Sorry, you need to enable JavaScript to visit this website.
Sunday , March   07, 2021
Sunday , March   07, 2021

സ്വപ്‌നങ്ങൾ പിന്തുടരണം; വിജയം മുന്നിലെത്തും 

വിജയമന്ത്രങ്ങൾ   

ജീവിതത്തിൽ നിറമുള്ള സ്വപ്‌നങ്ങളുണ്ടാകണമെന്നും ആ സ്വപ്‌നങ്ങളുടെ സാക്ഷാൽക്കാരമാണ് ജീവിത വിജയമെന്നും ഉദ്‌ഘോഷിച്ച മഹാനാണ് ഡോ. എ.പി.ജെ. അബ്ദുൽ കലാം. വിദ്യാർഥികളോടും ചെറുപ്പക്കാരോടും മാത്രമല്ല ഏത് പ്രായത്തിൽ പെടുന്നവരോടും അദ്ദേഹത്തിന് എപ്പോഴും പറയാനുണ്ടായിരുന്നത് ഇതേ കാര്യമായിരുന്നു. 
മനസ്സിന് സമാധാനവും സന്തോഷവും ഉണ്ടാകലും ദുഃ-ഖങ്ങളും വ്യസനങ്ങളും നീങ്ങലും എല്ലാ മനുഷ്യരും അന്വേഷിക്കുന്ന ലക്ഷ്യമാണ്. അതുപക്ഷേ എങ്ങനെ നേടിയെടുക്കാമെന്നത് സംബന്ധിച്ച അന്വേഷണങ്ങളും പഠനങ്ങളുമാണ് വ്യത്യസ്തമാകുന്നത്. ഭാവനയുടെ സീമകളെ വിശാലമാക്കി ചിന്തയും ധാരണകളും മനോഹരമാക്കുമ്പോൾ ജീവിതത്തിൽ പുരോഗതിയാണുണ്ടാവുക.
സ്വപ്‌നം കാണുക. ആ സ്വപ്‌നം എത്ര ഉയരത്തിലായാലും അത് യാഥാർത്ഥ്യമാക്കുക. അതിലേക്ക് ചെന്നെത്താനുള്ള വഴികൾ ഇടുങ്ങിയതാവാം. മുള്ളുകളും കല്ലുകളും നിറഞ്ഞതാവാം. എങ്കിലും പ്രയത്‌നം തുടരുക. വിശ്രമമില്ലാത്ത പ്രയത്‌നമാണ്, ഉറക്കമല്ല, വിജയത്തിലേക്കുള്ള വഴി. കണ്ണുകൾ തുറന്നുപിടിച്ച് വലിയ സ്വപ്‌നങ്ങൾ കാണുക.
പറയുന്നത് റോണി സ്‌ക്രൂവാല. യു.ടി.വിയുടെ സ്ഥാപകൻ. ബിസിനസ് ലോകത്തെ വമ്പൻ. തന്റെ കഴിഞ്ഞ 20 വർഷത്തെ പ്രയത്‌നങ്ങളെക്കുറിച്ചും വിജയത്തെക്കുറിച്ചും റോണി സംസാരിക്കുകയാണ്.
'ഡ്രീം വിത്ത് യുവർ ഐസ് ഓപൺ' എന്ന തന്റെ ആദ്യ പുസ്തകത്തിലൂടെ. അഞ്ച് വർഷം മുമ്പ് പുറത്തിറങ്ങിയ പുസ്തകം ഇപ്പോഴും നിരവധി പേരെ പ്രചോദിപ്പിച്ചുകൊണ്ടാണ് സജീവമായ ചർച്ചയാകുന്നത്. 
വിജയത്തിന്റെ വഴികൾ തന്നിലേക്കെത്തിപ്പെടാതെ മാറിപ്പോകുന്നു എന്ന് ചിന്തിച്ചിരിക്കുന്ന ഒരാൾക്ക് ഏറ്റവും പ്രയോജനപ്രദമായ പുസ്തകമാണ്     ഡ്രീം വിത്ത് യുവർ ഐസ് ഓപപ്പൺ  എന്ന പുസ്തകം.  കാരണം, ഒരു ബിസിനസ്മാന്റെ ജീവിത പോരാട്ടങ്ങളുടെയും അവയുടെ അവസാനം ലഭിച്ച മധുരിക്കുന്ന വിജയത്തിന്റെയും കഥയാണ് ഈ പുസ്തകം പറയുന്നത്.
ജീവിതത്തിൽ കാണുന്ന സ്വപ്‌നങ്ങളെല്ലാം സാക്ഷാത്കരിക്കാനായില്ലെങ്കിലും അതിലേക്കുള്ള യാത്രകൾ കൊച്ചു കൊച്ചു സന്തോഷങ്ങൾ  നൽകും. ചെറിയ ചെറിയ നേട്ടങ്ങളിൽ നിർത്താതെ മുന്നോട്ടു പോകുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും ഇവയെല്ലാം ചേർന്ന് വലിയ നേട്ടമായിരിക്കുന്നു.  65 ാം വയസ്സിലായിരിക്കും ചിലപ്പോൾ നിങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കാനാവുക. വിജയത്തിലേക്കുള്ള വഴി റോസാപ്പൂ വിരിച്ചതായിരിക്കില്ല. കല്ലും മുള്ളും നിറഞ്ഞതാണത്. പക്ഷേ ഇത് താണ്ടാൻ ശ്രമിക്കുമ്പോഴാണ് ജീവിതത്തിന്റെ സൗന്ദര്യം അനുഭവിക്കാനാവുക. ദുഃഖങ്ങൾക്കും വേദനകൾക്കുമിടയിലുള്ള കൊച്ചു കൊച്ചു സന്തോഷങ്ങളുമുണ്ട്.
17 വർഷം മുമ്പ് തനിക്ക് ലോൺ നിഷേധിച്ച ബാങ്ക് തന്നെ വിലക്ക് വാങ്ങിയ സംരംഭകന്റെ കഥയിങ്ങനെയാണ്. 
ആദം 21 വയസ്സുള്ളപ്പോൾ  ബിസിനസ് തുടങ്ങാൻ ലോൺ അനുവദിക്കണമെന്ന ആവശ്യവുമായി ഒരു ബാങ്കിനെ സമീപിച്ചു.  എന്നാൽ അന്ന് വളരെ ചെറുപ്പമാണെന്നും അനുഭവ പരിചയമില്ലെന്നും പറഞ്ഞ് അദ്ദേഹത്തിന്റെ അപേക്ഷ ആ ധനകാര്യ സ്ഥാപനം തള്ളിക്കളഞ്ഞു. ഇന്ന് 17 വർഷങ്ങൾക്ക് ശേഷം, വായ്പ നൽകാൻ തയാറാകാത്ത ആ ബാങ്ക് തന്നെ വിലയ്ക്ക് വാങ്ങിയിരിക്കയാണ് ആദം.  
ഏകദേശം രണ്ട് പതിറ്റാണ്ട് മുമ്പാണ് ഇംഗ്ലണ്ടിലെ ഉർസ്റ്റൺ നിവാസിയായ ആദം ഒരു ബിസിനസ് തുടങ്ങാൻ ആഗ്രഹിച്ചത്. എന്നാൽ കൈയിൽ ആവശ്യത്തിന് പണമില്ലാതിരുന്ന അദ്ദേഹം അതിനായി ഒരു ബാങ്ക് വായ്പ എടുക്കാൻ തീരുമാനിച്ചു. ഒരു അക്കൗണ്ട് തുറക്കാനും ബിസിനസ് വായ്പയെ കുറിച്ചറിയാനുമായി അദ്ദേഹം ബാങ്ക് മാനേജരെ കാണാൻ പോയി.  ''ഞാൻ അന്ന് വളരെ ടെൻഷനിലായിരുന്നു. മനസ്സിൽ ലോൺ അനുവദിക്കണേ എന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് ബാങ്കിലേക്ക് ഞാൻ കാലെടുത്തു വെച്ചത്. എന്റെ കൈയിൽ അന്ന് സ്വന്തമെന്ന് പറയാൻ കുറെ പ്രതീക്ഷകളും സ്വപ്‌നങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ, പണമില്ലായിരുന്നു. ബാങ്ക് വായ്പയെ ആശ്രയിച്ചായിരുന്നു എല്ലാം ഇരുന്നിരുന്നത്'' -ആദം പറഞ്ഞു. എന്നിരുന്നാലും അദ്ദേഹത്തിന്റെ ബിസിനസ് പദ്ധതികൾ കേട്ടപ്പോൾ ബാങ്ക് മാനേജർ  അദ്ദേഹത്തിന് വായ്പ നിഷേധിക്കുകയായിരുന്നു.  
 വളരെ ചെറുപ്പമാണെന്നും ബിസിനസ് ചെയ്ത് പരിചയമില്ലെന്നുമെല്ലാം അവർ ആദമിനോട് പറഞ്ഞു. ഈ ഘട്ടത്തിൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. അദ്ദേഹത്തിന് ആ വാർത്ത വല്ലാത്ത നിരാശയാണ് സമ്മാനിച്ചത്. 
'എനിക്ക് അപമാനവും നിരാശയും സങ്കടവും എല്ലാം അനുഭവപ്പെട്ടു' ആദം പറഞ്ഞു. ഏറ്റവും കഷ്ടം, ഈ സ്വപ്‌നത്തിനായി അദ്ദേഹം ഉണ്ടായിരുന്ന സെയിൽസ്മാൻ ജോലി ഇതിനകം തന്നെ ഉപേക്ഷിച്ചിരുന്നു എന്നതാണ്. അതിൽ നിന്ന് ലാഭം പിടിച്ച തുക ഉപയോഗിച്ച് ഓഫീസിന്റെ ഒരു മാസത്തെ വാടക അദ്ദേഹം നൽകി. എന്തൊക്കെ തടസ്സം നേരിട്ടാലും താൻ പരാജയപ്പെടില്ലെന്ന് അദ്ദേഹം നിശ്ചയിച്ചു.  
കടം വാങ്ങിയ ഒരു ഫോൺ ഉപയോഗിച്ച്, ആദ്യത്തെ നാല് മാസം തന്റെ ഇടുങ്ങിയ ഓഫീസിലെ തണുത്ത തറയിൽ ഇരുന്ന് അദ്ദേഹം ക്ലയന്റുകളെ വിളിച്ചു. 'ഒരു മേശയോ കസേരയോ വാങ്ങാൻ എന്റെ കൈയിൽ പണമില്ലായിരുന്നു, ഞാൻ നാലു മാസം തറയിൽ ഇരുന്നാണ് ജോലികൾ ചെയ്തത്' ആദം തന്റെ ഇൻസ്റ്റഗ്രാമിൽ എഴുതുന്നു. 'ആദ്യ മാസങ്ങൾ വളരെ ബുദ്ധിമുട്ടായിരുന്നു, എനിക്ക് ഇത് തുടരാൻ കഴിയുമോ എന്ന് പലവട്ടം സംശയിച്ചു. അടുത്ത മാസം ബില്ലുകൾ എങ്ങനെ അടയ്ക്കും എന്നോർത്ത് ഒരുപാട് രാത്രികൾ ഞാൻ ഉറങ്ങാതെ കിടന്നു. എല്ലാം തീർന്നെന്ന് കരുതിയ ഒരുപാട് സന്ദർഭങ്ങളുണ്ടായിരുന്നു. പക്ഷേ, അത് ഉപേക്ഷിക്കാൻ മാത്രം ഞാൻ തയാറായില്ല -അദ്ദേഹം പറഞ്ഞു. 
അദ്ദേഹത്തിന്റെ  സ്ഥിരോൽസാഹവും കഠിനാധ്വാനവും പാഴായില്ല. ഒരു ഡെബ്റ്റ് മാനേജുമെന്റ് കമ്പനി ഉണ്ടാക്കിക്കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞു. 2014 ൽ അദ്ദേഹം അത് അഞ്ച് ദശലക്ഷം പൗണ്ടിന് വിൽക്കുകയും ചെയ്തു. ഇന്ന് അദ്ദേഹത്തിന് സ്വന്തമായി അഞ്ച് മൾട്ടി മില്യൺ കമ്പനിയുണ്ട്. അന്ന് 10,000 ഡോളറിന്റെ വായ്പ നിഷേധിച്ച ബാങ്ക് ഇന്ന് അദ്ദേഹം 4,50,000 ഡോളർ കൊടുത്താണ് വാങ്ങിയത്.
ഒരു മോട്ടിവേഷണൽ സ്പീക്കറായ അദ്ദേഹം ഇപ്പോൾ തന്റെ കഠിനാധ്വാനത്തിന്റെ കഥ ആയിരങ്ങളോട് പങ്കിടുന്നു. 'നിങ്ങളുടെ സ്വപ്‌നം ഒരിക്കലും ഉപേക്ഷിക്കരുത്. ഒരുപാട് തടസ്സങ്ങളുണ്ടാകും, എന്നിരുന്നാലും കഠിനമായി പരിശ്രമിച്ചാൽ ഒരു ദിവസം അത് നടപ്പിലാവുക തന്നെ ചെയ്യും. 
പ്രശസ്ത മോട്ടിവേഷണൽ ഗ്രന്ഥകാരനായ നെപ്പോളിയൻ ഹിൽ പങ്കുവെക്കുന്ന ചിന്തോദ്ദീപകങ്ങളായ ഒരു കഥയും ഇതോടു ചേർത്തു വായിക്കാമെന്ന് തോന്നുന്നു. 
സ്വർണം ഖനനം ചെയ്ത് സമ്പന്നരാകുന്നതിനു വേണ്ടി കാലിഫോർണിയയിൽ ജനങ്ങൾ മൽസരിക്കുന്ന കാലം.   ഒരു സാധാരണ  സെയിൽസ്മാൻ ആയ ആർ.യു. ദർബിയും അമ്മാവനും  സ്വർണ ഖനനത്തിൽ ഭാഗ്യം പരീക്ഷിക്കാനൊരുങ്ങുന്നു.  സ്വർണ ഖനിക്കുള്ളള ലൈസൻസ് സമ്പാദിച്ച് അയാൾ ദർബിയെയും കൂട്ടി പുറപ്പെടുന്നു. 
കുറഞ്ഞ കാലത്തെ ഖനന പരിശ്രമത്തിന്റെ ഭാഗമായി   സ്വർണ അയിര് നിക്ഷേപം കണ്ടെത്തുന്നതോടെ പ്രതീക്ഷകൾ ആകാശത്തോളമുയരുന്നു. എന്നാൽ വിലപിടിപ്പുള്ള സ്വർണ അയിര്  പുറത്തേക്ക് എത്തിക്കണമെങ്കിൽ യന്ത്രസഹായം വേണമെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ഖനി മൂടിവച്ച് വീട്ടിലേക്ക് പോകുകയും വീട്ടുകാരോടും  തന്റെ ചില അടുത്ത അയൽക്കാരോടും  കണ്ടെത്തലിനെപ്പറ്റി പറയുകയും ചെയ്തു. യന്ത്രങ്ങൾ വാങ്ങാനുള്ള പണം സ്വരൂപിച്ച് എല്ലാ യന്ത്ര സാമഗ്രികളുമായി സ്ഥലത്തെത്തുകയും വർധിത വീര്യത്തോടെ ഖനിയിൽ പ്രവർത്തനം തുടരുകയും ചെയ്യുന്നു.  
ഖനനം ചെയ്തടുത്ത സ്വർണ അയിര്  വിറ്റ് മികച്ച വില കിട്ടി.  കൊളറാഡോയിലെ ഏറ്റവും സമ്പന്ന ഖനികളിലൊന്നാണ് അതെന്ന് ബോധ്യമായി.  ഖനനവും വിൽപനയുമൊക്കെ അതിവേഗം മുന്നേറുന്നതിനിടയിലാണ്  സ്വർണത്തിന്റെ അയിര് വന്നിരുന്ന ഉറവ പൊടുന്നനെ അപ്രത്യക്ഷമായത്. എത്ര പരിശ്രമിച്ചിട്ടും സ്വർണത്തിന്റെ ചാല് വീണ്ടും കണ്ടെത്താനായില്ല. നിരാശരായി എല്ലാ ശ്രമങ്ങളുമപേക്ഷിച്ച്  വിലപിടിച്ച  യന്ത്രങ്ങളൊക്കെ നിസ്സാരമായ വിലക്ക്  ഒരു ആക്രിക്കച്ചവടക്കാരന് വിറ്റാണ് അവർ സ്ഥലം വിട്ടത്. 
എന്നാൽ വിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞ ആക്രിക്കടക്കാരൻ സമർഥനായ ഒരു മൈനിംഗ് എൻജിനീയറെക്കൊണ്ട്  ആ ഉപേക്ഷിക്കപ്പെട്ട ഖനി പരിശോധിച്ച് റിപ്പോർട്ട് നൽകുവാനാണ് ആവശ്യപ്പെട്ടത്. നേരത്തേ ഖനന പദ്ധതി പരാജയപ്പെട്ടത് അതിന്റെ ഉടമകൾക്ക് ഖനിയുടെ ഉറവകൾ സംബന്ധിച്ച് ധാരണയില്ലാത്തതുകൊണ്ടാണെന്നും മികച്ച സാധ്യതയുള്ള ഖനിയാണിതെന്നുമാണ് എൻജിനീയർ പറഞ്ഞത്. മാത്രമല്ല, പഴയ ഉടമകൾ കുഴിക്കൽ നിർത്തിയതിന്റെ വെറും മൂന്നടി അകലത്തിൽ സ്വർണ അയിരിന്റെ ഉറവയുണ്ടെന്നും അദ്ദേഹം തറപ്പിച്ചു പറഞ്ഞു. പറഞ്ഞതുപോലെ സംഭവിക്കുകയും ചെയ്തു.   
ആക്രിക്കച്ചവടക്കാരന്റെ ജീവിതം തന്നെ ആ സ്വർണ ഖനി മാറ്റിമറിച്ചു.  ഒരു പ്രധാന പദ്ധതി  ഉപേക്ഷിക്കുന്നതിനു മുമ്പ് അതേക്കുറിച്ച് വിദഗ്ധാഭിപ്രായം തേടണം എന്ന മഹത്തായ പാഠമാണ് ഈ സംഭവത്തിലൂടെ നെപ്പോളിയൻ ഹിൽ അടയാളപ്പെടുത്തുന്നത്.  
ഏത് പദ്ധതിയുടേയും വിജയത്തിൽ സമർഥനായ കൺസൾട്ടന്റിന് വമ്പിച്ച പ്രാധാന്യമുണ്ട്. 'താൽക്കാലിക തിരിച്ചടികളിൽ ശ്രമം ഉപേക്ഷിക്കുന്നവരാണ് പരാജയപ്പെടുകയെന്നും  ഈ സംഭവത്തിലൂടെ അദ്ദേഹം അടിവരയിടുന്നു. 
സ്വർണ ഖനിയിലുണ്ടായ തിരിച്ചടി ദർബിയുടെ കണ്ണ് തുറപ്പിക്കുന്നതായിരുന്നു. ലക്ഷ്യസ്ഥാനത്ത് എത്തും മുന്നേ ശ്രമം മതിയാക്കിയതാണ് തങ്ങൾക്കു പിണഞ്ഞ അബദ്ധമെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. ഉപേക്ഷിക്കൽ നയത്തിന് പകരം  പിടിച്ചുനിൽക്കൽ നയമാണ് ജീവിതത്തിൽ വിജയം സമ്മാനിക്കുകയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. 
ഓരോരുത്തരും സ്വപ്‌നങ്ങളുടെ വിശാലമായ ലോകത്ത് കോട്ടകൾ പണിയട്ടെ. നിരന്തര പഠനവും പരിശ്രമവും തുടരുന്നതിലൂടെ സ്വപ്‌ന സാക്ഷാൽക്കാരത്തിന്റെ മാധുര്യം നുകരാനാകുമെന്നാണ് ചരിത്രം നൽകുന്ന പാഠം.
 

Latest News