കത്തിച്ച തുണിക്കെട്ട് തലയില്‍ എറിഞ്ഞു കാട്ടാനയെ കൊന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍

മസിനഗുഡി(തമിഴ്‌നാട്)-നീലഗിരിയിലെ മുതുമല കടുവാസങ്കേതം പരിധിയിലുള്ള  മാവനഹള്ളയില്‍ അനധികൃത ഹോംസ്റ്റേ പരിസരത്തു മണ്ണെണ്ണ ഒഴിച്ചു കത്തിച്ച തുണിക്കെട്ടു  തലയില്‍  എറിഞ്ഞു പൊള്ളലേല്‍പ്പിച്ചു കാട്ടാനയെ കൊന്ന കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍.

ഹോംസ്റ്റേ നടത്തിപ്പുകാരായ മസിനഗുഡി സ്വദേശി പ്രശാന്ത്(40), മാവനഹള്ള സ്വദേശി റെയ്മണ്ട് ഡീന്‍(30) എന്നിവരെയാണ് വനം വകുപ്പ് അറസ്റ്റു ചെയ്തത്. കേസിലെ മൂന്നാം പ്രതി മാവനഹള്ള സ്വദേശി റിക്കി റയാന്‍ ഒളിവിലാണ്.

https://www.malayalamnewsdaily.com/sites/default/files/2021/01/22/eleph-2.jpg

ദിവസങ്ങള്‍ക്കു മുമ്പാണ് കേസിനു കേസിനാസ്പദമായ സംഭവം. 45 വയസു മതിക്കുന്ന കൊമ്പനാണ് പൊള്ളലേറ്റും രക്തം വാര്‍ന്നും  ചരിഞ്ഞത്. രാത്രി ഹോംസ്റ്റേ വളപ്പിലെത്തിയ ആനയെ  നടത്തിപ്പുകാരില്‍ ഒരാള്‍ തുണിക്കെട്ടിനു തീയിട്ടു വിരട്ടി. ആന ഹോംസ്റ്റേ വളപ്പിനു പുറത്തു കടന്നതിനു പിന്നാലെയാണ് കത്തുന്ന തുണിക്കെട്ടു തലയിലേക്കു എറിഞ്ഞത്. പൊള്ളലേറ്റ ആന ചിന്നം വിളിച്ചു പായുകയും  19നു ചരിയുകയുമായിരുന്നു.


ഒന്നര മാസം മുമ്പു മറ്റൊരു ആനയുമായുള്ള ഏറ്റുമുട്ടലില്‍  രണ്ടു വാരിയെല്ലുകള്‍ തകര്‍ന്ന കൊമ്പനെ  വനം വകുപ്പ് ചികിത്സിച്ചുവരികയായിരുന്നു. ഗ്രാമാതിര്‍ത്തിയില്‍ ചുറ്റിത്തിരിയുന്നു സ്വഭാവം ഉണ്ടെങ്കിലും നിരുപദ്രവകാരിയായിരുന്നു കൊമ്പന്‍.

വനം ജീവനക്കാര്‍ കണ്ടെത്തുമ്പോള്‍ അവശനിലയിലായിരുന്നു ആന. പൊള്ളലേറ്റു ചെവികളില്‍ ഒന്നിന്റെ ഭാഗത്തുണ്ടായ മുറിവില്‍നിന്നു രക്തം വാര്‍ന്നതാണ് കൊമ്പന്‍ ചരിയുന്നതിനു കാരണമായതെന്നു മസിനഗുഡിയിലെ വന്യജീവി ക്ഷേമ പ്രവര്‍ത്തകന്‍ സൈനുല്‍ ആബിദ് പറഞ്ഞു. വനം വകുപ്പിനു ലഭിച്ച വീഡിയോയാണ് പ്രതികളെ തിരിച്ചറിയുന്നതിനു സഹായകമായത്.  

Tags

Latest News