കൽപറ്റ- വയനാടിന്റെ ഭൂപ്രദേശത്തിൽ 26 ശതമാനം നേരിടുന്നത് ഗുരുതര പാരിസ്ഥിതിക പ്രതിസന്ധി. കബനി നദീതടത്തിലെ പരിസ്ഥിതി പുനഃസ്ഥാപനത്തിനുള്ള സമഗ്ര പദ്ധതി സർക്കാരിനു സമർപ്പിക്കുന്നതിനായി ജില്ലാ മണ്ണുസംരക്ഷണ ഓഫീസർ പി.യു.ദാസ് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. 1,63,570 ഹെക്ടർ വരുന്നതാണ് ജില്ലയിൽ കബനി തടം. ഇതിനെ ബാവലി, മാനന്തവാടി, പനമരം, കാന്നാരം പുഴകളുടെ ഉപതടങ്ങളായും ഇവയെ 21 നീർത്തടങ്ങളായും തിരിച്ചായിരുന്നു പഠനം. പാരിസ്ഥിതിക പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിൽ ഓരോ നീർത്തടത്തിലും ചുകപ്പ്, മഞ്ഞ, നീല എന്നിങ്ങനെ മേഖലകൾ അടയാളപ്പെടുത്തി. ഇതിൽ ഗുരുതര പാരസ്ഥിതിക പ്രതിസന്ധി നേരിടുന്ന ചുകപ്പ് മേഖലയിലാണ് ജില്ലയിലെ ഭൂപ്രദേശത്തിൽ 26 ശതമാനം. മഴ പെയ്യുമ്പോൾ മാത്രം ജലലഭ്യതയുള്ള 25 ശതമാനം പ്രദേശമാണ് മഞ്ഞ മേഖലയിൽ. കബനി നദി ഏറ്റവും മോശം സാഹചര്യങ്ങളെയാണ് നേരിടുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. വയനാടിനു സംഭവിക്കുന്ന പാരിസ്ഥിതിക ആഘാതങ്ങളും കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങളും കബനി നദിയെയും നദിക്കുണ്ടാകുന്ന എല്ലാവിധത്തിലുള്ള ശോഷണങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളും ജില്ലയെ ആകെയും ബാധിക്കുകയാണ്.
കബനി നദിയുടെയും കൈവഴികളുടെയും ഉത്ഭവസ്ഥാനങ്ങൾ അന്വേഷിച്ചുള്ളതായിരുന്നു 1200 വർഷം മുമ്പ് കർണാടകയിൽനിന്നു വയനാട്ടിലേക്കുണ്ടായ ജൈനമത വിശ്വാസികളുടെ കുടിയേറ്റം. തമിഴ്‌നാട്ടിലെ കൊങ്ങുനാട്ടിൽനിന്നുള്ള ചെട്ടിമാർ ജില്ലയിലേക്ക് നടന്ന കുടിയേറ്റത്തിനു 1000 വർഷമാണ് പഴക്കം. ഈ രണ്ട് കുടിയേറ്റങ്ങളും ജില്ലയുടെ കാർഷിക സംസ്‌കൃതി രൂപപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചു. പിൽക്കാലത്ത് ബ്രിട്ടീഷ് ഭരണ കാലത്തും ഏകദേശം 70 വർഷം മുമ്പ് മധ്യതിരുവതാംകൂറിൽനിന്നും ഉണ്ടായ വൻതോതിലുള്ള കുടിയേറ്റം വയനാടിന്റെ കാർഷിക സംസ്‌കാരത്തെ മാറ്റിമറിച്ചു. ഇതിന്റെ പ്രതിഫലനം കബനി നദിയിലുമുണ്ടായി.
ജില്ലയിലെ ഭൂപ്രദേശത്തിൽ 76 ശതമാനത്തിലും പെയ്യുന്ന മഴവെള്ളം കബനി നദിയിലേക്കാണ് ഒഴുകുന്നത്. വളപട്ടണംപുഴ, അഞ്ചരക്കണ്ടിപ്പുഴ, മാഹിപ്പുഴ, കുറ്റിയാടിപ്പുഴ, കോരപ്പുഴ, ചാലിയാർ എന്നിവിടങ്ങളിലും ജില്ലയിൽനിന്നു വെള്ളമെത്തുന്നു. നൂൽപുഴയിൽനിന്നും തിരുനെല്ലിയിൽനിന്നും കർണാടകയിലെ നുഗു അണക്കെട്ടിലേക്ക് നേരിട്ട് ജലപ്രവാഹമുണ്ട്.
അതീവ ഗുരുതരമാണ് വയനാടിന്റെ ജലസുരക്ഷ. 96 ടി.എം.സി ജലമാണ് കബനി നദിയിലൂടെ പുറത്തേക്കൊഴുകുന്നത്. ഇതിൽ 21 ടി.എം.സി ഉപയോഗിക്കാൻ കാവേരി നദീജല തർക്ക ട്രിബ്യൂണൽ കേരളത്തിനു അനുവാദം നൽകിയിട്ടുണ്ട്. എന്നാൽ നിലവിൽ കാരാപ്പഴ, ബാണാസുര അണക്കെട്ടുകളിലടക്കം 6 ടി.എം.സി വെള്ളം മാത്രമാണ് ഉപയോഗിക്കുന്നത്. ബാക്കിയുള്ള 15 ടി.എം.സി വിനിയോഗിക്കുന്നതിനുള്ള സൂക്ഷ്മതല പദ്ധതികൾ ആവിഷ്‌കരിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ ത്രിതല പഞ്ചായത്തുകളുടെയും വിവിധ സർക്കാർ വകുപ്പുകളുടെയും സജീവമായ ഇടപെടൽ ഉണ്ടാകണമെന്നും റിപ്പോർട്ടിൽ പറയുന്നു.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ലക്ഷണങ്ങൾ കേരളത്തിൽ ഏറ്റവും പ്രകടം വയനാട്ടിൽ-സി.കെ. ശശീന്ദ്രൻ എം.എൽ.എ
കൽപറ്റ- കലാവസ്ഥാ വ്യതിയാനത്തിന്റെ ലക്ഷണങ്ങൾ കേരളത്തിൽ ഏറ്റവും പ്രകടം വയനാട്ടിലാണെന്ന് സി.കെ. ശശീന്ദ്രൻ എം.എൽ.എ. ജില്ലാ മണ്ണു സംരക്ഷണ വകുപ്പും ഹരിത കേരളം ദൗത്യവും വയനാട് പ്രസ് ക്ലബിന്റെ സഹകരണത്തോടെ ജിനചന്ദ്ര ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ജല സമ്മേളനത്തിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. പുൽപള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളുടെ ചില ഭാഗങ്ങളിൽ കർണാടകയിലേതിനു സമാനമായ കാലാവസ്ഥയാണുള്ളത്. ഇത് കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുമെന്ന അഭിപ്രായത്തിലാണ് ശാസ്ത്രകാരന്മാർ. ഈ പശ്ചാത്തലത്തിലാണ് സർക്കാർ പുൽപള്ളി, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകൾക്കായി 80 കോടി രൂപയുടെ ജലസംരക്ഷണ പദ്ധതി പ്രഖ്യാപിച്ചത്. ഇതിന്റെ പ്രാരംഭ പ്രവർത്തനങ്ങൾ നടന്നുവരികയാണ്. പദ്ധതിക്ക് അഞ്ച് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. കബനി നദിയിലൂടെ കാവേരിയിലേക്ക് ഒഴുകുന്നതിൽ സംസ്ഥാനത്തിനു അവകാശപ്പെട്ട 21 ടി.എം.സി വെള്ളവും വയനാട്ടിൽ ഉപയോഗപ്പെടുത്താൻ കഴിയണം. ഇതിനു ഉതകുന്ന പ്രോജക്ട് സർക്കാരും തദ്ദേശ സ്ഥാപനങ്ങളും വിവിധ ഏജൻസികളും ചേർന്ന് തയാറാക്കണം. വയനാട്ടിൽ പെയ്യുന്ന മഴവെള്ളം സംഭരിക്കാനും വിനിയോഗിക്കാനും കഴിഞ്ഞാൽ ജില്ലയെ വരൾച്ചയിൽനിന്നു രക്ഷിക്കാനാകും. കബനി നദീതട സംരക്ഷണത്തിനു എൽ.ഡി.എഫ് സർക്കാരിന്റെ പ്രഥമ ബജറ്റിൽ 10 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ഈ തുകയുടെ വിനിയോഗത്തിനുള്ള പദ്ധതികൾ ആസൂത്രണ ദശയിലാണ്. വയനാട് ജലസമൃദ്ധമായാൽ ഗുണം സംസ്ഥാനത്തെ ഇതര ജില്ലകൾക്കും മറ്റു സംസ്ഥാനങ്ങൾക്കും ലഭിക്കുമെന്ന് എം.എൽ.എ പറഞ്ഞു.