Sorry, you need to enable JavaScript to visit this website.

ശലഭ സർവേ പൂർത്തിയായി; 262 ഇനം പുതിയ  ശലഭങ്ങളെ കണ്ടെത്തി

കണ്ണൂർ – ആറളം വന്യജീവി സങ്കേതത്തിലെ ശലഭ സർവേ പൂർത്തിയായി. മലബാർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെയും ആറളം വന്യജീവി സങ്കേതത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്ന സർവേയിൽ, അപൂർവ്വ ഇനമായ വാലൻ നീലാംബരി ഉൾപ്പെടെ 262 ഇനം ശലഭങ്ങളെ കണ്ടെത്തി. ഇരുപത്തിയൊന്നാമത് സർവേയാണിത്.

ആറളം വന്യ ജീവി സങ്കേതത്തിൽ ഉൾപ്പെട്ട പൂക്കുണ്ട്, മീൻമുട്ടി, ചാവച്ചി, അമ്പലപ്പാറ, പരിപ്പുതോട്, കൊട്ടിയൂർ വന്യജീവി സങ്കേതത്തിലെ സൂര്യമുടി എന്നീ പ്രദേശങ്ങൾ കേന്ദ്രീകരിച്ചായിരുന്നു സർവേ. പിറീഡേ കുടുംബത്തിൽ പെട്ട ആൽബട്രോസ് ശലഭങ്ങളുടെ ദേശാടനത്തിന് പുറമെ, ശലഭ വൈവിധ്യങ്ങളെക്കുറിച്ചുള്ള പഠനവും നടന്നു. അപൂർവ്വ ഇനമായ വാലൻ നീലാംബരിക്ക് പുറമെ, സംസ്ഥാന ചിത്രശലഭമായ ബുദ്ധമയൂരിയേയും മറ്റൊരു അപൂർവ്വ ഇനമായ നീലഗിരി പാപ്പാത്തിയേയും സർവേയിൽ നിരീക്ഷിച്ചു.  


നിശാശലഭങ്ങളുടെ കണക്കെടുപ്പും ഇതോടൊപ്പം ആരംഭിച്ചു. ഇതിനകം ആയിരത്തിലധികം വിവിധ ഇനങ്ങളിൽ പെട്ട ശലഭങ്ങളെ കണ്ടെത്തി. അപൂർവ്വ നിശാശലഭങ്ങളായ അമ്പിളിക്കണ്ണൻ, കൈരളി കണ്ണൻ എന്നിവയേയും നിരീക്ഷിച്ചു. നിശാശലഭ സർവേ വരും ദിവസങ്ങളിലും തുടരും. കേരളത്തിൽ ചിത്രശലഭ വൈവിധ്യം ഏറ്റവും കൂടുതലുള്ള സംരക്ഷിത വനമേഖലയെന്ന പ്രാധാന്യം ആറളം വന്യജീവി സങ്കേതം നിലനിർത്തി. തുടർച്ചയായ പ്രളയങ്ങൾ ശലഭ ദേശാടനത്തേയും പ്രതികൂലമായി ബാധിച്ചതായി വിലയിരുത്തുന്നു. പ്രളയത്തിൽ  പുഴയോരത്തെ മണൽതിട്ടകൾക്കുണ്ടായ നാശവും, കാലം തെറ്റി പെയ്യുന്ന മഴയുമാണ് ഇതിന് കാരണമെന്നാണ് നിഗമനം. ചീങ്കണ്ണി പുഴയോരത്തും ഉരുട്ടി പുഴയോരത്തുമുള്ള മണൽതിട്ടയിലാണ് ശലഭങ്ങളുടെ കൂട്ടം ചേരൽ(മഡ് പഡ്‌ലിംഗ്) ഏറ്റവും കൂടുതൽ കണ്ടത്. ഈ മണൽത്തിട്ടകൾ ഇവയ്ക്കാവശ്യമായ ധാതുലവണങ്ങളുടെ ശേഖരങ്ങളാണ്.


ഇരുപതോളം ശലഭ നിരീക്ഷകരാണ് ക്യാമ്പിൽ പങ്കെടുത്തത്. വൈൽഡ് ലൈഫ് വാർഡൻ എ.ഷജ്‌ന, അസി.വൈൽഡ് ലൈഫ് വാർഡൻ എൻ.അനിൽകുമാർ, ഡപ്യുട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ ജയേഷ് ജോസഫ്, കൺസർവേറ്റർ ബയോളജിസ്റ്റ് നിഥിൻ ദിവാകർ, ശലഭ നിരീക്ഷകരായ ബാലകൃഷ്ണൻ വളപ്പിൽ, വി.കെ.ചന്ദ്രശേഖരൻ തുടങ്ങിയവരാണ് സർവേയ്ക്ക് നേതൃത്വം നൽകിയത്.
ആറളം വന്യജീവി സങ്കേതത്തിന്റെ ജൈവ വൈവിധ്യ പ്രാധാന്യം വിളിച്ചോതുന്നതാണ് സർവേ ഫലമെന്നാണ് വിലയിരുത്തുന്നത്.
              

Latest News