Sorry, you need to enable JavaScript to visit this website.

പ്രസിഡന്റിനെ ചൊല്ലി കോണ്‍ഗ്രസ് യോഗത്തില്‍ ഉന്നത നേതാക്കള്‍ തമ്മില്‍ വാഗ്വാദം; സംഭവിച്ചത് ഇങ്ങനെ

ന്യൂദല്‍ഹി- ഇന്ന് ദല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി യോഗത്തില്‍ പുതിയ പാര്‍ട്ടി പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിനെ ചൊല്ലി ഉന്നത നേതാക്കല്‍ തമ്മില്‍ ചേരിതിരിഞ്ഞുള്ള വാഗ്വാദം ഉണ്ടായി. ഈ വാഗ്വാദങ്ങള്‍ക്കൊടുവിലാണ് ജൂണില്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ യോഗം തീരുമാനിച്ചത്. കേരളം ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പു സംബന്ധിച്ച ചര്‍ച്ചയായിരുന്നു യോഗത്തിലെ പ്രധാന വിഷയം. എത്രയും വേഗം സംഘടനാ തെരഞ്ഞെടുപ്പു നടത്തി പുതിയ പാര്‍ട്ടി പ്രസിഡന്റിനെ നിയമിക്കണമെന്ന് മുതിര്‍ന്ന നേതാക്കളായ ഗുലാം നബി ആസാദ്, ആനന്ദ് ശര്‍മ, മുകുള്‍ വാസ്‌നിക്, പി ചിദംബരം എന്നിവര്‍ ആവശ്യം ഉന്നയിച്ചു. പാര്‍ട്ടിക്ക് മുഴുസമയ മേധാവി ഇല്ലാത്തതിനെയും തെരഞ്ഞെടുപ്പുകളിലെ മോശം നേതൃത്വത്തേയും  മാസങ്ങളായി ചോദ്യം ചെയ്യുന്ന നേതാക്കളാണിവര്‍. ഇതോടെ ഗാന്ധി കുടുംബത്തെ പിന്താങ്ങുന്ന ഉന്നത നേതാക്കളുടെ മറുവിഭാഗവും പ്രതികരിച്ചു. അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പു കഴിഞ്ഞു മതി പ്രസിഡന്റ് തെരഞ്ഞെടുപ്പെന്നും ഇപ്പോള്‍ മുന്‍ഗണന നല്‍കേണ്ടത് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കാണെന്നും ഈ നേതാക്കള്‍ വാദിച്ചു. രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഘെലോട്ട്, പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, എകെ ആന്റണി, താരിഖ് അന്‍വര്‍, ഉമ്മന്‍ ചാണ്ടി എന്നീ നേതാക്കളാണ് ഈ നിലപാട് സ്വീകരിച്ചത്. ഇവരില്‍ ഒരു നേതാവ് ശക്തമായി പ്രതികരിച്ചതായും എന്‍ഡിടിവി റിപോര്‍ട്ട് ചെയ്യുന്നു. 'ആരുടെ അജണ്ട അനുസരിച്ചാണ് നാം പ്രവര്‍ത്തിക്കുന്നത്? ആദ്യം സംസ്ഥാന തെരഞ്ഞെടുപ്പ്. എന്നിട്ടു മതി സംഘടനാ തെരഞ്ഞെടുപ്പ്,' നേതാവ് പറഞ്ഞു. വാഗ്വാദത്തിനൊടുവില്‍ പതിവു പോലെ ഗാന്ധി കുടുംബത്തോട് ചേര്‍ന്നു നില്‍ക്കുന്ന വിഭാഗത്തിന്റെ നിലപാട് മറു വിഭാഗത്തിന് അംഗീകരിക്കേണ്ടി വന്നു.

കോണ്‍ഗ്രസ് പ്രസിഡന്റ് പദവിയിലേക്കും പ്രവര്‍ത്തക സമിതിയിലേക്കുമുള്ള തെരഞ്ഞെടുപ്പുകളുടെ തീയതി വൈകാതെ പ്രഖ്യാപിക്കും. ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി ഇതു സംബന്ധിച്ച തീരുമാനമെടുക്കും. 1997ലാണ് അവസാനമായി കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്. 

Latest News