സന്യാസിനിയുടെ വീട്ടിൽനിന്ന്  സ്വർണക്കട്ടികളും  കള്ളപ്പണവും പിടികൂടി

സാധ്വി ജയ്ശ്രീയും സഹായിയും പോലീസ് കസ്റ്റഡിയിൽ.

ഗാന്ധിനഗർ- ഗുജറാത്തിൽ തട്ടിപ്പ് കേസിൽ അറസ്റ്റിലായ മതപ്രഭാഷകയുടെ വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിൽ 80 ലക്ഷം രൂപ വിലവരുന്ന 2.4 കിലോ സ്വർണ ബിസ്‌ക്കറ്റുകളും, 1.25 കോടി രൂപയുടെ കള്ളപ്പണവും, മദ്യക്കുപ്പികളും പിടികൂടി. ബനസ്‌കാന്ത ജില്ലയിലെ മുക്തേശ്വർ മഠം ഭാരവാഹി കൂടിയായ സാധ്വി ജയ്ശ്രീ ഗിരിയുടെ പാലമ്പൂരിലെ വീട്ടിൽനിന്നാണ് കണക്കിൽപെടാത്ത പണവും സ്വർണവും കണ്ടെടുത്തത്.
പ്രദേശത്തെ ഒരു ജ്വല്ലറിയിൽനിന്ന് കുറച്ചുനാൾ മുമ്പ് ഇവർ അഞ്ച് കോടി രൂപയുടെ സ്വർണ ബിസ്‌കറ്റുകൾ വാങ്ങിയിരുന്നു. എന്നാൽ ഇതിന്റെ പണം മുഴുവനും നൽകിയിരുന്നില്ല. പല തവണ കുടിശ്ശിക ആവശ്യപ്പെട്ടെങ്കിലും കിട്ടാത്തതിനെ തുടർന്ന് കടയുടമ പ്രീതേഷ് ഷാ പോലീസിൽ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് സാധ്വി ജയ്ശ്രീയെ അറസ്റ്റ് ചെയ്തത്. തുടർന്ന് പോലീസ് ഇവരുടെ വീട് പരിശോധിച്ചപ്പോഴാണ് 1.25 കോടിയുടെ പുതിയ 2000 രൂപ നോട്ടുകളും, 100 ഗ്രാം വീതം തൂക്കമുള്ള 24 സ്വർണക്കട്ടികളും മദ്യക്കുപ്പികളും പിടികൂടിയത്. സമ്പൂർണ മദ്യനിരോധനം നിലനിൽക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. കേസിൽ സാധ്വി ജയ്ശ്രീയെ കൂടാതെ രണ്ട് പേരെക്കൂടി അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. 
മുമ്പും വാർത്തകളിൽ ഇടം പിടിച്ചിട്ടുള്ള സാധ്വി ജയ്ശ്രീ, കഴിഞ്ഞ ഡിസംബറിൽ ഗായകർക്ക് പൊതുവേദിയിൽ പരസ്യമായി 2000 രൂപ നോട്ടുകൾ വാരി വിതറിയത് വിവാദമായിരുന്നു. 

Tags

Latest News