Sorry, you need to enable JavaScript to visit this website.

സൗദിയിൽ വാക്‌സിൻ അപ്പോയിന്റ്‌മെന്റ് നീട്ടിവെച്ചു


റിയാദ് - കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് നേടിയവരുടെ ആദ്യ ഡോസ് വാക്‌സിനുള്ള അപ്പോയിന്റ്‌മെന്റ് നീട്ടിവെച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. എസ്.എം.എസ്സിലൂടെയോ 'സിഹതീ' ആപ്പ് വഴിയോ പുതിയ അപ്പോയിന്റ്‌മെന്റ് അറിയാൻ സാധിക്കും. രണ്ടാമത്തെ ഡോസിനുള്ള അപ്പോയിന്റ്‌മെന്റ് ഉള്ളവർ, അപ്പോയിന്റ്‌മെന്റിൽ മാറ്റമുള്ളതായി എസ്.എം.എസ് ലഭിക്കാത്തപക്ഷം 'സിഹതീ' ആപ്പിൽ കാണിക്കുന്ന മുൻകൂട്ടിയുള്ള അപ്പോയിന്റ്‌മെന്റ് പ്രകാരമുള്ള സമയത്തുതന്നെ വാക്‌സിൻ സ്വീകരിക്കാൻ ഹാജരാകണമെന്നും ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഫൈസർ-ബയോൻടെക് വാക്‌സിൻ വിതരണത്തിന് അപ്പോയിന്റ്‌മെന്റ് ലഭിച്ചവർക്ക് നിശ്ചയിച്ച സമയക്രമത്തിലാണ് മാറ്റം വരുത്തിയത്. ഉൽപാദന ശേഷി വർധിപ്പിക്കുന്നതിനുവേണ്ടി വാക്‌സിൻ ഫാക്ടറി പ്രവർത്തനം ക്രമീകരിക്കുന്നതിനാൽ കയറ്റുമതിക്ക് കാലതാമസമുണ്ടാകുന്നുണ്ട്. ഇതാണ് സമയക്രമം മാറാൻ കാരണം. വാക്‌സിൻ വിതരണം ആരോഗ്യ മന്ത്രാലയം തുടരുകയാണ്. മുഴുവൻ പ്രവിശ്യകളിലും പുതിയ സെന്ററുകൾ തുറന്ന് വാക്‌സിൻ വിതരണം ആരംഭിക്കുമെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു.


ഇരുപത്തിനാലു മണിക്കൂറിനിടെ സൗദിയിൽ 212 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും 160 രോഗികൾ അസുഖം ഭേദമായി ആശുപത്രികൾ വിടുകയും ചെയ്തു. മരിച്ച നാലു പേരിൽ കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ഗുരുതരാവസ്ഥയിലുള്ള 326 പേർ അടക്കം 2,096 രോഗികൾ ചികിത്സയിലാണ്. ഇരുപത്തിനാലു മണിക്കൂറിനിടെ 52,105 പേർക്ക് പി.സി.ആർ പരിശോധനകൾ നടത്തി. റിയാദ്-83, കിഴക്കൻ പ്രവിശ്യ-39, മക്ക-35, മദീന-21, ഉത്തര അതിർത്തി പ്രവിശ്യ-9, അൽഖസീം-8, നജ്‌റാൻ-6, അൽബാഹ-3, ഹായിൽ-3, അസീർ-2, ജിസാൻ-1, അൽജൗഫ്-1, തബൂക്ക്-1 എന്നിങ്ങനെ സൗദിയിലെ പ്രവിശ്യകളിൽ ഇരുപത്തിനാലു മണിക്കൂറിനിടെ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തു. മധ്യവർഷ അവധിക്കാലത്ത് മുൻകരുതൽ, പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിൽ ആളുകൾ കാണിച്ച അലംഭാവം ശൈത്യകാലത്ത് വൈറസിന്റെ സജീവത തുടങ്ങിയ കാരണങ്ങളാണ് ഈ ദിവസങ്ങളിൽ കോവിഡ് കേസുകൾ വർധിക്കാൻ കാരണമെന്ന് ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി പറഞ്ഞു. 


 

Latest News