്ഞു.

Tags

Latest News