Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ബേപ്പൂരിലോ കോഴിക്കോട് സൗത്തിലോ ജനവിധി തേടാനൊരുങ്ങി മുഹമ്മദ് റിയാസ് 

പി.എ.മുഹമ്മദ് റിയാസ്

കോഴിക്കോട്- ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ.മുഹമ്മദ് റിയാസ് ബേപ്പൂരിലോ കോഴിക്കോട് സൗത്തിലോ ജനവിധി തേടാനൊരുങ്ങുന്നു. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ കോഴിക്കോട്ടെ ഈ രണ്ട് മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന കോഴിക്കോട് നഗരസഭ കേന്ദ്രീകരിച്ച റിയാസിന്റെ പ്രവർത്തനം നിയമസഭയെ കൂടി ലാക്കാക്കിയായിരുന്നു.
മുഖ്യമന്ത്രിയും കേരളത്തിലെ സി.പി.എമ്മിലെ ഏറ്റവും ശക്തനായ നേതാവുമായ പിണറായി വിജയന്റെ മകളുടെ ഭർത്താവ് കൂടിയായ റിയാസ് വിദ്യാർഥി യുവജന രാഷ്ട്രീയത്തിൽ മികവ് തെളിയിച്ചത് കോഴിക്കോട് കേന്ദ്രീകരിച്ചാണ്. കോഴിക്കോട് നഗരത്തിലെ സെന്റ് ജോസഫ്‌സ് സ്‌കൂളിലും തുടർന്ന് ഫാറൂഖ് കോളേജിലും കോഴിക്കോട് ലോ കോളേജിലും പഠിക്കുന്ന കാലത്ത് ജില്ലയിലെ എസ്.എഫ്.ഐക്കും പിന്നീട് ഡി.വൈ.എഫ്.ഐക്കും നേതൃത്വം നൽകി. ഡി.വൈ.എഫ്.ഐയുടെ കോഴിക്കോട് ജില്ലാ പ്രസിഡന്റായും സംസ്ഥാന സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലും പ്രവർത്തിച്ചിരുന്നു. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറായിരുന്ന പി.എം.അബ്ദുൽ ഖാദറിന്റെ പുത്രനാണ് റിയാസ്.


 
1977 നെ മാറ്റി നിർത്തിയാൽ ഇടതുപക്ഷത്തെ മാത്രം വിജയിപ്പിച്ച മണ്ഡലമാണ് ബേപ്പൂർ. സിറ്റിംഗ് എം.എൽ.എയായിരുന്ന കെ. ചാത്തുണ്ണി മാസ്റ്ററെ തോൽപിച്ച് ബേപ്പൂരിന്റെ നായകനായ കോൺഗ്രസ് നേതാവ് എൻ.പി. മൊയ്തീനാണ്. 1980 ൽ എൻ.പി. മൊയ്തീൻ ആന്റണി വിഭാഗം കോൺഗ്രസ് സ്ഥാനാർഥിയായി ഇടതു പിന്തുണയോടെ ജയിച്ചു. പ്രദേശത്തുകാരൻ കൂടിയായ വി.കെ.സി.മമ്മദ് കോയയാണ് നിലവിൽ ബേപ്പൂരിനെ നിയമസഭയിൽ പ്രതിനിധീകരിക്കുന്നത്. 2001 ൽ വിജയിച്ച വി.കെ.സി പത്തു വർഷത്തിന് ശേഷമാണ് 2016 ൽ വീണ്ടും ഇവിടെ മത്സരിക്കുന്നതും ജയിക്കുന്നതും. ടി.കെ.ഹംസയും എളമരം കരീമും രണ്ടു തവണ വീതം ജയിച്ച ബേപ്പൂർ പണ്ടത്തേതുപോലെ ഈസിയല്ല. 

 

മണ്ഡലത്തിന്റെ അതിർത്തിയിൽ വന്ന മാറ്റമാണ് ബേപ്പൂരിനെ ഇടതിന് ഈസിയല്ലാതാക്കുന്നത്. സി.പി.എം ശക്തി കേന്ദ്രമായ ഒളവണ്ണ ബേപ്പൂരിൽ നിന്ന് കുന്നമംഗലത്തേക്ക് മാറി. ഇപ്പോൾ മണ്ഡലത്തിൽ ശേഷിക്കുന്നത് കോഴിക്കോട് നഗരസഭയുടെ ഭാഗമായി മാറിയ പഴയ ചെറുവണ്ണൂർ-നല്ലളം, ബേപ്പൂർ പഞ്ചായത്തു പ്രദേശങ്ങളും ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികളുമാണ്. ഇതിൽ ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികളിൽ ഇപ്പോൾ ജയിച്ചത് യു.ഡി.എഫാണ്. നഗരസഭാ പ്രദേശത്ത് ഇടതിന്റെ ജയം ആവർത്തിക്കുകയാണുണ്ടായത്. ഇതിൽ തന്നെ ചെറുവണ്ണൂർ-നല്ലളം പഞ്ചായത്ത് പ്രദേശത്ത് യു.ഡി.എഫും എൽ.ഡി.എഫും ഏതാണ്ട് തുല്യമാണ്. ബേപ്പൂർ മാത്രമാണ് ഇടതിന്റെ ഒപ്പം ശക്തിയായി നിൽക്കുക. ബി.ജെ.പിക്ക് സ്വാധീനമുള്ള ഈ മേഖലയിൽ സി.പി.എമ്മിലെ 'മുസ്‌ലിം'കളാണ് ചാത്തുണ്ണി മാസ്റ്റർക്ക് ശേഷം വിജയിക്കുന്നത്. 1991 ൽ ബി.ജെ.പിയും യു.ഡി.എഫും ഡോ. എം.മാധവൻകുട്ടിയെ പിന്തുണക്കുകയുണ്ടായെങ്കിലും സി.പി.എമ്മിലെ ടി.കെ.ഹംസ 7381 വോട്ടിന് ജയിച്ചു. 


2016 ൽ ഈ ശങ്ക കാരണമാണ് വി.കെ.സിയെ കോഴിക്കോട് മേയർ സ്ഥാനത്തുനിന്ന് തിരിച്ചു വിളിപ്പിച്ചത്. ബേപ്പൂരിനെ നേരത്തെ പ്രതിനിധാനം ചെയ്ത എളമരം കരീം ഇപ്പോൾ രാജ്യസഭാംഗമാണ്. 
33-ാം വയസ്സിൽ ലോക്‌സഭയിലേക്ക് സ്ഥാനാർഥിത്വം ലഭിച്ച റിയാസിന് പക്ഷേ ജയിക്കാനായിരുന്നില്ല. 2009 ൽ റിയാസിന് അനുവദിക്കുമ്പോൾ കോഴിക്കോട് ലോക്‌സഭാ മണ്ഡലം ഇടതിന് വിജയം ഉറപ്പിച്ച മണ്ഡലങ്ങളിലൊന്നായിരുന്നു. ഏഴ് അസംബ്ലി മണ്ഡലങ്ങളിൽ കൊടുവള്ളി മാത്രമായിരുന്നു ഏക യു.ഡി.എഫ് മണ്ഡലം. അതു കൊണ്ടു തന്നെ കോൺഗ്രസിൽ ഈ മണ്ഡലത്തിന് വേണ്ടി ആരും ശ്രമിച്ചതുമില്ല. അവിടേക്കാണ് പയ്യന്നൂർക്കാരനായ എം.കെ.രാഘവൻ വരുന്നതും 838 വോട്ടിന് റിയാസിനെ തോൽപിക്കുന്നതും. ജയമുറപ്പിച്ച മണ്ഡലത്തിലെ തോൽവി റിയാസിനെ പിന്നീട് മത്സരങ്ങളിൽ നിന്ന് മാറ്റിനിർത്തി. പിണറായി വിജയന്റെ വാത്സല്യം പണ്ടേ അനുഭവിക്കാൻ കഴിഞ്ഞതു തന്നെയായിരുന്നു അന്നത്തെ തോൽവിക്ക് കാരണം. വിവാദ വ്യവസായി ഫാരിസ് അബൂബക്കറിന്റെ ബിനാമിയാണെന്ന് വരെ അന്ന് റിയാസിനെതിരെ പ്രചാരണമുണ്ടായി. വീരേന്ദ്രകുമാർ ആവശ്യപ്പെട്ടിട്ട് നൽകാതെയാണ് അന്ന് കോഴിക്കോട് റിയാസിന് സമ്മാനിച്ചത്. 

 

കോഴിക്കോട് സൗത്തിലും റിയാസിനെ പരിഗണിക്കുന്നു. ഇവിടെ 2016 ൽ ഇടതു മുന്നണിക്ക് വേണ്ടി മത്സരിച്ചത് ഐ.എൻ.എൽ സ്ഥാനാർഥിയാണ്. മണ്ഡലം വേണ്ടി അവർ ആവശ്യപ്പെടുന്നുണ്ട്. സൗത്തിൽ മുസ്‌ലിം ലീഗിലെ ഡോ. എം.കെ.മുനീറാവും യു.ഡി.എഫ് സ്ഥാനാർഥി. മുനീറിന്റെ സിറ്റിംഗ് മണ്ഡലമായതിനാൽ ഇതും റിയാസിന് എളുപ്പമല്ല. നഗരസഭയുടെ ഭാഗമായ എലത്തൂർ മണ്ഡലമാണ് ഈ മേഖലയിലെ ഇടതിന്റെ ഉറച്ച സീറ്റ്. എൻ.സി.പിയിലെ എ.കെ. ശശീന്ദ്രനാണ് എലത്തൂരിലെ നിയമസഭാംഗം. സി.പി.എമ്മിന് താൽപര്യമുള്ള നേതാക്കളിലൊരാളാണ് ശശീന്ദ്രനെന്നതിനാൽ എലത്തൂർ ഒഴിച്ചെടുക്കാൻ കഴിയുമോ എന്ന ചോദ്യവുമുണ്ട്. 


ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എന്നതിനേക്കാൾ ഈ തെരഞ്ഞെടുപ്പിൽ റിയാസിനെ എതിരാളികൾ പരിഗണിക്കുക പിണറായി വിജയന്റെ മകളുടെ ഭർത്താവ് എന്ന നിലയിലാണ്. ഇതും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമാവും. 2016 ൽ കുന്നമംഗലത്ത് കോൺഗ്രസിലെ ടി.സിദ്ദീഖിനെതിരെ അദ്ദേഹത്തിന്റെ മുൻ ഭാര്യയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചയാക്കിയിരുന്നു. റിയാസിനെതിരെ മുൻ ഭാര്യ ഡോ.സെമീഹ സൈതലവി ഗാർഹിക പീഡനക്കേസ് നൽകിയിരുന്നു. കാലിക്കറ്റ് സർവകലാശാല സിൻഡിക്കേറ്റ് മുൻ അംഗവും എസ്.എഫ്.ഐ പ്രവർത്തകയുമായ സമീഹയുമായുള്ള ബന്ധം 2015 ലാണ് വേർപെടുത്തിയത്. 
 

Latest News