Sorry, you need to enable JavaScript to visit this website.

മണ്ണാർക്കാട്ട് സഭയുടെ സ്ഥാനാർഥിയെ നിർത്താൻ സി.പി.ഐക്ക് ബിഷപ്പിന്റെ കത്ത്

പലക്കാട് - മണ്ണാർക്കാട് നിയമസഭാ മണ്ഡലത്തിൽ സഭാ വിശ്വാസിയായ വ്യവസായിയെ സ്ഥാനാർത്ഥിയാക്കണം എന്നാവശ്യപ്പെട്ട് പാലക്കാട് ബിഷപ്പ് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കത്ത് നൽകി. 
പാലക്കാട് ബിഷപ്പ് മാർ ജേക്കബ് മനത്തോടത്ത് ആണ് കഞ്ചിക്കോട്ടെ വ്യവസായ പ്രമുഖൻ ഐസക്ക് വർഗീസിനെ സ്ഥാനാർഥിയാക്കണം എന്നാവശ്യപ്പെട്ട് സ്വന്തം ലെറ്റർ പാഡിൽ കത്ത് നൽകിയത്. ഐസക്ക് തങ്ങളുടെ സമുദായത്തിൽ ഏറെ ആദരിക്കപ്പെടുന്ന വ്യക്തിയാണെന്നും അദ്ദേഹത്തെ സ്ഥാനാർഥിയാക്കിയാൽ സഭ പിന്തുണക്കുമെന്നും വ്യക്തമാക്കുന്ന കത്തിനോടൊപ്പം ആളുടെ ബയോഡാറ്റയും വെച്ചിട്ടുണ്ട്. സി.പി.ഐ സ്ഥിരമായി മത്സരിച്ചു വരുന്ന മണ്ണാർക്കാട്ടെ സ്ഥാനാർഥിയെക്കുറിച്ച് ആ പാർട്ടിക്കകത്തും മുന്നണിക്കകത്തും ചർച്ചകൾ തുടങ്ങുന്നതിനു മുമ്പാണ് വ്യവസായിക്കു വേണ്ടി സഭാ നേതൃത്വം കളത്തിലിറങ്ങിയിരിക്കുന്നത്. മുസ്‌ലിം ലീഗിലെ അഡ്വ. എൻ. ഷംസുദ്ദീനാണ് നിലവിൽ മണ്ണാർക്കാട് എം.എൽ.എ. 


രഹസ്യമായി കൈമാറിയ കത്ത് ലീക്കായതോടെ സി.പി.ഐയും സഭാ നേതൃത്വവും ഒരുപോലെ വെട്ടിലായിരിക്കുകയാണ്. വിഷയത്തിൽ പ്രതികരിക്കാൻ ഇരുകൂട്ടരും തയാറായിട്ടില്ല. അത്തരമൊരു കത്തിനെക്കുറിച്ച് അറിയില്ല എന്നാണ് സി.പി.ഐ ജില്ലാ കമ്മിറ്റി നൽകുന്ന വിശദീകരണം. എന്നാൽ പാലക്കാട് ബിഷപ്പ് തനിക്കു വേണ്ടി കത്ത് നൽകിയിട്ടുണ്ട് എന്ന് ഐസക് വർഗീസ് പറഞ്ഞു. മത്സരിക്കാൻ തനിക്ക് താൽപര്യമുണ്ടെന്നും സഭാ വിശ്വാസിയായതിനാലാണ് ബിഷപ്പ് കത്ത് നൽകിയതെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബിഷപ്പിന്റെ കത്ത് താൻ തന്നെയാണ് കാനത്തിന് കൈമാറിയത് എന്നാണ് അദ്ദേഹം പറയുന്നത്. പ്രതികരിക്കാനാവില്ലെന്ന നിലപാടിലാണ് ബിഷപ്പ് ഹൗസ്. കാനവും ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞിട്ടില്ല. 
സഭക്ക് മണ്ണാർക്കാട് നിയമസഭാ മണ്ഡലത്തിൽ കാൽ ലക്ഷത്തിലധികം വോട്ടുണ്ട്. 2006 നു ശേഷം ഇവിടെ സി.പി.ഐ ജയിച്ചിട്ടില്ല. കഴിഞ്ഞ രണ്ടു തവണയും വിജയിച്ചത് ലീഗ് ആണ്. സഭയുടെ വോട്ട് വാങ്ങി ജയിച്ച അവർ പിന്നീട് അതിന്റെ പരിഗണനയൊന്നും നൽകിയില്ല എന്ന തോന്നൽ സാധാരണക്കാർക്കുണ്ട്. വിശ്വസ്തനായ ഒരാൾ സ്ഥാനാർഥിയാവണം എന്നാണ് പൊതുവായ വിലയിരുത്തൽ. താൻ സഭയുടെ വിശ്വസ്തനാണ്. തനിക്ക് സി.പി.ഐ സീറ്റ് നൽകിയാൽ ജയിക്കുമെന്ന വിശ്വാസമുണ്ട്. അതിനാലാണ് ബിഷപ്പ് കത്ത് നൽകിയത്. തനിക്ക് സി.പി.എമ്മുമായാണ് ബന്ധം. എന്നാൽ ഇടതു മുന്നണിയിൽ സി.പി.ഐയുടേതാണ് സീറ്റ്. തീരുമാനമെടുക്കേണ്ടത് അവരാണല്ലോ-ഐസക്ക് വർഗീസ് പറയുന്നു. 


ആബേൽ വിസാക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫോർച്യൂൺ ഇന്റസ്ട്രീസ് എന്നീ സ്ഥാപനങ്ങളുടെ എം.ഡിയായ അദ്ദേഹം ഓൾ കേരള ആന്റി കറപ്ഷൻ ആന്റ് ഹ്യൂമൻ റൈറ്റ്‌സ് പ്രൊട്ടക്ഷൻ കൗൺസിൽ എന്ന സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് കൂടിയാണ്.
ബിഷപ്പ് രഹസ്യമായി അയച്ച കത്ത് എങ്ങനെ ചോർന്നുവെന്ന കാര്യത്തിൽ ആശയക്കുഴപ്പമുണ്ട്. സി.പി.ഐയിൽ വിഭാഗീയത ശക്തമായി നിലനിൽക്കുന്ന ജില്ലയിൽ വഴക്കിന് ഒരു കാരണം കൂടിയായി. കഴിഞ്ഞ തവണ കാനത്തിന്റെ വിശ്വസ്തനായ പാർട്ടി ജില്ലാ സെക്രട്ടറി കെ.പി. സുരേഷ്‌രാജ് ആണ് മണ്ണാർക്കാട്ട് മത്സരിച്ച് പരാജയപ്പെട്ടത്. ഇക്കുറി യുവാവായ ഒരു പുതുമുഖത്തെ ഇറക്കി പോരാട്ടം കാഴ്ച വെക്കാനാണ് ഇടതുമുന്നണി ശ്രമിക്കുക എന്നതായിരുന്നു സൂചന. 

 

Latest News