Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

വാളയാർ കുട്ടികളുടെ ദുരൂഹ മരണം: തുടരന്വേഷണത്തിന് പോക്‌സോ കോടതി അനുമതി 

പാലക്കാട്- വാളയാറിൽ പീഡനത്തിനിരയായ സഹോദരിമാർ ദുരൂഹ സാഹചര്യത്തിൽ മരണമടഞ്ഞതുമായി ബന്ധപ്പെട്ട കേസിൽ തുടരന്വേഷണത്തിന് പോക്‌സോ കോടതി അനുമതി നൽകി. കൂടുതൽ തെളിവുകൾ ശേഖരിക്കാനുണ്ട് എന്നും തുടരന്വേഷണത്തിന് സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട് എന്നും പ്രോസിക്യൂഷൻ അറിയിച്ചതിനെ തുടർന്നാണ് കോടതിയുടെ നടപടി. 
േകസിൽ പ്രതികളെ വെറുതെ വിട്ട വിചാരണക്കോടതി വിധി റദ്ദാക്കിയ ഹൈക്കോടതി നേരത്തേ കേസിൽ പുനർവിചാരണക്ക് ഉത്തരവിട്ടിരുന്നു. 


പുനരന്വേഷണം ആവശ്യമാണെങ്കിൽ വിചാരണക്കോടതിയെ തന്നെ വീണ്ടും സമീപിക്കാനായിരുന്നു ഹൈക്കോടതിയുടെ നിർദേശം. അതിനു ശേഷമാണ് സംസ്ഥാന സർക്കാർ എസ്.പി ആർ.നിശാന്തിനിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്. ആ സംഘമാണ് തുടരന്വേഷണത്തിന് അനുമതി തേടി പാലക്കാട് പോക്‌സോ കോടതിയെ സമീപിച്ചത്.
മുമ്പ് രജിസ്റ്റർ ചെയ്ത കേസുകളിലായിരിക്കും തുടരന്വേഷണം നടക്കുക. കൊലപാതക സാധ്യതയും ഇതിന്റെ പരിധിയിൽ വരും. 13 ഉം ഒമ്പതും വയസ്സുണ്ടായിരുന്ന സഹോദരിമാർ തൂങ്ങിമരിച്ചതാണ് എന്നാണ് നിലവിലുള്ള കുറ്റപത്രത്തിൽ പറയുന്നത്. അതിനെതിരേ കുട്ടികളുടെ മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു. കോടതിയുടെ അനുമതി ലഭിച്ചതോടെ അന്വേഷണ സംഘത്തിന് അക്കാര്യം പരിശോധിക്കാൻ സാധിക്കും. തെളിവുകൾ ശേഖരിക്കുന്നതിൽ ആദ്യം കേസന്വേഷിച്ച പോലീസ് സംഘം വലിയ അലംഭാവമാണ് കാണിച്ചത് എന്ന് വ്യക്തമായിട്ടുണ്ട്. കോടതിയും ഇക്കാര്യത്തിൽ പോലീസിനെ രൂക്ഷമായി വിമർശിച്ചിരുന്നു. കൂടുതൽ ശാസ്ത്രീയമായ തെളിവുകൾ ശേഖരിക്കുവാൻ പുതിയ അന്വേഷണ സംഘത്തിന് അവസരം ലഭിക്കുകയാണ്.

ആവശ്യമെങ്കിൽ പുതിയ സാക്ഷികളെ കോടതിയിൽ ഹാജരാക്കുകയും ചെയ്യാം. കുട്ടികളുടെ അമ്മ നൽകിയ നിർണായകമായ മൊഴി വിചാരണാ വേളയിൽ രേഖപ്പെടുത്തിയിരുന്നില്ല എന്ന ഗുരുതരമായ ആരോപണവും ഉയർന്നിരുന്നു. അമ്മയുടേയും രണ്ടാനച്ഛന്റേയും മൊഴികളിൽ വൈരുധ്യമുണ്ടെന്നും വിശ്വാസയോഗ്യമല്ലെന്നും ഉള്ള കണ്ടെത്തലിലേക്ക് കോടതിയെ നയിച്ചത് ഇതാണെന്നായിരുന്നു വിമർശനം.


തുടരന്വേഷണത്തിന് അനുമതി നൽകിക്കൊണ്ടുള്ള കോടതി വിധിയെ കുട്ടികളുടെ മാതാപിതാക്കളും അവർക്ക് പിന്തുണ നൽകുന്ന വാളയാർ സമരസമിതിയും സ്വാഗതം ചെയ്തു. തന്റെ ആവശ്യം ഭാഗികമായേ അംഗീകരിക്കപ്പെട്ടിട്ടുള്ളൂവെന്ന് അമ്മ പറഞ്ഞു. രാഷ്ട്രീയ സമ്മർദം മൂലം കേസ് അട്ടിമറിച്ച ലോക്കൽ പോലീസിൽ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ ഇല്ലെന്നും കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്നുമുള്ള മുൻ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് എന്നും അവർ വ്യക്തമാക്കി. ഏത് ഏജൻസിയാണ് അന്വേഷണം നടത്തേണ്ടത് എന്നത് വിചാരണക്കോടതിക്ക് തീരുമാനിക്കാമെന്ന് ഹൈക്കോടതി വിധിയിൽ പറഞ്ഞിരുന്നു. എന്നാൽ കേസ് സി.ബി.ഐയെക്കൊണ്ട് അന്വേഷിപ്പിക്കണം എന്ന ആവശ്യം സംസ്ഥാന സർക്കാർ നിലവിൽ കോടതിയിലുയർത്തിയിട്ടില്ല. തുടരന്വേഷണത്തിനുള്ള ഒരുക്കത്തിലാണ് പ്രത്യേക അന്വേഷണ സംഘം. ആകെ നിലവിലുള്ള മൂന്ന് പ്രതികളിൽ രണ്ടു പേരെ റിമാന്റിലാക്കിയിട്ടുണ്ട്. മൂന്നാമനായ എം.മധുവിന് നേരത്തേ ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണം എന്നാവശ്യപ്പെട്ട് അതേ കോടതിയെ സമീപിക്കാനാണ് തീരുമാനം. 
 

Latest News