Sorry, you need to enable JavaScript to visit this website.

നഗരഗതാഗത രംഗത്ത് മുൻനിരയിലേക്കുയരാൻ കൊച്ചി

കൊച്ചി- സംയോജിത നഗരഗതാഗത രംഗത്ത് രാജ്യത്തെ മുൻനിര സംവിധാനമാകുവാൻ കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിട്ടി (കെഎംടിഎ) ഒരുങ്ങുന്നു. മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയിൽ ചേർന്ന കെഎംടിഎ യുടെ പ്രഥമ യോഗത്തിൽ കൊച്ചി മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് അതോറിട്ടിയുടെ അധികാരപരിധി വിപുലീകരിക്കാനും ഗോശ്രീ ബസ്സുകളുടെ നഗരപ്രവേശനം സാധ്യമാക്കുന്നതടക്കമുള്ള  തീരുമാനങ്ങൾ കൈക്കൊണ്ടു. വിവരസാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിൽ കൊച്ചിയിലെ എല്ലാ വിഭാഗം ഗതാഗത സംവിധാനങ്ങളെയും കോർത്തിണക്കുന്ന കൊച്ചി ഓപ്പൺ മൊബിലിറ്റി നെറ്റ് വർക്ക് നടപ്പാക്കും.

കെഎംടിഎ യുടെ പ്രവർത്തന പരിധിയിൽ ജിസിഡിഎ, ജിഐഡിഎ പ്രദേശങ്ങളും ഉൾപ്പെടുത്തി വിപുലീകരിക്കും. ഗതാഗതവുമായി ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തി പബ്ലിക് ട്രാൻസ്പോർട്ട് ഓപ്പറേറ്റേഴ്സ് കമ്മിറ്റി, അർബൻ ഫ്രൈറ്റ് കമ്മിറ്റി, സിറ്റി ട്രാൻസ്പോർട്ട് അഡൈ്വസറി കമ്മിറ്റി, ട്രാഫിക് ഇന്റഗ്രേഷൻ കമ്മിറ്റി, ഇന്റഗ്രേറ്റഡ് ലാൻഡ് യൂസ് ആന്റ് ടൗൺ പ്ലാനിങ് കമ്മിറ്റി എന്നിവ രൂപീകരിക്കും. പുതുക്കിയ സമഗ്ര ഗതാഗതപദ്ധതി തയ്യാറാക്കുക, നഗരഗതാഗത ബോധവത്ക്കരണ പ്രവർത്തനങ്ങൾ, ദിശാ ബോർഡുകൾ സ്ഥാപിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾും യോഗം രൂപം നൽകി. ഗതാഗത രംഗത്ത് പ്രവർത്തിക്കുന്ന വിവിധ സന്നദ്ധ ഏജൻസികളുമായി ഗതാഗത പരിഷ്‌ക്കരണത്തിനുള്ള ബാധ്യതാരഹിത കരാറുകളിൽ ഏർപ്പെടും. നിലവിൽ നഗരത്തിൽ നടപ്പിലാക്കുന്ന പദ്ധതികളായ നോർത്ത് - സൗത്ത് റെയിൽ സ്റ്റേഷനുകളെ നടപ്പാത വഴി ബന്ധിപ്പിക്കൽ, കൊച്ചി അനുസ്യൂതയാത്രാ പദ്ധതി, യന്ത്രേതരഗതാഗത പദ്ധതി എന്നിവയിൽ കെഎംടിഎ നേതൃത്വപരമായ പ്രാതിനിധ്യം വഹിക്കും.


കൊച്ചി നഗരത്തിലെ വിവിധ ഗതാഗത പദ്ധതികൾക്ക് ഗതാഗതവകുപ്പിലൂടെ നൽകിയിരുന്ന സഹായം കെഎംടിഎയിലൂടെ നൽകും. അതോറിറ്റിയുടെ പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് ബോധ്യമാവുന്ന തരത്തിൽ കാര്യക്ഷമമായും സമയബന്ധിതമായും നടപ്പിലാക്കണമെന്ന് കെഎംടിഎ അധ്യക്ഷൻ കൂടിയായ മന്ത്രി എ കെ ശശീന്ദ്രൻ അഭിപ്രായപ്പെട്ടു. നഗരത്തിന്റെ ഗതാഗത വികസന പദ്ധതികൾക്കെല്ലാം കെഎംടിഎ മുൻകൈ എടുക്കണമെന്നും എല്ലാ സമിതികളിലും കൊച്ചി കോർപ്പറേഷന്റെ പ്രാതിനിധ്യം ഉണ്ടാകണമെന്നും മേയർ എം അനിൽ കുമാർ അഭിപ്രായപ്പെട്ടു.  ഓൺലൈനായി നടന്ന യോഗത്തിൽ വിദഗ്ദ്ധ അംഗങ്ങളായ ഒ പി അഗർവാൾ, രവി രാമൻ, ജോൺ മാത്യു, ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ ആർ ജ്യോതി ലാൽ, കെഎംടിഎ സിഇഒ ജാഫർ മാലിക്, ജില്ലാ കലക്ടർ എസ് സുഹാസ്, ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ രാജീവ് പുത്തലത്ത്, അസി. കമ്മീഷ്ണർ ടി ബി വിജയൻ, ചീഫ് ടൗൺ പ്ലാനർ ജിജി ജോർജ്ജ്, ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ റെജി പി വർഗീസ്, ജില്ല സീനിയർ ടൗൺ പ്ലാനർ കെ എം ഗോപകുമാർ  പങ്കെടുത്തു.


 

Latest News