Sorry, you need to enable JavaScript to visit this website.

ധർമജൻ ബോൾഗാട്ടിയുടെ സ്ഥാനാർഥിത്വം: നിഷേധിച്ച് കോൺഗ്രസ് നേതൃത്വം

കൊച്ചി - സിനിമാതാരം ധർമജൻ ബോൾഗാട്ടിയെ കോൺഗ്രസ് ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുമെന്ന പ്രചാരണം തള്ളി കോൺഗ്രസ് ജില്ലാ നേതൃത്വം. വൈപ്പിൻ നിയമസഭാ മണ്ഡലത്തിൽ നടൻ ധർമജൻ ബോൾഗാട്ടി യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുമെന്നാണ് സാമൂഹ്യമാധ്യമങ്ങളിൽ വാർത്ത പ്രചരിച്ചത്. 
ധർമജൻ ബോൾഗാട്ടി വാർത്തകൾ നിഷേധിക്കാൻ തയ്യാറാകാതിരുന്നത് അഭ്യൂഹത്തിന് ആക്കംകൂട്ടി. എന്നാൽ ധർമജന്റെ പേര് പാർട്ടിയുടെ പരിഗണനയിലില്ലെന്ന് യു.ഡി.എഫ് ചെയർമാൻ കൂടിയായ കോൺഗ്രസ് നേതാവ് ഡൊമിനിക് പ്രസന്റേഷൻ വ്യക്തമാക്കി. പാർട്ടി പ്രവർത്തനത്തിൽ പരിചയസമ്പത്തും രാഷ്ട്രീയ പരിചയവുമുള്ള നിരവധി മുതിർന്ന നേതാക്കൾ ജില്ലയിലുണ്ട്. അവരെ മറികടന്ന് ധർമജന് സീറ്റു നൽകില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്ഥാനാർത്ഥിത്വത്തിൽ തീരുമാനമെടുക്കേണ്ടത് എ.ഐ.സി.സിയും കെ.പി. സി.സിയുമാണെന്നാണ് ധർമജൻ പ്രതികരിച്ചിരുന്നത്. തനിക്ക് ഇതേക്കുറിച്ച് അറിയില്ല. പുതുമുഖങ്ങളെ പരിഗണിക്കുന്നു എന്നതും താൻ മണ്ഡലത്തിൽ തന്നെ താമസിക്കുന്നു എന്നതും പരിഗണിച്ചായിരിക്കും താൻ സ്ഥാനാർത്ഥിയാവും എന്ന തരത്തിൽ പ്രചാരണമുണ്ടായത്. 
പാർട്ടി സ്ഥാനാർത്ഥിയാവാൻ ക്ഷണിച്ചാൽ എന്തു ചെയ്യുമെന്ന ചോദ്യത്തിന് വരട്ടെ, അപ്പോൾ കാണാമെന്നായിരുന്നു ധർമജന്റെ മറുപടി. ആറാം ക്ലാസുമുതൽ കോൺഗ്രസ് പ്രവർത്തകനാണ്. പാർട്ടിയ്ക്കുവേണ്ടി സമരം ചെയ്തും പ്രവർത്തനങ്ങൾ നടത്തിയും ജയിൽവാസം പോലും അനുഭവിച്ചിട്ടുണ്ട്. അടിമുടി രാഷ്ട്രീയക്കാരനായ താൻ ഇനി രാഷ്ട്രീയത്തിലേക്ക് പ്രത്യേകിച്ച് ഇറങ്ങേണ്ടതില്ലെന്നും ധർമജൻ പറഞ്ഞിരുന്നു.

 

Latest News