കോയമ്പത്തൂർ- സ്വകാര്യ സ്വർണപ്പണയ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സിന്റെ ഹൊസൂരിലെ ശാഖയില്‍നിന്ന് ഏഴുകോടി രൂപയുടെ സ്വര്‍ണം കൊള്ളയടിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. ഹൈദരാബാദില്‍നിന്നാണ് നാലംഗസംഘത്തെ പിടികൂടിയത്. ഹൊസൂര്‍-ബംഗളൂരു റോഡിലെ മുത്തൂറ്റ് ശാഖയില്‍ മുഖംമൂടി ധരിച്ചെത്തിയ സംഘം തോക്കുചൂണ്ടിയാണ് കവര്‍ച്ച നടത്തിയിരുന്നത്.
സെക്യുരിറ്റി ജീവനക്കാരനെ മർദിച്ചു താഴെയിട്ട സംഘം ജീവനക്കാരെ മുഴുവന്‍ തോക്കിന്‍മുനയില്‍ നിര്‍ത്തി ബ്രാഞ്ച് മാനേജറില്‍ താക്കോലുകള്‍ കൈക്കലാക്കിയാണ് കവർച്ച നടത്തിയത്. കൊല്ലുമെന്നു ഭീഷണിപ്പെടുത്തി ജീവനക്കാരെ കൊണ്ട് ലോക്കര്‍ തുറപ്പിക്കുകയായിരുന്നു.
25,091 ഗ്രാം സ്വര്‍ണവും 96,000 രൂപയുമാണ് മോഷണം പോയത്. സമീപത്തെ കടകളിലെ സിസിടിവി കാമറകളില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.