Sorry, you need to enable JavaScript to visit this website.

പ്രത്യേക കര്‍ഷക പുരസ്‌കാരം: അമിതാഹ്ലാദമില്ലാതെ കുംഭ

മാനന്തവാടി- സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക കര്‍ഷക പുരസ്‌കാരത്തിനു അര്‍ഹയായി എന്നറിഞ്ഞിട്ടും അമിതാഹ്ലാദമില്ലാതെ കുംഭ. പുരസ്‌കാരത്തിനു തെരഞ്ഞെടുത്തതില്‍ സന്തോഷമുണ്ടെന്നും എന്നാല്‍ അമിതാഹ്ലാദമില്ലെന്നും കുംഭ പറഞ്ഞു. ശരീരം പാതി തളര്‍ന്നിട്ടും മണ്ണുമായി മല്ലടിക്കുന്ന ഗോത്രവനിതയാണ് 70 കാരിയായ കുംഭ. കുഞ്ഞായിരിക്കുമ്പോള്‍ പോളിയോ ബാധിച്ച് തളര്‍ന്നതാണ് കുംഭയുടെ അരക്കുതാഴെ ശരീരം. എങ്കിലും വളര്‍ന്നപ്പോള്‍ കുംഭയുടെ മനസ്സ് തളര്‍ന്നില്ല. 
അനാരോഗ്യവസ്ഥയിലും അവര്‍ കൃഷിയെ സ്‌നേഹിച്ചു. കൈകള്‍ കുത്തി നിരങ്ങിനീങ്ങി പാടത്തും പറമ്പിലും കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടു. ആര്‍ക്കും ബാധ്യതയാകരുതെന്ന ദൃഢനിശ്ചമാണ് കുംഭയെ ഉശിരന്‍ പോരാളിയാക്കിയത്. ഒരു കൈ നിലത്തുകുത്തി മറ്റേ കൈയില്‍ തൂമ്പയെടുത്താണ് കുംഭ മണ്ണില്‍ ആഞ്ഞുകിളയ്ക്കുന്നത്. മണ്ണ് കുംഭയെ ചതിക്കുന്നുമില്ല. അവര്‍ തൊടുന്നതെല്ലാം പൊന്ന്. കുറച്ചുകാലമായി അര്‍ബുദത്തോടും പൊരുതിയാണ് കുംഭയുടെ ജീവിതയാത്ര. അര്‍ബുദത്തിനു മുന്നിലും സുല്ലുപറയാന്‍ കുംഭ തയാറല്ല. അനുകമ്പയുമായി വരുന്നവര്‍ക്കു മുന്നില്‍ പുഞ്ചിരി പൊഴിക്കുകയാണ് അവര്‍.
 

Latest News