കൊണ്ടോട്ടി- അബുദാബി, ഷാർജ എന്നിവിടങ്ങളിൽ നിന്ന് കരിപ്പൂരിലെത്തിയ രണ്ട് യാത്രക്കാരിൽ നിന്ന് 6.294 കിലോഗ്രാം സ്വർണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ് പിടികൂടി. കോഴിക്കോട് കൂടരഞ്ഞി കൂമ്പാറ കറുത്തേടത്ത് വീട്ടിൽ ശിഹാബുദ്ദീൻ (35), നരിക്കുനി മുട്ടാഞ്ചേരി ഇടക്കണ്ടിയിൽ വീട്ടിൽ സജീർ(29) എന്നിവരിൽ നിന്നാണ് സ്വർണം കണ്ടെടുത്തത്. പിടികൂടിയ സ്വർണത്തിന് 1.91 കോടിയുടെ രൂപ ലഭിക്കും.
വ്യാഴാഴ്ച പുലർച്ചെ 3.30ന് ഷാർജയിൽ നിന്നുളള എയർ അറേബ്യ വിമാനത്തിലാണ് ശിഹാബുദ്ധീൻ കരിപ്പൂരിലെത്തിയത്. ഇലക്ട്രിക്ക് ഫാനിനകത്തായിട്ടായിരുന്നു 3.147 കിലോ സ്വർണം ഉണ്ടായിരുന്നത്. 116 ഗ്രാം വീതമുളള 27 സ്വർണ ബിസ്‌കറ്റുകളാണ് ഇയാളിൽ നിന്ന് മാത്രം കണ്ടെടുത്തത്. ഇവക്ക് 95.82 ലക്ഷം രൂപ വില ലഭിക്കും.
ഇന്നലെ രാവിലെ അബുദാബിയിൽ നിന്നുളള ഇത്തിഹാദ് എയർ വിമാനത്തിലാണ് സജീർ കരിപ്പൂരിലെത്തിയത്. സ്പീക്കറിന്റെ ബാറ്ററിക്കടിയിലായിട്ടായിരുന്നു സ്വർണം ഒളിപ്പിച്ചത്. 116 ഗ്രാം വീതമുളള 27 സ്വർണ ബിസ്‌കറ്റുകളാണ് ഇയാളിൽ നിന്നും കണ്ടെടുത്തത്. 95.84 ലക്ഷം രൂപ വിലയുളള 3.15 കിലോഗ്രം സ്വർണമാണ് സജീറിൽ നിന്ന് പിടികൂടിയത്.
രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് കോഴിക്കോട് നിന്നെത്തിയ ഡി.ആർ.ഐ സംഘം ഇരുവരേയും തടഞ്ഞ് ബാഗേജുകൾ പരിശോധിച്ചപ്പോഴാണ് കളളക്കടത്ത് കണ്ടെത്തിയത്. ഇരുവരും സ്വർണക്കടത്ത് കരിയർമാരാണ്. ഒരേ സ്വർക്കടത്ത് സംഘത്തിന് വേണ്ടിയാണ് ഇരുവരു സ്വർണവുമായി എത്തിയതെന്ന് കരുതുന്നു. ഇരുവരേയും ചോദ്യം ചെയ്തു വരികയാണ്.






