Sorry, you need to enable JavaScript to visit this website.

കോണ്‍ഗ്രസ് ഇക്കുറി മത്സരിക്കുക  95 സീറ്റുകളില്‍ 

തിരുവനന്തപുരം-നിയമസഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച് യു.ഡി.എഫില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ പുരോഗമിക്കവേ കോണ്‍ഗ്രസ് തൊണ്ണൂറ്റിയഞ്ചോളം സീറ്റുകളില്‍ മത്സരിക്കാന്‍ സാധ്യത. കഴിഞ്ഞ പ്രാവശ്യം 87 സീറ്റുകളിലാണ് മത്സരിച്ചത്. രണ്ട് കക്ഷികള്‍ മുന്നണി വിട്ടതാണ് അധിക സീറ്റുകള്‍ ലഭിക്കാന്‍ കാരണം. ചില സീറ്റുകളില്‍ താരപദവിയുള്ളവരെയും പൊതുസമ്മതരെയും രംഗത്തിറക്കാന്‍ യു.ഡി.എഫില്‍ ആലോചന. ഐ.എഫ്.എസില്‍നിന്ന് അടുത്തയിടെ വിരമിച്ച വേണു രാജാമണി, പ്രമുഖ ചാനല്‍ അവതാരക എന്നിവര്‍ പരിഗണനയിലുണ്ട്. വട്ടിയൂര്‍ക്കാവ്, കളമശ്ശേരി മണ്ഡലങ്ങളിലാണ് പ്രമുഖരെ മത്സരിപ്പിക്കാന്‍ ശ്രമിക്കുന്നത്.മുസ്‌ലീം ലീഗിന് രണ്ടും സി.എം.പിക്ക് ഒരു സീറ്റും അധികം കിട്ടിയേക്കും. ആര്‍.എസ്.പിക്ക് അനുകൂലമായി ചില സീറ്റുകളില്‍ വെച്ചുമാറ്റത്തിനും സാധ്യതയുണ്ട്. മുന്നണിയിലേക്ക് പുതുതായി വന്ന ഫോര്‍വേഡ് ബ്ലോക്കിന് ഒരു സീറ്റ് നല്‍കി പ്രാതിനിധ്യം ഉറപ്പാക്കും. കഴിഞ്ഞതവണ കേരള കോണ്‍ഗ്രസ് 15ഉം എല്‍.ജെ.ഡി. ഏഴും സീറ്റുകളില്‍ മത്സരിച്ചിരുന്നു. കേരള കോണ്‍ഗ്രസ് ജോസ് കെ. മാണി വിഭാഗം മുന്നണി വിട്ടെങ്കിലും ആ 15 സീറ്റും പി.ജെ. ജോസഫ് ചോദിക്കുന്നുണ്ട്. ജോസഫ് വിഭാഗം മത്സരിച്ചിരുന്നത് തൊടുപുഴ, കടുത്തുരുത്തി, കോതമംഗലം, കുട്ടനാട് സീറ്റുകളിലാണ്. മാണിവിഭാഗത്തില്‍നിന്ന് ജോസഫിലേക്ക് എത്തിയ സി.എഫ്. തോമസ് (ചങ്ങനാശ്ശേരി), തോമസ് ഉണ്ണിയാടന്‍ (ഇരിങ്ങാലക്കുട), ജോസഫ് എം. പുതുശ്ശേരി (തിരുവല്ല) എന്നീ സീറ്റുകള്‍കൂടി ജോസഫ് വിട്ടുവീഴ്ചയില്ലാതെ ആവശ്യപ്പെടുന്നുണ്ട്.
ഈ ഏഴ് സീറ്റുകള്‍ക്കൊപ്പം അധികമായി എത്ര സീറ്റ് എന്നതിലാണ് ചര്‍ച്ച. തിരുവല്ല സീറ്റ് റാന്നിയുമായി വെച്ചുമാറാനുള്ള സാധ്യതയുമുണ്ട്. അങ്ങനെയങ്കില്‍ തിരുവല്ല കോണ്‍ഗ്രസ് ഏറ്റെടുത്ത് റാന്നി കേരള കോണ്‍ഗ്രസിന് നല്‍കിയേക്കും. മലബാര്‍ മേഖലയില്‍ കേരള കോണ്‍ഗ്രസ് മത്സരിച്ചിരുന്ന പേരാമ്പ്രയ്ക്ക് പകരം തിരുവമ്പാടിയിലും കേരള കോണ്‍ഗ്രസിന് താത്പര്യമുണ്ട്. സീറ്റ് ലഭിച്ചാല്‍ ലീഗ് മത്സരിച്ചുവരുന്ന തിരുവമ്പാടിയായിട്ടാകും വെച്ചുമാറുക.
കൊല്ലത്ത് ഇരവിപുരമോ ചടയമംഗലമോ ലീഗ് എടുക്കാനും കുണ്ടറയില്‍ ആര്‍.എസ്.പി. മത്സരിക്കാനും നിര്‍ദേശമുണ്ട്. ഇരവിപുരത്ത് ലീഗ് നേരത്തേ ജയിച്ചിട്ടുണ്ട്. ഈ മാറ്റങ്ങള്‍ യാഥാര്‍ഥ്യമായാല്‍ കഴിഞ്ഞപ്രാവശ്യം ലീഗ് മത്സരിച്ച പുനലൂര്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തും.

Latest News