Sorry, you need to enable JavaScript to visit this website.
Sunday , March   07, 2021
Sunday , March   07, 2021

തീൻമേശകളിൽ വർഗീയത വിളമ്പുന്നവർ

ഹലാൽ ഭക്ഷണത്തെ കുറിച്ചുള്ള ചർച്ച ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ സജീവമാണ്.  ചില സ്ഥലങ്ങളിൽ ഭക്ഷണ വിൽപനക്കാർ ഹലാൽ എന്ന് എഴുതി വെക്കുന്നതാണ് പ്രശ്‌നം. ഇത് മതേതരത്വത്തിനും ദേശീയ ഐക്യത്തിനും ഭീഷണിയാണത്രേ. ഹൈന്ദവ വിശ്വാസികൾക്ക് നേരയുള്ള വെല്ലുവിളി. 
മുസ്‌ലിംകളുടെ കാര്യമായതുകൊണ്ട് മതവും രാഷ്ട്രീയവും ഭക്ഷണത്തിലും കലർത്താൻ ചിലർ ശ്രമിക്കുന്ന സാധരണ ദുഷ്ടതയായി അവഗണിക്കാവുന്ന കാര്യം മാത്രമാണിത്.  എന്നാൽ ചില ബുദ്ധിജീവികൾ ഇതേറ്റു പാടുന്നത് കാണുമ്പോൾ അൽപം വിശദീകരണം ആവശ്യമായി വന്നിരിക്കയാണ്. ഇന്ത്യയിൽ മാത്രമേ ഇതൊക്കെ പ്രശ്‌നങ്ങളുണ്ടാക്കുന്നുള്ളൂ എന്നത് കൗതുകകരമാണ്.  എല്ലായിടത്തും ഇതൊരു ബിസിനസ് തന്ത്രം മാത്രമാണ്. നാം അനാവശ്യമായി സമയം കളയുകയാണ്. ഒരു പ്രത്യേക വിഭാഗത്തിന്റെ വിഭ്രാന്ത് അല്ലെങ്കിൽ അപകർഷതാബോധം എന്നേ പറയേണ്ടൂ. ഏതെങ്കിലും ഭക്ഷണം കഴിക്കുകയോ കഴിക്കാതിരിക്കുകയോ ചെയ്യുന്നത് അയാളുടെ വ്യക്തി സ്വാതന്ത്ര്യമാണ്. അത് ആരോഗ്യപരമായിരിക്കാം, മതപരമോ സാമൂഹ്യമോ ആയിരിക്കാം.

 

പൊതു ചടങ്ങുകളിൽ ചായപ്പാത്രത്തിനരികിൽ 'വിത്ത്', 'വിത്തൗട്ട്'  എന്നെഴുതിവെച്ചത് കാണാം. പഞ്ചസാര ചേർത്തത്, ഇല്ലാത്തത് എന്നർത്ഥം. പ്രമേഹ രോഗികൾക്കും അതുപോലെ ആരോഗ്യ പ്രശ്‌നങ്ങളുള്ളവർക്കും പഞ്ചസാര പറ്റില്ല.  അവർ ശ്രദ്ധിക്കുക എന്ന് മാത്രം.  അത്പോലെ സമോസ, കട്ട്‌ലറ്റ് തുടങ്ങിയവക്ക് സമീപം 'വെജ്' 'നോൺ വെജ്' എന്നും എഴുതിക്കാണാം.  അതിന്നകത്തു മാംസം അല്ലെങ്കിൽ പച്ചക്കറി നിറച്ചത് എന്ന സൂചന.  മാംസം നിഷിദ്ധമായി കരുതുന്നവർക്ക് കരുതൽ അറിയിപ്പ്. തീർച്ചയായും ഇതിൽ അടങ്ങിയത് സദുദ്ദേശ്യമാണ്. അത് മനസ്സിലാക്കാവുന്നതേ ഉള്ളൂ. ഇതുകൊണ്ട് ഇന്ത്യയുടെ മതേതരത്വതിനു എന്തെങ്കിലും ഭീഷണിയുണ്ടെന്ന് തോന്നുന്നില്ല. ആശുപത്രിയിലും പാർക്കിലും 'ചട്ടിയിൽ തുപ്പുക' എന്നെഴുതി താഴെ ഒരു ചട്ടി വെച്ചു കാണാം. അതിനർത്ഥം എല്ലാവരും അവിടെ നിർബന്ധമായും തുപ്പണമെന്നല്ല. അത്യാവശ്യത്തിനുള്ള സൗകര്യം മാത്രം. ഹലാൽ അടയാളങ്ങളും ഇതു തന്നെ. അതിനപ്പുറമുള്ള ചിന്ത മനസ്സിലാക്കാവുന്നതേ ഉള്ളൂ. 

 

ഹലാൽ എന്ന് ഭക്ഷണത്തിനടുത്ത് എഴുതിവെക്കുന്നതും ഈ നിലക്ക് മാത്രമാണ്. ചില മാംസ വിഭവങ്ങൾ മുസ്‌ലിംകൾക്ക് നിഷിദ്ധമാണ്. കണ്ടാൽ തിരിച്ചറിയില്ല. ഉദാഹരണത്തിനു പന്നി മാംസം.  സൂപ്പർ മാർക്കറ്റുകളിൽ വിവിധ ഇനം മത്സ്യങ്ങളുടെ പേരുകൾ എഴുതിവെക്കാറുണ്ട്. ആവോലി, അയക്കോറ എന്നിങ്ങനെ. അവയെല്ലാം തിരിച്ചറിയാൻ വേണ്ടി മാത്രം. സ്റ്റാർ ഹോട്ടലുകളിലും വൻ സൽക്കാരങ്ങളിലും മറ്റും കാറ്ററിംഗുകാർ വിഭവങ്ങൾക്കു നേരെ അവയുടെ പേർ എഴുതിവെക്കാറുണ്ട്. ചിക്കൻ കുറുമ, മട്ടൻ മസാല, വെജിറ്റബിൾ കറി, സീ ഫുഡ്, തണ്ടൂരി, ഫ്രൈഡ് റൈസ്, ബിരിയാണി എന്നിങ്ങനെ. അതുപോലെയുള്ള ഒന്ന് മാത്രമാണ് ഹലാൽ അടയാളപ്പെടുത്തൽ. ദൈവ ശാസനയാണത്. 'ശവം, രക്തം, പന്നിമാംസം, ശ്വാസംമുട്ടി ചത്തത്, അടിച്ചു കൊന്നത്, വീണു ചത്തത്, കുത്തേറ്റു ചത്തത് എന്നിവ നിങ്ങൾക്ക് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. വന്യമൃഗം കടിച്ചു തിന്നത്, അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുക്കപ്പെട്ടത്, പ്രതിഷ്ഠകൾക്ക് മുമ്പിൽ ബലിയർപ്പിക്കപ്പെട്ടത് എന്നിവയും നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.  അതൊക്കെ അധാർമികമാകുന്നു' (ഖുർആൻ 5: 3)  മേൽപറഞ്ഞ ഭക്ഷണം മുസ്‌ലിംകൾക്ക് അനുവദനീയം (ഹലാൽ) അല്ല.  

 

പ്രധാനമായും മാംസഭക്ഷണ കാര്യത്തിലാണ് ഈ നിരോധനമുള്ളത്.  പ്രതിഷ്ഠകൾക്ക് ബലിയർപ്പിക്കപ്പെട്ടത് അധർരമാണെന്ന് പറയുമ്പോൾ ബലി അർപ്പിച്ചവരുടെ വികാരവും വിശ്വാസവും അതിൽ ആദരിക്കപ്പെടുന്നുണ്ട്. അത് വ്രണപ്പെടരുത്.  അല്ലാഹു അല്ലാത്തവരുടെ പേരിൽ അറുക്കപ്പെട്ടത് നിരോധിക്കുമ്പോഴും ഒരുപാട് സൂക്ഷ്മതകൾ ആവശ്യമാണ്.  മൃഗങ്ങൾ പരസ്പരം കൊന്നു ഭക്ഷിക്കാറുണ്ട്. അത് പ്രകൃതിനിയമമാണ്. അഥവാ ദൈവിക നിയമം.  അതേ നിലയിൽ ചിലവയെ അറുത്തു ഭക്ഷിക്കാൻ അവയുടെയും മനുഷ്യന്റെയും സ്രഷ്ടാവായ ദൈവം അനുവദിച്ചിരിക്കുന്നു. ദൈവത്തിന്റെ വിധി വിലക്കുകൾക്ക് വിധേയമായി ദൈവനാമത്തിൽ ആഹരിക്കാനായി ദൈവനാമത്തിൽ തന്നെ അത് നിർവഹിക്കുന്നു. ഒരു മൃഗത്തെ അറുക്കുന്നതിന് ഒട്ടു വളരെ നിബന്ധനകൾ ഉണ്ട്. അത് പ്രത്യേകമായി ചർച്ച ചെയ്യേണ്ട വിപുലമായ മറ്റൊരു വിഷയമാണ്. 


ഇവിടുത്തെ ചർച്ച ഹലാൽ ഭക്ഷണം അടയാളപ്പെടുത്തുന്നത് മതേതരത്വത്തിന് ഭീഷണിയാണോ,  ഹിന്ദു വിരുദ്ധമാണോ എന്നതാണ്.  വാസ്തവത്തിൽ ഈ അടയാളപ്പെടുത്തൽ ഹിന്ദുക്കൾക്ക് പോലും ഗുണകരമായിരിക്കും. സമോസയുടെയും കട്ട്‌ലറ്റിന്റെയും ഉദാഹരണം പറഞ്ഞുവല്ലോ. ചില ബേക്കറികളിൽ വറുത്ത കായ വെളിച്ചെണ്ണയിൽ പൊരിച്ചത്, നെയ്യിൽ വറുത്തത് എന്ന് എഴുതിക്കാണുന്നതിന്റെ പൊരുൾ മതേതര വിരുദ്ധമെന്ന് ഏതെങ്കിലും ഹിന്ദുവിന് കരുതാമോ? നെയ്യിൽ പൊരിച്ചത് പശുവിന്റെ നെയ്യ് ആകാം. അത് ഹിന്ദുക്കൾക്ക്   വെളിച്ചെണ്ണ ചോയ്‌സ് നൽകുന്നത് നല്ലതല്ലേ? മാംസം കഴിക്കാൻ ഒരു മുസ്ലിമും തന്റെ ഹിന്ദു സഹോദരനോട് പറയുകയില്ല. മുസ്‌ലിം കല്യാണത്തിന് വരുന്ന ഹിന്ദുക്കൾക്ക് അത് ബോധ്യമായിട്ടുണ്ടാകും. അവരുടെ വിശ്വാസങ്ങളും വികാരങ്ങളും കണക്കിലെടുത്ത് പച്ചക്കറി വിഭവങ്ങൾ പ്രത്യേകം ഒരുക്കാറുണ്ട്.  മാംസാഹാരം വർജിക്കുന്നവർക്കു അത് സന്തോഷത്തോടെ കഴിക്കാം. അതിഥികൾക്കും ആതിഥേയർക്കും സംതൃപ്തി  നൽകുന്നുവെന്ന് മാത്രമല്ല, അവരോടുള്ള വലിയ ആദരവ് കുടിയാണത്. ഇത് മതേതര വിരുദ്ധമല്ല, ദേശീയ ഐക്യത്തിന് ഭീഷണി അല്ല. മറിച്ചു സൗഹാർദം ഉയർത്തിപ്പിടിക്കലാണ്. അതേ അവസരത്തിൽ  ഹൈന്ദവ വിവാഹ സൽക്കാരങ്ങളിൽ മാംസാഹാരം തയാറാക്കേണ്ടതില്ല. കാരണം ഹിന്ദുവിന്റെ ആഹാരങ്ങളും മുസ്‌ലിമിന് അനുവദനീയമാണ്.  ഇതാണ് നാം വെച്ചുപുലർത്തിപ്പോരുന്ന സ്‌നേഹം, സൗഹാർദം, സംസ്‌കാരം, മതേതരത്വം.


നോ ഹലാൽ, ഹലാൽ നിഷിദ്ധം തുടങ്ങിയ പോസ്റ്റുകൾ ഇപ്പോൾ സോഷ്യൽ മീഡിയകൾ സജീവമാക്കിയിരിക്കയാണ്.  ഹലാൽ അല്ലാത്ത എന്താണ് അവിടെ ഉള്ളത്? പന്നിയെയും പാമ്പിനെയും കുരങ്ങിനെയും പട്ടിയെയും ഒക്കെ പാകം ചെയ്യുന്നുണ്ടോ? മദ്യവും മയക്കുമരുന്നും വിൽക്കുന്നുണ്ടോ? ഇത്തരം ബോർഡുകളുടെ വ്യാഖ്യാനം എന്താണ്? 


ഹലാൽ പല രാജ്യങ്ങളിലും രേഖപ്പെടുത്തുന്നുണ്ട്. ചൈനാ സന്ദർശന വേളയിൽ ഹലാൽ ബോർഡ് വെച്ച ഇന്ത്യൻ റസ്റ്റോറന്റുകളിൽ ചെന്നു ഭക്ഷണം കഴിച്ചത് ഓർക്കുകയാണ്. വെജും നോൺ വെജും ഉണ്ട്. ഉത്തരേന്ത്യൻ ഹിന്ദുക്കൾ ആണ് നടത്തിപ്പുകാർ. പന്നിയും പാമ്പ് തുടങ്ങിയവ ഇല്ലാത്ത അനുവദനീയ മാംസം എന്നേ ആ ഹലാൽ ബോർഡിന് അർത്ഥമുള്ളൂ.  ഇന്ത്യക്കാരും അറബികളും ഹിന്ദുക്കളും മുസ്‌ലിംകളുമെല്ലാം അവിടെ ഭക്ഷണം കഴിക്കാനെത്തുന്നു. ഒരു ഹലാൽ റസ്റ്റോറന്റിന്റെ ഭക്ഷണ ഹാളിൽ പാർവതി ദേവിയുടെ സുവർണ പ്രതിമ വെച്ചത് കാണുകയുണ്ടായി. ചൈനയിലാണ് ഇത് എന്നോർക്കണം.  അതുപോലെ വിയറ്റ്‌നാം, കംബോഡിയ, തായ്ലൻഡ് തുടങ്ങിയ കിഴക്കനേഷ്യൻ രാജ്യങ്ങൾ സന്ദർശിച്ചപ്പോഴും എനിക്ക് ഇതേ അനുഭവമുണ്ടായിരുന്നു.  കൂടെ ഉണ്ടായിരുന്ന ഹിന്ദുക്കൾക്കും ഈ ഹലാൽ ബോർഡ് ഹോട്ടലുകൾ സന്തോഷകരവും ആശ്വാസകരവുമായിരുന്നു.  ഇത് മുസ്‌ലിംകളുടെ മാത്രം കാര്യമല്ലെന്ന് ചുരുക്കം. ഹിന്ദുക്കളിൽ ഭൂരിപക്ഷവും മാംസം കഴിക്കാറുണ്ട്.
ഇന്ത്യയിൽ നിന്നുള്ള ഹലാൽ ബീഫ് കയറ്റുമതിക്കാർ ഏറെയും ഹിന്ദു വിഭാഗത്തിൽപെട്ട ബിസിനസുകാരാണെന്നോർക്കുക. ഹലാൽ, ഹറാം വേർതിരിവ് നടത്തി മതസ്പർധയുടെ മസാല പുരട്ടി വിളമ്പുന്ന 'വർഗീയ മെനു' ഈ സൈബർ യുഗത്തിൽ ഇവിടെ ചെലവാക്കരുത്.

 

Latest News