ഗൂഡല്ലൂര്‍-മുതുമല കടുവാസങ്കേതത്തിലെ മാവനഹള്ളയില്‍ 45 വയസ് മതിക്കുന്ന കാട്ടുകൊമ്പന്‍ പൊള്ളലേറ്റു ചരിഞ്ഞ സംഭവത്തില്‍ പ്രദേശത്തെ സ്വകാര്യ ഹോംസ്റ്റേ മുദ്ര ചെയ്തു.
നീലഗിരി ജില്ലാ കലക്ടറുടെ നിര്‍ദേശപ്രകാരം ബി.ഡി.ഒ ജനാര്‍ദനന്റെ നേതൃത്വത്തിലാണ് സ്ഥാപനം മുദ്രചെയ്തത്. ഈ ഹോംസ്റ്റേയുടെ നടത്തിപ്പുകാരാണ് കാട്ടാനയെ തീപ്പന്തം എറിഞ്ഞു പൊള്ളലേല്‍പ്പിച്ചത്.
ഹോംസ്റ്റേയ്ക്കു സമീപം എത്തിയ ആനയെ തുരത്തുന്നതിനാണ് പന്തം എറിഞ്ഞത്. ഇതു ചെവിയില്‍ ഉടക്കി മാരകമായി പൊള്ളലേറ്റതും രക്താവാര്‍ച്ചയുമാണ് ആനയുടെ മരണത്തിനു കാരണമായത്.
തലയുടെ ഭാഗത്തു തീ ആളിപ്പടര്‍ന്ന് പ്രാണരക്ഷാര്‍ഥം കാട്ടാന ഓടുന്നതിന്റെ വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. ആന ചരിഞ്ഞ കേസില്‍ രണ്ടു പേരെ വനം വകുപ്പ് അറസ്റ്റു ചെയ്തിരുന്നു. കേസില്‍ ഉള്‍പ്പെട്ട മാവനഹള്ള സ്വദേശി റിക്കി രായന്‍(31) ഒളിവിലാണ്. ഇയാളെ പിടികൂടുന്നതിനു വനം വകുപ്പ് നീക്കം ഉര്‍ജിതമാക്കി.