Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കെ-റെയിൽ പദ്ധതി; കേന്ദ്രാനുമതി ലഭിക്കാതെ  സ്ഥലമേറ്റെടുക്കൽ നടപടി ആരംഭിക്കില്ലെന്ന് മന്ത്രി

തിരുവനന്തപുരം - നിർദിഷ്ട കെ-റെയിൽ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാതെ സ്ഥലമേറ്റെടുക്കൽ നടപടി ആരംഭിക്കില്ലെന്ന് മന്ത്രി ജി. സുധാകരൻ നിയമസഭയിൽ പറഞ്ഞു. ജനവാസകേന്ദ്രങ്ങൾക്കും കൃഷിയിടങ്ങൾക്കും ഭീഷണി ഉയർത്തിക്കൊണ്ട് അശാസ്ത്രീയമായ രീതിയിൽ കെ-റെയിൽ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നൽകുകയായിരുന്നു മന്ത്രി. അപ്രായോഗികവും അശാസ്ത്രീയവുമായ കെ-റെയിൽ പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്ന് പ്രമേയത്തിന് നോട്ടീസ് നൽകിയ മോൻസ് ജോസഫ് ആവശ്യപ്പെട്ടു. പദ്ധതി നടപ്പിലാക്കുമ്പോൾ 25,000 കെട്ടിടങ്ങളും 30,000 കുടുംബങ്ങളെയും ഒഴിപ്പിക്കേണ്ടിവരുമെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. പദ്ധതി നടപ്പിലാക്കിയാൽ സംസ്ഥാനം വലിയ കടക്കെണിയിലാകുമെന്നും വ്യക്തമാക്കി.


കൃഷിയിടങ്ങൾക്ക് കോട്ടം വരുത്താതെ തൂണുകൾക്ക് മുകളിൽ റെയിൽപാളം നിർമിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. 115 കിലോമീറ്റർ പാടശേഖരങ്ങളിൽ 88 കിലോമീറ്റർ ദൂരവും ഈ രീതിയിലാണ് പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. ജലാശയങ്ങളും തണ്ണീർത്തടങ്ങളും സംരക്ഷിക്കപ്പെടും. 9,314 കെട്ടിടങ്ങളെ പദ്ധതി ബാധിക്കും. ഇതുമായി ബന്ധപ്പെട്ട് ജനത്തിനുള്ള ആശങ്ക പരിഹരിക്കുമെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
പദ്ധതിക്കെതിരായി റവന്യൂമന്ത്രി തന്നെ രംഗത്തുവന്നിട്ടുണ്ടെന്നും ചട്ടം ലംഘിച്ചാണ് സ്ഥലമേറ്റെടുക്കലുമായി സർക്കാർ മുന്നോട്ടുപോകുന്നതെന്നും പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭ വിട്ടിറങ്ങി.
കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതിന് ശേഷം മാത്രമേ സ്ഥലമേറ്റെടുക്കാവൂ എന്ന റവന്യൂ വകുപ്പിന്റെ നിലപാടിനെ മറികടന്നാണ് സർക്കാർ പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. 

 

Latest News