Sorry, you need to enable JavaScript to visit this website.

കൊല്ലത്ത് സി.പി.എം  സ്ഥാനാർഥി ചർച്ച സജീവം

കൊല്ലം - ഇടതുമുന്നണിക്ക് വ്യക്തമായ മുൻതൂക്കമുള്ള കൊല്ലം ജില്ലയിൽ സി.പി.എം പി.ബി അംഗം എം.എ. ബേബി മത്സരിക്കാനുള്ള സാധ്യത വിരളമായതോടെ സിറ്റിംഗ് മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ കുറിച്ചുള്ള ചർച്ചകൾ സി.പി.എമ്മിൽ സജീവമായി. 
കുണ്ടറയിൽനിന്നും രണ്ടു തവണ ജയിച്ച എം.എ. ബേബി കഴിഞ്ഞ തവണ യൂത്ത് കമ്മിഷൻ ചെയർപേഴ്‌സൺ ചിന്താ ജെറോമിനെ മത്സരിപ്പിക്കാൻ നീക്കം നടത്തിയെങ്കിലും പാർട്ടി വെട്ടിയതോടെ നറുക്കു വീണത് ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്കായിരുന്നു. 1987 മുതൽ അഞ്ച് തെരഞ്ഞെടുപ്പുകളിൽ കുണ്ടറയിൽ മത്സരിച്ച മേഴ്‌സിക്കുട്ടിയമ്മ 2016 ൽ ഉൾപ്പെടെ മൂന്നുതവണ വിജയിച്ചു. 
നിലവിൽ ഫിഷറീസ് മന്ത്രി കൂടിയായ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് മത്സരിക്കാൻ താൽപര്യമില്ലെങ്കിൽ മാത്രമേ മറ്റു പേരുകൾക്ക് പ്രസക്തിയുള്ളൂ. 2019 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ എൻ.കെ പ്രേമചന്ദ്രനോട് പരാജയപ്പെട്ട സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.എൻ. ബാലഗോപാലിനെ കുണ്ടറയിലും കൊട്ടാരക്കരയിലും പരിഗണിക്കുന്നുണ്ട്. കൊട്ടാരക്കരയിൽ കാഷ്യു കോർപറേഷൻ ചെയർമാൻ എസ്. ജയമോഹനും സാധ്യത കൽപ്പിക്കപ്പെടുന്നു.


സിറ്റിംഗ് എം.എൽ.എമാരായ എം. നൗഷാദ് ഇരവിപുരത്തും, എം. മുകേഷ് കൊല്ലത്തും വീണ്ടും ജനവിധി തേടുമെന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. പാർട്ടി കേന്ദ്രങ്ങൾക്ക് മുകേഷിനോട് അത്ര താൽപര്യമില്ലെങ്കിലും സീറ്റ് നിഷേധിച്ചാൽ ഉണ്ടായേക്കാവുന്ന വിവാദം ഒഴിവാക്കാൻ വീണ്ടും പരിഗണിക്കുമെന്നാണ് അറിയുന്നത്. ചവറയിൽ അന്തരിച്ച എം.എൽ.എ എൻ. വിജയൻ പിള്ളയുടെ മകൻ ഡോ. സുജിത്തിന്റെ പേരാണ് പരിഗണനയിൽ. 
കഴിഞ്ഞ തവണ ചവറയിൽ സി.എം.പിയുടെ അക്കൗണ്ടിൽ എൻ. വിജയൻ പിള്ളക്ക് സീറ്റ് നൽകിയെങ്കിലും അദ്ദേഹം പിന്നീട് സി.പി.എമ്മിൽ ചേരുകയായിരുന്നു. ഇതോടെ ജില്ലയിൽ അഞ്ചു സീറ്റുകളിലാണ് സി.പി.എം ഇത്തവണ ജനവിധി തേടുക.

 

Latest News