Sorry, you need to enable JavaScript to visit this website.
Sunday , March   07, 2021
Sunday , March   07, 2021

കോഴിക്കോട്ടുകാരന്റെ ചിരി

രാഷ്ട്രീയ, സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന ഇ.വി. ഉസ്മാൻ കോയയെ കുറിച്ച് 

കോഴിക്കോട്ടുകാരന്റെ ചിരി. ഇങ്ങനെയൊരു വിശേഷണം ഏറ്റവും കൂടുതൽ യോജിക്കുമെങ്കിൽ അത് ഇന്നലെ അന്തരിച്ച ഇ.വി. ഉസ്മാൻ കോയക്ക് തന്നെയായിരിക്കും.രാഷ്ട്രീയ രംഗത്തും സാമൂഹ്യ പ്രവർത്തന രംഗത്തും  അദ്ദേഹം ബാക്കിവെച്ചതിൽ നിറഞ്ഞ സ്‌നേഹവും ഈ ചിരിയും ഉൾപ്പെടുന്നു. 
കോഴിക്കോട്ടെ കോയമാർ എന്നാൽ പാരമ്പര്യമായി കച്ചവടക്കാരാണ്. ആളുകളെ തങ്ങളിൽ നിന്നകറ്റുവാനല്ല, മറിച്ച് തങ്ങളിലേക്ക് ആകർഷിക്കുകയെന്നുള്ളത് കോയമാരുടെ രക്തത്തിൽ അലിഞ്ഞുചേർന്നതാണ്.  കോഴിക്കോട്ടെ തെക്കേപ്പുറത്തെ കോയമാരിൽനിന്നുള്ള ഇ.വി. ഉസ്മാൻ കോയ അത്തരമൊരു പാരമ്പര്യത്തെ ഉയർത്തിപ്പിടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.
 രാഷ്ട്രീയ രംഗത്ത്, പ്രത്യേകിച്ച് കോൺഗ്രസിൽ ഇ.വിയെ വേറിട്ട് അടയാളപ്പെടുത്തിയിട്ടുണ്ടാകുക ഒരു പക്ഷേ ഈ ചിരിയും വടിവൊത്ത ഖദർ വേഷവും തന്നെയായിരിക്കും. എപ്പോൾ കാണുമ്പോഴും ഇ.വിയുടെ ഖദർ വേഷത്തിന് ഒരു ചുളിവും സംഭവിച്ചതായി കണ്ടിരുന്നില്ല. കാരണം ഇ.വി നേതാവാണെങ്കിലും ആരെയും കെട്ടിപ്പിടിച്ച് സ്‌നേഹം പ്രകടിപ്പിക്കാറില്ലായിരുന്നു. മറിച്ച് തന്റെ വാക്കുകളിലൂടെയും പെരുമാറ്റത്തിലുടെയുമാണ് അദ്ദേഹം തന്റെ മുന്നിലെത്തുന്നവരുടെ ഇഷ്ടക്കാരനായി മാറിയിരുന്നത്. വസ്ത്രധാരണത്തിലും ചിരിയിലുമെല്ലാം കാത്തുസൂക്ഷിച്ചിരുന്ന നന്മ അദ്ദേഹം ആളുകളോട് ഇടപെടുമ്പോൾ, സംസാരിക്കുമ്പോൾ നേരിട്ടനുഭവിച്ചറിയുവാൻ സാധിക്കുമായിരുന്നു. അവിടെ പണക്കാരനെന്നോ വലിയവനെന്നോ കുട്ടികളെന്നോ മുതിർന്നവരെന്നോ എന്ന വേർതിരിവില്ലായിരുന്നു.
അദ്ദേഹം തന്നെക്കുറിച്ച് തയാറാക്കിവെച്ച ബയോഡാറ്റ കണ്ടാൽ ആരും ആദ്യമൊന്ന് ഞെട്ടും. കാരണം ഇരുപതോളം സംഘടനകളുടെ ഭാരവാഹി. പ്രസിഡന്റ്, സെക്രട്ടറി മുതൽ മുഖ്യരക്ഷാധികാരിയിലൂടെ അത് എക്‌സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ വരെയെത്തിയതായി രേഖപ്പെടുത്തിവെച്ചിരിക്കുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റ് മുതൽ പ്രാവ് പറത്തൽ ഹോബിയായി സ്വീകരിച്ച പീജിയൺ ഫ്‌ളെയിംഗ് ലവേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് പദവിവരെ അത് നീണ്ടുനിന്നിരുന്നു. ജില്ലാ ഫുട്‌ബോൾ അസോസിയേഷൻ (കെ. ഡി.എഫ്.എ) വൈസ് പ്രസിഡന്റ് മുതൽ പ്രേംനസീർ സാംസ്‌കാരിക വേദി, കോഴിക്കോട് ഖാദി  ഫൗണ്ടേഷൻ തുടങ്ങി മതം, സിനിമ, നാടകം തുടങ്ങി ട്രെയ്ഡ് യൂനിയൻ വരെ അങ്ങനെ പൊതുപ്രവർത്തന വിഷയത്തിലെ വൈവിധ്യത്തിനു കൂടി ഇ.വി. ഉസ്മാൻ കോയയുടെ പ്രവർത്തനങ്ങൾ മാതൃകയായിരുന്നു. 
അടിയുറച്ച കോൺഗ്രസുകാരനായിരുന്നു എന്നതോടൊപ്പം ആദ്യം മുതൽ ആന്റണിയോടൊപ്പം എ ഗ്രൂപ്പിലുമായിരുന്നു അദ്ദേഹത്തിന്റെ സ്ഥാനം. പ്രവർത്തന പാരമ്പര്യം നോക്കുമ്പോൾ ഔദ്യോഗികമായി ഈ രാഷ്ട്രീയ നേതാവിന് കിട്ടിയ അധികാര സ്ഥാനങ്ങൾ 1980 മുതൽ 85 വരെ കോഴിക്കോട് കോർപറേഷനിലെ കുറ്റിച്ചിറ വാർഡിനെ പ്രതിനിധീകരിച്ച് കോർപറേഷൻ കൗൺസിലറായതും ഇതേ സമയത്തു തന്നെ വഖഫ് ബോർഡ് മെംബറായതുമാണ്.  ഇ.വിയെ സംബന്ധിച്ചിടത്തോളം കോഴിക്കോടിന്റെ ഇട്ടാവട്ടത്ത് ചുറ്റിക്കറങ്ങിയുള്ള അധികാര സ്ഥാനങ്ങളൊക്കെ മതിയായിരുന്നു. അതുകൊണ്ട് തന്നെ അതിനായി അധികം നേതാക്കന്മാരുടെ കാല് പിടിക്കുവാനും പോയില്ല.
പൊതുപ്രവർത്തനം ജീവിത മാർഗമായി കാണാതിരുന്ന പഴയ തലമുറയിലെ ഈ നേതാവിന് അധികാര ഭരണിയിൽ കൈയിട്ട് വാരണമെന്ന താൽപര്യമില്ലായിരുന്നു. മറിച്ച്, എന്ത് നല്ല കാര്യം നടക്കുമ്പോഴും അതിന്റെ മുന്നണിയിൽ തന്റേതായ ഒരു സ്‌പേസ് വേണം എന്നു മാത്രമേ ഉണ്ടായിരുന്നുള്ളൂ.
കോഴിക്കോട്ട് പത്രപ്രവർത്തന രംഗത്ത് കാലൂന്നിത്തുടങ്ങിയപ്പോഴേ അദ്ദേഹവുമായി അടുത്ത് ബന്ധപ്പെടുവാൻ സാധിച്ചിരുന്നു. നഗരത്തെപ്പറ്റി എന്തു സംശയമുണ്ടെങ്കിലും വിളിച്ചാൽ അതിനൊരു മറുപടി അദ്ദേഹത്തിൽ നിന്ന് കിട്ടിയിരുന്നു. തനിക്കറിയില്ലെങ്കിൽ അതിന് പറ്റിയ ആളെ ചൂണ്ടിക്കാണിച്ചു തരുവാനുള്ള ഒരത്താണിയുമായിരുന്നു. എഴുപത്തേഴാം വയസ്സിലും മറ്റുള്ളവരുടെ മുന്നിൽ യുവത്വം കാത്തുസൂക്ഷിച്ചിരുന്നു ഇ.വി. 
ഏകദേശം രണ്ടു വർഷം മുൻപാണ്, ഇ.വിയുടെ കാൾ വരുന്നു. ഒന്ന് നേരിട്ട് കാണണം. ഇംപീരിയലിൽ ചെന്നു. വിഷയം അദ്ദേഹത്തിന്റെ ഇളയ മകളുടെ ഭർത്താവിന്റെ പുതിയ രീതിയിലുള്ള ചായമക്കാനി ഹോട്ടലിന്റെ മുകൾ നിലയിൽ തുടങ്ങുന്നു. കോഴിക്കോടിന്റെ പഴയ ചരിത്രവുമായി ബന്ധപ്പെട്ട കുറെ ഫോട്ടോകൾ തൂക്കുന്നുണ്ട്. അതിന് ക്യാപ്ഷൻ എഴുതി നൽകാമോ എന്നറിയാനാണ്. ഒപ്പം സ്വതഃസിദ്ധമായ ഇ.വിയുടെ പുഞ്ചിരിയും. 
അവാർഡിനേക്കാൾ വലുതായി നമുക്ക് ചിലരിൽ നിന്ന് ലഭിക്കുന്ന കമന്റുകളെക്കുറിച്ച് പലരും പ്രസംഗിക്കുന്നതും എഴുതിയതുമൊക്കെ കേട്ടിട്ടുണ്ട്. അതാണ് പിന്നീട് അതേക്കുറിച്ച്  ഓർമയിലോടിയെത്താറുള്ളത്. 
കോഴിക്കോടിന്റെ പല നല്ല കാര്യങ്ങളുടെയും ആദ്യ ചർച്ചക്ക് വേദിയായിരുന്ന കല്ലായി റോഡിലെ ഇംപീരിയൽ ഹോട്ടലിന്റെ മാനേജറായിരുന്നു ഇ.വി. അദ്ദേഹത്തിനായി അവിടെ ഉണ്ടായിരുന്ന ഒരു മുറിയായിരുന്നു കോൺഗ്രസിലെ തെക്കുനിന്ന് കോഴിക്കോട്ടേക്ക് വന്നിരുന്ന ജി. കാർത്തികേയന്റെയും എം.ഐ. ഷാനവാസിന്റെയുമൊക്കെ  ലാവണങ്ങളിലൊന്ന്. ആ നിലയിൽ വർഷങ്ങളോളം മറ്റു ജില്ലകളിൽ നിന്ന് വരുന്നവരുടെ ആതിഥേയനുമായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ദിവസം രാത്രിയിലും ദൽഹിയിൽ സമരം നടത്തുന്ന കർഷകർക്ക് 26 ന് പൗരാവലിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യം നടത്തുന്നതിനെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്ത ശേഷം വീട്ടിലെത്തിയതായിരുന്നു ഇ.വി.
കോഴിക്കോടിന്റെ ചിരി എന്നു പറഞ്ഞാൽ രാമദാസ് വൈദ്യരായിരുന്നെങ്കിൽ കോഴിക്കോട്ടുകാരന്റെ ചിരി എന്നു പറയാവുന്ന ഇ.വി. ഉസ്മാൻ കോയയും വിട വാങ്ങിയതോടെ കോഴിക്കോടിന്റെ വേറിട്ട മുഖങ്ങളിലൊന്ന് കൂടി ഇല്ലാതായി.
 

Latest News