Sorry, you need to enable JavaScript to visit this website.

ഖിലാഫത്ത് സമരം അധിനിവേശ-ജന്മിത്വ  വിരുദ്ധ പോരാട്ടം -പി. സുരേന്ദ്രൻ

തിരൂരങ്ങാടിയിൽ നടന്ന വാരിയൻകുന്നൻ അനുസ്മരണം എഴുത്തുകാരൻ പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

തിരൂരങ്ങാടി - മലബാറിലെ പണിയാളരായ കർഷകരെ സമാനതകളില്ലാതെ പീഡിപ്പിച്ച ജന്മിമാർക്കും അവരെ പിന്തുണച്ച ബ്രിട്ടിഷ് ഭരണകൂടത്തിനുമെതിരെ നടന്ന പോരാട്ടമാണ് മലബാറിലെ ഖിലാഫത്ത് സമരവും വാരിയൻകുന്നൻ കുഞ്ഞഹമ്മദ് ഹാജിയുടെ രക്തസാക്ഷിത്വവുമെന്ന് പ്രമുഖ എഴുത്തുകാരൻ പി. സുരേന്ദ്രൻ. മലബാറിലെ ഖിലാഫത്ത് സമരത്തെ വർഗീയ ലഹളയായി എഴുതിയതും വ്യഖ്യാനിച്ചതും ബ്രിട്ടീഷുകാരും അവരെ പിന്തുണക്കുന്ന ആർ.എസ്.എസും മാത്രമാണെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി. 
ജാലിയൻ വാലാബാഗ് കൂട്ടക്കുരുതിയുടെ പേരിൽ ബ്രിട്ടൻ മാപ്പ് പറഞ്ഞതു പോലെ മലബാറിലെ ബ്രിട്ടീഷ് ക്രൂരതയുടെ പേരിലും അന്നത്തെ പോരാളികളുടെ ജീവിച്ചിരിക്കുന്ന തലമുറയോട് മാപ്പ് ചോദിക്കേണ്ടതുണ്ട്. വാരിയൻകുന്നന്റെ രക്തസാക്ഷിത്വത്തിന്റെയും മലബാറിലെ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളുടെയും നൂറാം വാർഷികത്തോടനുബന്ധിച്ച് വാരിയൻകുന്നന്റെ കുടുംബ കൂട്ടായ്മയായ ചക്കിപറമ്പൻ ഫാമിലി അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റി ചെമ്മാട് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 
ചടങ്ങിൽ അസോസിയേഷൻ ജില്ല പ്രസിഡന്റ് സി.പി. ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. ചന്ദ്രിക പത്രാധിപർ സി.പി. സൈതലവി, ഡോക്യുമെന്ററി നിർമ്മാതാവ് അബ്ബാസ് കാളംതോട്, വാരിയൻകുന്നന്റെ പുസ്തക രചയിതാവ് ജാഫർ ഈരാറ്റുപേട്ട, ഖുബൈബ് വാഫി, സി.പി കുട്ടിമോൻ, സി.പി. ചെറീത് ഹാജി, സി.പി. കുഞ്ഞിമുഹമ്മദ്, സി.പി. കുഞ്ഞിപ്പ, സി.പി. മുസ്തഫ എന്നിവർ പ്രസംഗിച്ചു. തിരൂരങ്ങാടി നഗരസഭ ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.പി. ഇസ്മായിലിനെ ചടങ്ങിൽ ആദരിച്ചു. സി.പി. അബ്ദുൽ വഹാബ് സ്വാഗതവും സി.പി. ഇബ്രാഹിം നന്ദിയും പറഞ്ഞു.

 

 

Latest News