കാസർകോട്- ഇരിയ തട്ടുമ്മൽ പൊടുവടുക്കത്ത് വീട്ടമ്മയെ കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മഹാരാഷ്ട്ര സ്വദേശിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
പൊടുവടുക്കം ധർമശാസ്ത ക്ഷേത്ര പരിസരത്തെ അമ്പൂട്ടി നായരുടെ ഭാര്യ കൂലിത്തൊഴിലാളിയായ ലീല (56) യെയാണ് വീട്ടിനകത്തെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്തടുക്ക മലാംകുണ്ടിലെ പരേതരായ കലിക്കോടൻ നാരായണൻ നായർ-ചിറക്കര കാർത്യായനി അമ്മ ദമ്പതികളുടെ മകളാണ് ലീല. മരണം കൊലപാതകമാണെന്ന സൂചനയെ തുടർന്ന് വിദഗ്ധ പോസ്റ്റുമോർട്ടത്തിനായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് ആറ് അന്യസംസ്ഥാന തൊഴിലാളികളെ പോലീസ് ചോദ്യം ചെയ്യുകയാണ്. കസ്റ്റഡിയിലുള്ളവർ ലീലയുടെ വീട് നിർമാണത്തിനായി എത്തിയവരാണെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച ഉച്ച കഴിഞ്ഞ് സ്കൂളിൽ പഠിക്കുന്ന മകൻ പ്രസാദ് വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് അമ്മയെ കുളിമുറിയിൽ വീണു കിടക്കുന്നതായി കണ്ടത്. ഉടൻ തന്നെ അയൽവാസികളെ വിളിച്ചു വരുത്തി മാവുങ്കാൽ സഞ്ജീവനി ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണപ്പെട്ടിരുന്നു. മരണ കാരണം ഹൃദയാഘാതം എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. ഇതിനിടയിലാണ് ലീലയുടെ കഴുത്തിലുണ്ടായിരുന്ന സ്വർണമാല നഷ്ടപ്പെട്ട വിവരം അറിഞ്ഞത്.
ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടർ മൃതദേഹത്തിന്റെ ദേഹപരിശോധന നടത്തിയപ്പോൾ കഴുത്തിൽ പരിക്കേറ്റ പാടുകളും കണ്ടെത്തിയതോടെ സംശയം ഇരട്ടിച്ചു. തുടർന്ന് നാട്ടുകാർ ലീലയുടെ വീട്ടിലെത്തിയപ്പോൾ വീടിന്റെ പരിസരത്തു നിന്നും നവീകരണ ജോലിക്കായി എത്തിയ അന്യസംസ്ഥാന തൊഴിലാളികളെ കണ്ടെത്തുകയും ഇവരെ പിടികൂടി ബേക്കൽ പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു.
നാട്ടുകാരെ കണ്ടപ്പോൾ ഇവരിലൊരാൾ മാല കുറ്റിക്കാട്ടിലേക്ക് വലിച്ചെറിഞ്ഞു. അതേസമയം ഇപ്പോൾ പിടിയിലായ ലീലയുടെ വീട് നവീകരണ പ്രവൃത്തികൾക്കായി എത്തിയ അന്യദേശ തൊഴിലാളികളിൽ ഒരാൾ പണിക്കിടയിൽ ലീലയോട് മോശമായി പെരുമാറിയതായും വിവരമുണ്ട്. ഇതേ തുടർന്ന് ലീലയുടെ നിർദ്ദേശത്തെ തുടർന്ന് നേരത്തേ ഇയാളെ ജോലിയിൽ നിന്നും ഒഴിവാക്കിയിരുന്നു.
ഇയാളുടെ കൈവശമായിരുന്നു ലീലയുടെ കഴുത്തിലുണ്ടായിരുന്ന മാലയും കാണപ്പെട്ടത്. മരണം നടന്ന വീടും പരിസരവും കാസർകോട്ട് നിന്നെത്തിയ ഡോഗ് സ്ക്വാഡ് പരിശോധിച്ചു. മൃതദേഹം കാണപ്പെട്ട കുളിമുറിയിൽ മണം പിടിച്ച പോലീസ് നായ ബ്രൂണി സ്ത്രീയുടെ മാല കണ്ടെടുത്ത 30 മീറ്റർ അകലെ കുറ്റിക്കാട് വരെ ഓടി. വീണ്ടും തിരിച്ച് വീട്ടിലേക്ക് തന്നെ വന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്പി കെ.ദാമോദരന്റെ മേൽനോട്ടത്തിൽ പോലീസ് അന്വേഷണം നടക്കുന്നു.






