Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പ്രശ്‌നങ്ങൾ പരിഹരിച്ചു, നേതൃത്വത്തിൽ പൂർണവിശ്വാസം-കെ.വി തോമസ്

തിരുവനന്തപുരം- നേതൃത്വത്തിൽ പൂർണവിശ്വാസമുണ്ടെന്നും തെരഞ്ഞെടുപ്പിൽ സീറ്റ് ചോദിച്ചിട്ടില്ലെന്നും കോൺഗ്രസ് നേതാവ് കെ.വി തോമസ്. സോണിയ ഗാന്ധി നേതൃത്വം നൽകുന്ന കോൺഗ്രസിൽ വിശ്വാസമുണ്ട്. ചില പരാതികൾ ഉണ്ടായിരുന്നു. ആ പരാതികൾ നേതൃത്വത്തെ അറിയിച്ചു. പരാതികൾ പരിഹരിക്കുമെന്ന് പ്രതീക്ഷയുണ്ട്. തെരഞ്ഞെടുപ്പിൽ സീറ്റോ പാർട്ടിയിൽ പദവിയോ ചോദിച്ചിട്ടില്ലെന്നും തോമസ് വ്യക്തമാക്കി. 
കെ.വി. തോമസ് ഹൈക്കമാൻഡ് പ്രതിനിധിയും രാജസ്ഥാൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്‌ലോട്ടുമായി ചർച്ച നടത്തും. കെ.പി.സി.സി വർക്കിംഗ് പ്രസിഡണ്ട് സ്ഥാനത്തേക്ക് അദ്ദേഹത്തെ പരിഗണിക്കുമെന്നാണ് ലഭിക്കുന്ന വിവരം. 
സോണിയാ ഗാന്ധി വിളിച്ച വിവരം കെ.വി. തോമസ് ഇന്നലെ രാത്രി മാധ്യമ പ്രവർത്തകരെ അറിയിച്ചിരുന്നു. ഉടൻ തിരുവനന്തപുരത്തെത്താൻ സോണിയ നിർദേശിച്ചതനുസരിച്ച് അദ്ദേഹം ഇന്നലെ രാത്രി തന്നെ തിരുവനന്തപുരത്തേക്ക് തിരിക്കുകയും ചെയ്തു. തനിക്ക് നേരിടേണ്ടി വന്ന അവഗണനയിലും അപമാനത്തിലും മനസ്സു വിഷമിച്ചാണ് വാർത്താസമ്മേളനം വിളിച്ച് കാര്യങ്ങൾ തുറന്നു പറയാൻ ആലോചിച്ചതെന്ന് കെ.വി. തോമസ് ഇന്നലെ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ താനുമായി കൂടിയാലോചന നടത്താൻ പോലും കോൺഗ്രസ് നേതാക്കൾ തയ്യാറായില്ല. തന്റെ നാട്ടിലെ സ്ഥാനാർഥിയുടെ കാര്യത്തിൽ പോലും തന്റെ നിർദേശം അവഗണിച്ചു. പാർട്ടിയിൽ താൻ അപമാനിതനായി. ഒരു സർക്കാർ പരിപാടിയിൽ താൻ പങ്കൈടുത്തതിനെ തുടർന്ന് സോഷ്യൽ മീഡിയയിലൂടെ തനിക്കെതിരെ ആക്രമണമുണ്ടായി. കോൺഗ്രസിലുള്ളവർ തന്നെ തന്നെപ്പറ്റി അപവാദങ്ങൾ പ്രചരിപ്പിച്ചു. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തേക്ക് പോകുന്നുവെന്ന് പ്രചരിപ്പിച്ചത് അവരാണ്. എന്തായാലും സോണിയാ ഗാന്ധി എന്ത് പറഞ്ഞാലും അതിനപ്പുറം താൻ ഒന്നും ചെയ്യില്ലെന്ന് തോമസ് വ്യക്തമാക്കി. 
ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ ഇന്നലെ കെ.വി. തോമസിനെ വിളിച്ച് തിരുവനന്തപുരത്തെ ചർച്ചകളിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം നിരസിക്കുകയായിരുന്നു. ഇതിന് പിന്നാലെ ദൽഹിയിൽ നിന്ന് എ.കെ. ആന്റണിയുടെ വിളിയെത്തി. ആന്റണിയോട് കെ.വി. തോമസ് മനസ്സ് തുറന്ന് മിനിറ്റുകൾക്കുള്ളിൽ സോണിയാ ഗാന്ധിയുമായി കെ.വി. തോമസ് സംസാരിച്ചു. ഇതോടെ അദ്ദേഹത്തിന്റെ എല്ലാ പരാതികളും അവസാനിക്കുകയായിരുന്നു.
സംഘടനയിൽ തുടർച്ചയായി അവഗണിക്കപ്പെട്ടതിനെ തുടർന്ന് കുറച്ചു നാളായി കോൺഗ്രസുമായി അദ്ദേഹം അകലം പാലിക്കുകയായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രനും എം.എം. ഹസനും തിരുവഞ്ചൂർ രാധാകൃഷ്ണനുമടക്കമുള്ള മുതിർന്ന നേതാക്കൾക്ക് പാർട്ടിയിൽ പ്രധാന ചുമതലകൾ വഹിക്കാമെങ്കിൽ തന്നെ എന്തു കൊണ്ട് മാറ്റി നിർത്തുന്നുവെന്നാണ് കെ.വി. തോമസിന്റെ പരിഭവം.
 

Latest News