Sorry, you need to enable JavaScript to visit this website.
Sunday , March   07, 2021
Sunday , March   07, 2021

പരിമിതിയില്ലാതെ ചിദംബരം; പരിമിതിയിൽ പിണറായി

മുതിർന്ന കോൺഗ്രസ് നേതാവും മുൻധനമന്ത്രിയുമായ പി. ചിദംബരമാണോ സുപ്രീം കോടതിയുടെ കണ്ണു തുറപ്പിച്ചതെന്ന് പറയാനാവില്ല. പക്ഷേ, പലരുടെയും കണ്ണു തുറപ്പിക്കേണ്ട പ്രസ്താവനകളാണ് അദ്ദേഹം കഴിഞ്ഞ ദിവസം നടത്തിയത്.
മാറിയ ഇന്ത്യയിൽ നീതിന്യായ വ്യവസ്ഥയിൽ പോലും സമത്വമെന്ന സങ്കൽപം ഇല്ലാതാകുകയാണെന്നാണ് ചിദംബരം പറഞ്ഞത്. മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെയും പ്രശസ്ത സ്റ്റാൻഡപ് കൊമേഡിയൻ മുനവ്വർ ഫാറൂഖിയുടെയും അനുഭവങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ചിദംബരത്തിന്റെ പ്രതികരണം.
നീതിന്യായ വ്യവസ്ഥയിൽ തത്വങ്ങൾ പാലിക്കപ്പെടുന്നില്ലെന്നും എല്ലാവർക്കും തുല്യമായി നീതി ലഭിക്കുമെന്ന വിശ്വാസം ഇല്ലാതാകുന്നത് സമത്വത്തെ തന്നെയാണ് ഇല്ലാതാക്കുന്നതെന്നുമാണ് അദ്ദേഹം ട്വിറ്ററിലൂടെ പ്രതികരിച്ചത്. 
സിദ്ദീഖ് കാപ്പന്റെ വിഷയത്തിൽ ഇടപെടാൻ പരിമിതികളുണ്ടെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയതിനു പിന്നാലെയാണ് ചിദംബരത്തിന്റെ പ്രസ്താവന പുറത്തു വന്നത്. യു.എ.പി.എ അടക്കമുള്ള കരിനിയമങ്ങൾക്കെതിരെ രംഗത്തു വരേണ്ട സി.പി.എമ്മും മുഖ്യമന്ത്രിയും പുതിയ നിലപാടുകളിൽ അഭയം പ്രാപിക്കുന്ന പശ്ചാത്തലത്തിൽ ചിദംബരത്തിന്റെ വാക്കുകൾ തങ്കലിപികളിൽ രേഖപ്പെടുത്തേണ്ടതാണ്.
തടങ്കലിലിടുന്നതിനു മുമ്പ് ജാമ്യം നൽകാവുന്നതാണോ കേസുകളെന്ന് പരിശോധിക്കുന്നില്ലെന്നാണ് ചിദംബരത്തിന്റെ കോടതികൾക്കെതിരായ വിമർശം. മോഡി സർക്കാർ അധികാരത്തിൽ വന്ന ശേഷം വിവിധ അന്വേഷണ ഏജൻസികളിൽനിന്നും കോടതികളിൽനിന്നുമുണ്ടായ ദുരനുഭവങ്ങളാകാം ചിദംബരത്തെക്കൊണ്ട് ഇത് പറയിപ്പിച്ചതെങ്കിലും ദേശസുരക്ഷയും ഭ്രാന്തമായ ദേശീയതയും മുന്നിൽവെച്ച് എതിരാളികളെ ഭീഷണിപ്പെടുത്തുന്ന പുതിയ കാലത്ത് അത് വേറിട്ടു നിൽക്കുന്നു.
കോൺഗ്രസും സി.പി.എമ്മും അടക്കമുളള പാർട്ടികൾ മാറിയ സാഹചര്യത്തിൽ പലവിധ പരിമിതികളാണ് നേരിടുന്നത്. ഇതിൽ ഏറ്റവും പ്രധാനം ഭൂരിപക്ഷ വോട്ടുകൾക്ക് എന്തു സംഭവിക്കുമെന്നതു തന്നെയാണ്. രാജ്യത്തിന്റെ മതേതര, ജനാധിപത്യ ഘടന തന്നെ തകർക്കുന്ന ഒട്ടനവധി സംഭവങ്ങളുണ്ടായിട്ടും ഭൂരിപക്ഷ ഹിന്ദു മനസ്സ് വേദനിക്കുമോ എന്ന ഭയത്തോടെയാണ് രാഷ്ട്രീയ പാർട്ടികൾ പ്രതികരിച്ചുകൊണ്ടിരിക്കുന്നത്. ബാബ്‌രി മസ്ജിദ്, കശ്മീർ വിഷയങ്ങളിൽ അന്യായമുണ്ടെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടുവെങ്കിലും അതൊക്കെ വിസ്മരിക്കാനായിരുന്നു പാർട്ടികൾക്ക് താൽപര്യം. 
ഉന്നത ജാതിക്കാരാൽ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ ഹാഥ്‌റസിലെ വീട് സന്ദർശിക്കാൻ പോകുമ്പോഴാണ് സിദ്ദീഖ് കാപ്പനെ യു.പി പോലീസ് പിടികൂടി ജയിലിലടച്ചത്. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവർത്തക യൂനിയൻ സമർപ്പിച്ച ഹരജിയിലാണ് സുപ്രീം കോടതിയുടെ ഭാഗത്തുനിന്ന് പൂർണമെങ്കിലും ആശ്വാസ നടപടികളുണ്ടായിരിക്കുന്നത്. വീഡിയോ കോൺഫറൻസിലൂടെ കാപ്പനെ ഹാജരാക്കാൻ ആവശ്യപ്പെട്ട കോടതി രോഗിയും അവശയുമായ മാതാവുമായി വീഡിയോ കോളിലൂടെ സംസാരിക്കാൻ അനുവദിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. മകനുമായി സംസാരിക്കാൻ മാതാവ് ആഗഹം പ്രകടിപ്പിച്ചിട്ടുണ്ടെന്ന കാര്യം പത്രപ്രവർത്തക യൂനിയനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബലാണ് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ ശ്രദ്ധയിൽ പെടുത്തിയത്.  
നിരപരാധിത്വം തെളിയിക്കാൻ നുണ പരിശോധനയുൾപ്പെടെ ഏത് ശാസ്ത്രീയ പരിശോധനക്ക് വിധേയനാകാനും തയാറാണെന്ന് സിദ്ദീഖ് കാപ്പൻ അഭിഭാഷകൻ മുഖേന കോടതിയെ അറിയിച്ചിരുന്നു. നാർകോ അനാലിസിസ്, ബ്രെയിൻ മാപ്പിങ്, നുണ പരിശോധന തുടങ്ങി ഏത് ശാസ്ത്രീയ പരിശോധനയ്ക്കും വിധേയമാകാൻ സിദ്ദീഖ് കാപ്പൻ തയാറാണെന്ന്  അഭിഭാഷകനായ വിൽസ് മാത്യുവാണ് സുപ്രീം കോടതിയെ അറിയിച്ചത്. തന്റെ ബാങ്ക് അക്കൗണ്ടിന്റെ എല്ലാ വിശദാംശങ്ങളും കൈമാറാമെന്നും സിദ്ദീഖ് കാപ്പൻ അറിയിച്ചിട്ടുണ്ട്. 
സിദ്ദീഖ് കാപ്പന്റെ അറസ്റ്റും മാധ്യമ പ്രവർത്തകർക്കും മാധ്യമ സ്ഥാപനങ്ങൾക്കുമെതിരെ നിയമം ദുരുപയോഗം ചെയ്തു നടത്തുന്ന പ്രവർത്തനങ്ങളെ കുറിച്ചും സുപ്രീം കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയെക്കൊണ്ട് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും യൂനിയൻ ആവശ്യപെട്ടിടുണ്ട്. 
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഓഫീസ് സെക്രട്ടറി എന്നാണ് സിദ്ദീഖ് കാപ്പനെ ആദ്യ സത്യവാങ്മൂലത്തിൽ ഉത്തർപ്രദേശ് സർക്കാർ വിശേഷിപ്പിച്ചരുന്നതെങ്കിലും പിന്നീട് നൽകിയ സത്യവാങ്മൂലത്തിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഭാരവാഹികളുമായി ബന്ധമുള്ളയാൾ എന്നാക്കി തിരുത്തിയിട്ടുണ്ട്.  മാധ്യമ പ്രവർത്തകൻ എന്ന നിലയിൽ ഔദ്യോഗിക കൃത്യനിർവഹണത്തിനായി ഉള്ള ബന്ധത്തിനപ്പുറം പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുമായി ഒരു ബന്ധവും സിദ്ദീഖ് കാപ്പനില്ലെന്നും യൂനിയന്റെ മറുപടി സത്യവാങ്മൂലത്തിലും വിശദീകരിച്ചിട്ടുണ്ട്.
മാധ്യമ പ്രവർത്തകരുടെ സംഘടന ശക്തമായ നിലപാടുമായി മുന്നോട്ടു പോകുമ്പോഴാണ് മറ്റൊരു സംസ്ഥാനമെന്ന പരിമിതി ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ ഒഴിഞ്ഞു മാറുന്നത്. വിദേശ രാജ്യങ്ങളിൽ അറസ്റ്റിലായവരുടെ പ്രശ്‌നങ്ങളിൽ പോലും ഇടപെട്ട മുഖ്യമന്ത്രിയാണ് സിദ്ദീഖ് കാപ്പന്റെ ഭാര്യയും കുടുംബവും സമീപിച്ചിട്ടും മുഖം തിരിച്ചത്. 
കേരളത്തിൽനിന്ന് പോലീസിനെ അയച്ച് കാപ്പനെ യു.പിയിൽനിന്ന് മോചിപ്പിച്ച് കൊണ്ടുവരണമെന്നല്ല, കാപ്പന്റെ ഭാര്യയും പൗരാവകാശ സംഘടനകളും ആവശ്യപ്പെടുന്നത്. പത്രപ്രവർത്തക യൂനിയന്റെ നിലപാടിന് അനുസൃതമായി കേരള സർക്കാരിന്റെ ഭാഗത്തുനിന്നും പ്രതികരണം ഉണ്ടാകണമെന്നു മാത്രമാണ്. 
കേന്ദ്ര സർക്കാരും സംഘ്പരിവാറും രാജ്യത്ത് തുടരുന്ന പൗരാവകാശ ധ്വംസനങ്ങൾക്കും വിദ്വേഷ പ്രചാരണത്തിനുമെതിരെ മൗനം പാലിക്കുന്നവരുടെ എണ്ണം കേരളത്തിൽ പോലും വർധിക്കുന്ന പശ്ചാത്തലത്തിൽ വേണം ചിദംബരത്തിന്റെ പരിമിതിയില്ലാത്ത ശബ്ദത്തെ കാണാൻ. ഒരേസമയം, കോൺഗ്രസ് നോതാക്കളുടെയും കണ്ണു തുറപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. 

Latest News