എയിംസ് ജീവനക്കാരെ ആക്രമിച്ച കേസില്‍ ആം ആദ്മി നേതാവ് സോംനാഥ് ഭാരതിക്ക് രണ്ടു വര്‍ഷം തടവ്

ന്യൂദല്‍ഹി- എയിംസിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ സോംനാഥ് ഭാരതിയെ കോടതി രണ്ടു വര്‍ഷം തടവിനു ശിക്ഷിച്ചു. 2016ലാണ് കേസിനാസ്പദമായ സംഭവം. തടവു ശിക്ഷയ്ക്കു പുറമെ ഒരു ലക്ഷം രൂപ പിഴയും അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് വിധിച്ചു. അതേസമയം കോടതി സോംനാഥ് ഭാരതിക്ക് ജാമ്യം അനുവദിച്ചു. ശിക്ഷാ വിധിക്കെതിരെ അദ്ദേഹത്തിന് ഇനി ഹൈക്കോടതിയെ സമീപിക്കാം.

2016 സെപ്തംബര്‍ ഒമ്പതിന് മൂന്നോറോളം പേര്‍ക്കൊപ്പം നടത്തിയ സമരത്തിനിടെ ദല്‍ഹി ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ അതിര്‍ത്തി മതിലിന്റെ ഭാഗമായ വേലി തകര്‍ത്തെന്നാണ് കേസ്. ജെസിബിയുടെ സഹായത്തോടെയായിരുന്നു ഇത്.
 

Latest News