Sorry, you need to enable JavaScript to visit this website.

ബഷീറിന്റെ 'ഭാർഗവീനിലയ'ത്തിന് പുതിയ  ദൃശ്യഭാഷയൊരുക്കാൻ ആഷിഖ് അബു

കൊച്ചി - മലയാള സിനിമാ ചരിത്രത്തിന്റെ ഭാഗമായ 'ഭാർഗവീനിലയ'ത്തിന് പുത്തൻ ദൃശ്യഭാഷയൊരുക്കാൻ പ്രമുഖ സംവിധായകൻ ആഷിഖ് അബു. 'നീലവെളിച്ചം' എന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ പ്രശ്സത ചെറുകഥയെ അധികരിച്ച് ഒരുക്കിയ 'ഭാർഗവീനിലയം' നീലവെളിച്ചം എന്ന പേരിൽ തന്നെയാണ് ആഷിഖ് അബു സിനിമയാക്കുന്നത്. ബഷീറിന്റെ 113-ാം ജന്മദിനമായ ഇന്നലെ ആഷിഖ് അബു ഫെസ്ബുക്കിലൂടെയാണ് സിനിമ പ്രഖ്യാപിച്ചത്. 
പൃഥിരാജ്, കുഞ്ചാക്കോ ബോബൻ, റിമ കല്ലിങ്കൽ, സൗബിൻ ഷാഹിർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. സന്തോഷ് ടി. കുരുവിള നിർമിക്കുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് ഷൈജു ഖാലിദ്. ബിജിബാൽ, റെക്സ് വിജയൻ എന്നിവരാണ് ചിത്രത്തിൽ സംഗീതം നിർവഹിക്കുന്നത്.  


നീലവെളിച്ചം സിനിമയാക്കണമെന്ന തന്റെ കൊതി ഇപ്പോഴാണ് യാഥാർഥ്യമാകാൻ ഒരുങ്ങുന്നത് എന്നാണ് ആഷിഖ് അബു ഫെയ്സ്ബുക്കിൽ കുറിച്ചത്. 'സ്നേഹം നിറഞ്ഞവരേ, നിറത്തിന്മേൽ നിറവും വെളിച്ചത്തിന്മേൽ വെളിച്ചവും ഉപയോഗിച്ച്, ബഷീറിന്റെ 'നീലവെളിച്ചം' സിനിമയാക്കണമെന്നത് ഏറെ കാലമായുള്ള കൊതിയായിരുന്നു. എല്ലാം ഒത്തുവന്നത് ഇപ്പോഴാണ്. അക്ഷര സുൽത്താന്റെ 113-ാം ജന്മദിനത്തിൽ ഈ വാർത്ത നിങ്ങളുമായി പങ്കുവെയ്ക്കാൻ ഏറെ അഭിമാനവും സന്തോഷവും ഉണ്ട്. ബഷീറിന്റെ കുടുംബങ്ങൾക്കും ശ്രീ ഗുഡ്നൈറ്റ് മോഹനും ഹൃദയത്തിൽ നിന്നും നന്ദി. നീലവെളിച്ചം ഈ വർഷാവസാനം ചിത്രീകരണം ആരംഭിക്കും' എന്ന് ആഷിഖ് അബു കുറിച്ചു. പ്രേതബാധയ്ക്കു കുപ്രസിദ്ധിയാർജിച്ച വീട്ടിൽ താമസിക്കാനെത്തുന്ന എഴുത്തുകാരന്റെ അനുഭവങ്ങളാണ് നീലവെളിച്ചം എന്ന കഥ. എഴുത്തുകാരനും പ്രേതവും തമ്മിൽ രൂപപ്പെടുന്ന ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്. 1964 ൽ പുറത്തുവന്ന ഭാർഗവീ നിലയത്തിൽ പ്രേംനസീർ, മധു, വിജയനിർമല എന്നിവരാണ് മുഖ്യകഥാപാത്രങ്ങളായത്. വൈക്കം മുഹമ്മദ് ബഷീർ തന്നെയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കിയത്.

 

Latest News