റംസിയുടെ നീതിക്ക് വേണ്ടി ശബ്ദിക്കാന്‍ വന്നു; അനുജത്തിയുമായി മുങ്ങിയ യുവാവ് പിടിയില്‍

കൊല്ലം- ആത്മഹത്യ ചെയ്ത റംസിക്ക് നീതി തേടി രൂപീകരിച്ച കൂട്ടായ്മയിലൂടെ പരിചയപ്പെട്ട് റംസിയുടെ അനുജത്തി അന്‍സിയുമായി ഒളിച്ചോടിയ യുവാവ് പിടിയില്‍. പത്തുമാസം മാത്രം പ്രായമായ കൈക്കുഞ്ഞിനെ ഉപേക്ഷിച്ചാണ് കൊല്ലം കൊട്ടിയം സ്വദേശിനിയായ റംസിയുടെ സഹോദരി അന്‍സി കാമുകനോടൊപ്പം ഇറങ്ങിപ്പോയത്. മൂവാറ്റുപുഴയില്‍നിന്ന് ഇരുവരേയും പോലീസ് കസ്റ്റഡിയിലെടുത്തു.
നീണ്ടനാളത്തെ പ്രണയത്തിനൊടുവില്‍ നിശ്ചയവും നടത്തിയ ശേഷം പ്രതിശ്രുതവരന്‍ വിവാഹത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്നു കൊട്ടിയത്ത് ആത്മഹത്യ ചെയ്ത റംസിയുടെ സഹോദരിയാണ് അന്‍സി.

2020 സെപ്റ്റംബറിലാണു റംസിയെ വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. ഈ സംഭവം ഏറെ കോളിളക്കം സൃഷ്ടിക്കുകയും സോഷ്യല്‍മീഡിയയിലടക്കം റംസിക്ക് നീതി തേടി കൂട്ടായ്മകള്‍ രൂപപ്പെടുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ രൂപീകരിച്ച ഒരു കൂട്ടായ്മയിലെ അംഗത്തോടൊപ്പമാണ് അന്‍സി ഒളിച്ചോടിയത്.

കഴിഞ്ഞ 18 മുതല്‍ അന്‍സിയെ കാണാനില്ലെന്നു ഭര്‍ത്താവ് ഇരവിപുരം പോലീസില്‍ പരാതി നല്‍കിയിരുന്നു. 10 മാസം പ്രായമുള്ള കുട്ടിയെ ഉപേക്ഷിച്ചാണ് ഇവര്‍ പോയതെന്നും ഭര്‍ത്താവ് പരാതിപ്പെട്ടിരുന്നു.  റംസി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൊല്ലം പള്ളിമുക്ക് കൊല്ലൂര്‍വിള സ്വദേശി മുഹമ്മദ് ഹാരിസ് നേരത്തേ അറസ്റ്റിലായിരുന്നു.

 

Latest News