Sorry, you need to enable JavaScript to visit this website.

അൽപം അടുക്കളക്കാര്യം

കേരളീയ സാമൂഹിക ജീവിതത്തിലെ പല വഴിത്തിരിവുകൾക്കും കാരണമായ ഗൾഫ് കുടിയേറ്റമാണ് മലയാളി പുരുഷന്മാരെ അടുക്കളകളിലേക്ക് ആനയിച്ചതെന്ന യാഥാർഥ്യം നാം കാണാതിരുന്നുകൂടാ. ഗൾഫിലെ അടുക്കളകളിൽ സ്വയം പാചകം ചെയ്ത് പഠിച്ച മലയാളി പുരുഷന്മാർ, നാട്ടിലെ കുടുംബങ്ങളിലേക്കും അത് പകർന്നു നൽകിയിട്ടുണ്ട്. അടുക്കളകളിലെ ഫ്യൂഡൽ മൂല്യങ്ങളെ അട്ടിമറിക്കാൻ ഈ ജീവിതാനുഭവം നമുക്ക് കരുത്ത് നൽകും.

 

അടുക്കളയാണ് താരം. സമൂഹത്തിന്റെയോ കുടുംബത്തിന്റെയോ പോലും കണ്ണുകൾ എത്തിച്ചേരാത്ത അടുക്കളയുടെ ഇരുണ്ട മൂലകളിലേക്ക് തിരിച്ചറിവിന്റെ വെളിച്ചം പതുക്കെപ്പതുക്കെ കടന്നുചെല്ലുന്നത്, വരാനിരിക്കുന്ന കലാപങ്ങളുടെ സൂചനയാണെന്നതിൽ സംശയമില്ല. അടുക്കളയിലെ കൂലിയില്ലാ ജോലിയുടെ കാലം അവസാനിക്കുകയാണെന്നും സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച ചർച്ചകൾ അടുക്കളയിലേക്ക് കടന്നു ചെല്ലുന്നതിലൂടെ പുതിയൊരു രാഷ്ട്രീയ പ്രവർത്തനത്തിന് തുടക്കം കുറിക്കുകയാണെന്നും കരുതാൻ ന്യായമുണ്ട്. എല്ലാ വിപ്ലവങ്ങളും തുടങ്ങേണ്ടത് കുടുംബത്തിൽനിന്ന് തന്നെയായതിനാൽ അടുക്കള വിപ്ലവത്തിന് സ്വാഭാവികമായ പശ്ചാത്തലം ഒരുങ്ങിക്കഴിഞ്ഞു.


അടുത്തിടെ പുറത്തിറങ്ങിയ 'മഹത്തായ ഭാരതീയ അടുക്കള' എന്ന സിനിമ മുഖ്യധാരാ മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും കെട്ടഴിച്ചുവിട്ട ചർച്ചകൾ ഉൽപാദിപ്പിക്കുന്നത് സവിശേഷവും നവീനവുമായ പുതിയൊരു കുടുംബ സാഹചര്യത്തെക്കുറിച്ച കാഴ്ചപ്പാടുകളാണ്. പുലർച്ചെ മുതൽ രാത്രി ഏറെ ഇരുളുംവരെ അടുക്കളക്കുള്ളിൽ ചുറ്റിക്കറങ്ങുകയും മണിക്കൂറുകൾ നീണ്ട മടുപ്പിക്കുന്ന ജോലിക്ക് ശേഷവും വിശ്രമമില്ലാതെ കിടപ്പറകളിൽ ബലാൽക്കാരത്തിന് ഇരയാവുകയും ചെയ്യേണ്ടിവരുന്ന സ്ത്രീകൾ എക്കാലത്തും നമ്മുടെ ചിന്തകളെ വേട്ടയാടിയിട്ടുണ്ട്. എന്നാൽ നാം അനുവർത്തിച്ചുവരുന്ന ഫ്യൂഡൽ കാഴ്ചപ്പാടുകളുടെ സ്വാധീനം ഇതേക്കുറിച്ച് ചർച്ച ചെയ്യാനോ അടുക്കളയിൽനിന്ന് സ്ത്രീകളെ മോചിപ്പിക്കാനോ നമ്മെ അനുവദിച്ചില്ല.


നവോത്ഥാന പ്രവർത്തനങ്ങളുടെ സുദീർഘ ചരിത്രമുള്ള കേരളം, എത്രയോ പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് സ്ത്രീകളെ ആനയിക്കാൻ ശ്രമം നടത്തിയിരുന്നു. 1929 ഡിസംബർ 24 ന് രാത്രി തൃശൂരിലെ പ്രസിദ്ധമായ എടക്കുന്നി വടക്കിനിയേടത്ത് മനയിൽ അരങ്ങേറിയ 'അടുക്കളയിൽനിന്ന് അരങ്ങത്തേക്ക്' എന്ന വി.ടി. ഭട്ടതിരിപ്പാടിന്റെ ആദ്യ നാടകം കേരളത്തിൽ നവോത്ഥാനത്തിന്റെ തീജ്വാല കൊളുത്തി. കേരളത്തിന്റെ നാടകവേദി കണ്ട ഏറ്റവും ഉജ്വലമായ മാറ്റത്തിന്റെ ദീപശിഖ കൂടിയായിരുന്നു അത്. സാമൂഹിക അനാചാരങ്ങളും അസമത്വങ്ങളും കൊടികുത്തി വാഴുന്ന ഒരു കാലഘട്ടത്തിലാണ് സംഗീത നാടകങ്ങളിൽനിന്ന് വ്യത്യസ്തമായി, മാനവിക ബോധം ഊട്ടിയുറപ്പിക്കുന്ന ഒരു നാടക സങ്കൽപം കേരളത്തിൽ പിറവികൊള്ളുന്നത്.  ലോകമെമ്പാടും സംഭവിച്ച സാമൂഹിക പരിണാമങ്ങളും രാഷ്ട്രീയ സംഭവ വികാസങ്ങളും അതിന് പ്രചോദനമായി. അടുക്കളയിൽനിന്ന് അരങ്ങത്തേക്ക് എന്ന സാമൂഹിക നാടകം ഒട്ടേറെ കോളിളക്കങ്ങൾ സൃഷ്ടിച്ചു. ബ്രാഹ്മണ സമൂഹത്തിലെ അനാചാരങ്ങളെ പുറത്തുകാട്ടിയ ആ നാടകം മലയാള നാടകവേദിക്ക് പുതിയൊരു സാമൂഹ്യ ദർശനം പകർന്നു നൽകി. എം.ആർ.ബി യുടെ മറക്കുടക്കുള്ളിലെ മഹാനരകം (1931), പ്രേംജിയുടെ ഋതുമതി (1938) എന്നീ നാടകങ്ങളും അക്കാലത്ത് സ്ത്രീകൾ അനുഭവിച്ചുവന്ന തുല്യതയില്ലാത്ത പീഡനങ്ങളെയും അനീതിയെയും വെളിച്ചത്ത് കൊണ്ടുവരുന്നതായിരുന്നു. 


വി.ടിയുടെ നാടകത്തിന്റെ ശതാബ്ദി ആഘോഷിക്കാൻ ഏതാനും വർഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴും നാം ഭാരതീയ അടുക്കളകളിൽ ഞെരിഞ്ഞമരുന്ന ഇന്ത്യൻ സ്ത്രീത്വത്തക്കുറിച്ച് ചർച്ച ചെയ്യുകയാണ് എന്നത് വിരോധാഭാസമാകാം. വൃദ്ധനായ, നാലുവേളി കഴിച്ച കർക്കടകാം കുന്നത്ത് നമ്പൂതിരിക്ക് സഹോദരി തേതിയെ വിവാഹം ചെയ്തുകൊടുക്കാനുള്ള അച്ഛന്റെ തീരുമാനത്തിനെതിരെ മകൻ കുഞ്ചു കോടതിയെ സമീപിക്കുന്നതും കോടതിയുടെ ഉത്തരവോടെ തേതി ബാല്യകാല സുഹൃത്തായ മാധവനെ വിവാഹം കഴിക്കുന്നതുമാണ് വി.ടിയുടെ നാടകത്തിന്റെ പ്രമേയം. മഹത്തായ ഭാരതീയ അടുക്കള എന്ന സിനിമ കൈകാര്യം ചിത്രീകരിക്കുന്നത്, നായർ തറവാട്ടിലേക്ക് വിവാഹം കഴിച്ചെത്തിയ നൃത്താധ്യാപികയായ യുവതി അവിടെ നേരിടുന്ന യാഥാസ്ഥിതിക ആചാരങ്ങളെയും അടുക്കളക്കുള്ളിലെ ഒരിക്കലും അവസാനിക്കാത്ത ജോലിയെയും അടുക്കളക്കുള്ളിൽ തളച്ചിടപ്പെടുന്ന സ്ത്രീയെ കുടുംബത്തിന്റെ ദേവതയാക്കി അവതരിപ്പിക്കുന്ന വിരോധാഭാസത്തെയും ത്യജിച്ച് മോചനത്തിന്റെ പുതിയ ലോകത്തേക്ക് പുറപ്പെട്ടു പോകുന്ന പുതിയ കാലത്തെ സ്ത്രീയെയാണ്. കഥാതന്തുവിലെ നേരിയ വ്യത്യാസത്തിനപ്പുറത്തേക്ക് വി.ടിയുടെ നാടകവും ജിയോബേബിയുടെ സിനിമയും കൈകാര്യം ചെയ്യുന്ന പ്രമേയം നൂറ്റാണ്ടിന്റെ അപ്പുറവും ഇപ്പുറവുമായി ഒരേ സത്ത തന്നെ ഉൾക്കൊള്ളുന്നു എന്നത് തീർച്ചയായും നടുക്കമുളവാക്കുന്നതാണ്.


കോവിഡ് കാലത്ത് കുടുംബങ്ങളെല്ലാം വീട്ടിലിരിക്കാൻ തുടങ്ങിയതോടെ അടുക്കളയിൽ പെരുമാറുന്ന സ്ത്രീകളുടെ ജോലിഭാരം കൂടുകയും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ ഒരു വാർത്താ സമ്മേളനത്തിൽ, അടുക്കളയിൽ സ്ത്രീകളെ സഹായിക്കാൻ പുരുഷന്മാരും ഇറങ്ങണമെന്ന് ആഹ്വാനം ചെയ്യുകയുമുണ്ടായി. ഒരു രാഷ്ട്രീയ നേതാവ് തന്നെ ഇക്കാര്യം വിളിച്ചുപറയുന്നത് അത്യപൂർവമായ അനുഭവമായിരുന്നു. മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത്, അടുക്കളയിൽ പെരുമാറുന്ന വീരപുരുഷന്മാരുടെ വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞത് നമ്മുടെ പ്രകടനപരതയുടെ അൽപത്വവും നേതാവിന്റെ ശാസനകൾ ശിരസ്സാ വഹിക്കുന്ന അനുയായികളുടെ ചിത്രണവും മാത്രമായി ഒതുങ്ങിപ്പോയത് നേരാണെങ്കിലും അതുയർത്തിയ ചിന്താശകലങ്ങൾ പ്രസക്തമായിരുന്നു. തമിഴ്‌നാട് രാഷ്ട്രീയത്തിലെ പുതിയ താരോദയമായ കമൽ ഹാസൻ തന്റെ പാർട്ടി അധികാരത്തിൽ വന്നാൽ അടുക്കളയിലെ സ്ത്രീകളുടെ അധ്വാനത്തിന് ശമ്പളം നൽകുമെന്ന് പ്രഖ്യാപിച്ചത് ഇതോട് ചേർത്തുവായിക്കണം. അടുക്കളയിലെ ജോലി അത് സ്വന്തം മാതാപിതാക്കൾക്കും ഭർത്താവിനും മക്കൾക്കുമൊക്കെ വേണ്ടിയാണെങ്കിൽ കൂടി പ്രതിഫലേഛയില്ലാതെ ചെയ്യേണ്ട ഒന്നാണെന്ന ഫ്യൂഡൽ ബോധത്തിനേൽക്കുന്ന പ്രഹരങ്ങളാണിതെല്ലാം. അത് അടുക്കളയിലെ ലിംഗ സമത്വത്തെക്കുറിച്ച ചർച്ചക്ക് വാതിൽ തുറക്കുകയും ചെയ്യുന്നു.


അടുക്കള ബഹിഷ്‌കരിക്കുകയെന്ന സമരവും അടുക്കള തിരിച്ചുപിടിക്കുക എന്ന മറ്റൊരു സമരവും കേരളത്തിൽ അരങ്ങേറിയത് അടുത്ത കാലത്താണ്. അടുക്കള ഒരു വലിയ രാഷ്ട്രീയ പ്രതീകമാവുന്ന കാലത്തേക്കാണ് നാം പോകുന്നത്. എന്നാൽ വി.ടി മുതൽ ജിയോബേബി വരെയുള്ളവരുടെ ആവിഷ്‌കാരങ്ങൾ തുടർച്ചയില്ലാത്തതും ഒറ്റപ്പെട്ടതുമായ നിലവിളികൾ മാത്രമായി അവസാനിക്കുന്നതാണ് നമ്മുടെ പ്രശ്‌നം. അടുക്കളയിൽ നാം സാക്ഷിയാവുന്ന സാമൂഹിക പ്രശ്‌നങ്ങളെ, നെല്ലും പതിരും തിരിച്ച് ചർച്ച ചെയ്യുമെങ്കിലും നമ്മുടെ സാമൂഹിക ജീവിതത്തിന്റെ അതിരുകളിലേക്ക് അതിനെ അടുപ്പിക്കാറില്ല. വിദ്യാഭ്യാസപരമായും സാമൂഹികമായുമൊക്കെ കൈവരിച്ച എല്ലാ ഔന്നത്യങ്ങൾക്കും മീതെ, നമ്മുടെ കാപട്യം തീർത്ത മറക്കുടക്കുള്ളിൽ അടുക്കള പഴയ ഫ്യൂഡൽ മൂല്യങ്ങളുടെ പ്രഭവ കേന്ദ്രമായി തുടരുന്നു.


കേരളീയ സാമൂഹിക ജീവിതത്തിലെ പല വഴിത്തിരിവുകൾക്കും കാരണമായ മലയാളിയുടെ ഗൾഫ് കുടിയേറ്റമാണ് മലയാളി പുരുഷന്മാരെ അടുക്കളകളിലേക്ക് ആനയിച്ചതെന്ന യാഥാർഥ്യവും നാം കാണാതിരുന്നുകൂടാ. ഗൾഫിലെ അടുക്കളകളിൽ സ്വയം പാചകം ചെയ്ത് പഠിച്ച മലയാളി പുരുഷന്മാർ നാട്ടിലെ കുടുംബങ്ങളിലേക്കും അത് പകർന്നു നൽകിയിട്ടുണ്ട്. ഭാരതീയ അടുക്കളയെന്ന സിനിമയിൽ നായികയുടെ അച്ഛൻ ഗൾഫുകാരനാണ്. ആർത്തവ കാലത്ത് മുറിയിൽ പൂട്ടിയിടപ്പെടുകയും കുടുംബാംഗങ്ങളുടെ പോലും മുന്നിൽ വരാതെ അശുദ്ധയായി ഒളിജീവിതം നയിക്കുകയും ചെയ്യുന്ന നായികയുടെ പൊട്ടിത്തെറിക്കു മുന്നിൽ അമ്മയുടെ സാന്ത്വനവുമതാണ്: അച്ഛൻ ഗൾഫിലായിരുന്നതിനാൽ ഇതൊന്നും നമുക്ക് പരിചിതമല്ലെന്നും ഇത്തരം ആചാരങ്ങളൊക്കെ പുലർത്തുന്ന തറവാട്ടിലേക്ക് കയറിച്ചെല്ലാൻ കഴിഞ്ഞത് ഭാഗ്യമാണെന്നുമാണ് അമ്മ മകളെ ആശ്വസിപ്പിക്കുന്നത്. അച്ഛൻ ഗൾഫിലാണെന്ന് വെച്ച് ഇതൊന്നും ഇവിടെ നടക്കില്ലെന്ന് മരുമകളെ ശാസിക്കുന്ന ഭർതൃപിതാവും ഗൾഫ് കുടിയേറ്റം മലയാളി ജീവിതത്തിൽ വരുത്തിയ പുരോഗമനാത്മകമായ പരിഷ്‌കാരങ്ങളെക്കുറിച്ച് തന്നെയാണ് സൂചിപ്പിക്കുന്നത്.


അടുക്കളകളിൽ മാത്രമല്ല, കിടപ്പറകളിലും തറവാടിയായ സ്ത്രീ അനുഭവിക്കുന്ന വിവേചനത്തെയും ജനാധിപത്യ വിരുദ്ധതയെയും ഈ സിനിമ ചൂണ്ടിക്കാണിക്കുന്നുണ്ട്. അടുക്കള മാലിന്യങ്ങളുടെ മാറാത്ത ദുർഗന്ധമുള്ള ശരീരവുമായി കിടപ്പറയിലെ ഇരുട്ടിൽ ഭർതൃഹിതത്തിന് അനിഷ്ടത്തോടെ വഴങ്ങേണ്ടിവരുന്ന സ്ത്രീയെ സംവിധായകൻ ചൂണ്ടിക്കാണിക്കുന്നു. സ്ത്രീകളുടെ ദൗത്യനിർവഹണം, അടുക്കളയിലും കിടപ്പറകളിലുമൊതുങ്ങുന്ന ചില്ലറക്കാര്യങ്ങൾ മാത്രമാണെന്നും പൊതുസ്ഥലങ്ങളിൽ, ആരാധനാലയങ്ങളിൽപോലും അവർക്ക് കാര്യമില്ലെന്നുമുള്ള യാഥാസ്ഥിതിക ചിന്ത പരിഷ്‌കൃതമെന്നവകാശപ്പെടുന്ന കേരളീയ സമൂഹത്തിൽ ഇന്നും എത്ര പ്രബലമാണെന്നത് ശബരിമല കോടതിവിധിയും അനുബന്ധ സംഭവ വികാസങ്ങളും നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്.


കുറച്ചു കാലം മുമ്പ് അമേരിക്കയിൽ ഒരു പരസ്യ വാചകത്തിനെതിരായി നടന്ന പോരാട്ടത്തെക്കുറിച്ച് പരാമർശിച്ച് അവസാനിപ്പിക്കാം. 'അമേരിക്കയിലെ എല്ലാ സ്ത്രീകളും അടുക്കളയിൽ പാത്രങ്ങളും എണ്ണമെഴുക്കുമായി മല്ലടിക്കുന്നു' എന്നായിരുന്നു ഒരു സോപ്പ് ലായനിയുടെ പരസ്യവാചകം. ഇത് സ്ത്രീകളെ മാത്രം ബാധിക്കുന്ന കാര്യമാകുന്നതെങ്ങനെ എന്ന സംശയത്താൽ പതിനൊന്നുകാരിയായ ഒരു പെൺകുട്ടി ഈ പരസ്യ വാചകത്തിനെതിരെ പ്രചാരണം തുടങ്ങി. കമ്പനി അധികാരികൾക്കും ഹിലരി ക്ലിന്റൺ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾക്കും അവൾ കത്തെഴുതി. പരസ്യ വാചകം ഉയർത്തുന്ന ലിംഗവിവേചനപരമായ സന്ദേശം അവരെല്ലാം മനസ്സിലാക്കി. പരസ്യം പിൻവലിക്കപ്പെട്ടു. 'അമേരിക്കയിലെ എല്ലാ ആളുകളും പാത്രം കഴുകാൻ പുതിയ സോപ്പ് ലായനി ഉപയോഗിക്കുക'യെന്നാക്കി പരസ്യ വാചകം തിരുത്തപ്പെട്ടു.
അടുക്കളയിലെ ലിംഗ സമത്വത്തെക്കുറിച്ച് പറയുമ്പോൾ ഈ തിരുത്ത് നമുക്ക് വഴികാണിക്കട്ടെ.
 

Latest News