Sorry, you need to enable JavaScript to visit this website.

തൃണമൂലിനെതിരെ പൊരുതാന്‍ ബംഗാളില്‍ പുതിയൊരു മുസ്‌ലിം പാര്‍ട്ടി കൂടി

കൊല്‍ക്കത്ത- പ്രബോധകന്റെ വേഷംമാറി രാഷ്ട്രീയക്കാരന്റെ കുപ്പായമണിഞ്ഞ പീര്‍സാദ അബ്ബാസ് സിദ്ദീഖി ബംഗാളില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. മുസ്‌ലിം, ദളിത്, ആദിവാസി പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായാണ് പുതിയ പാര്‍ട്ടിയായ ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ട് (ഐ.എസ്.എഫ്) രൂപീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഹൂഗ്‌ളി ജില്ലയിലെ പ്രശസ്ത ദര്‍ഗയായ ഫുര്‍ഫുറ ശരീഫുമായി ബന്ധമുള്ള കുടുംബത്തില്‍ നിന്നാണ് 34കാരനായ പീര്‍സാദ വരുന്നത്.

പിന്നോക്ക വിഭാഗത്തിനു വേണ്ടിയാണ് ശബ്ദിക്കുന്നതെങ്കിലും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിക്കെതിരെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍. 15 ശതമാനം സംവരണവും തൊഴിലവസരങ്ങളും വിദ്യാഭ്യാസവുമെല്ലാം മമത അധികാരത്തിലെത്തിയപ്പോള്‍ വാഗ്ദാനം ചെയ്തിരുന്നു. അവരെ വിശ്വസിച്ചു. അവര്‍ക്കു വേണ്ടി വോട്ടു ചെയ്യാനും അനുയായികളോട് പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ അവര്‍ ഒന്നുംചെയ്യുന്നില്ല. പകരം ഹിന്ദു-മുസ്‌ലിം ഭിന്നത സൃഷ്ടിക്കുകയാണ്. ഇനിയും മറ്റുള്ളവരെ ആശ്രയിക്കേണ്ടതില്ലെന്നും സ്വന്തം പാര്‍ട്ടി രൂപീകരിക്കാനും അങ്ങനെയാണ് തീരുമാനിച്ചത്-പീര്‍സാദ പറഞ്ഞു. 

നേരത്തെ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ നേതാവ് അസദുദ്ദീന്‍ ഉവൈസി ഫുര്‍ഫുറ ശരീഫിലെത്തി പീര്‍സാദ അബ്ബാസ് സിദ്ദീഖിയുമായി ചര്‍ച്ച നടത്തിയിരുന്നു. മജ്‌ലിസിനു വേണ്ടി പീര്‍സാദ രംഗത്തെത്തിയേക്കുമെന്ന റിപോര്‍ട്ടുകളും ഉണ്ടായിരുന്നു. മജ്‌ലിസിനെ ബംഗാളിലെ അധ്യക്ഷനാക്കാമെന്ന വാഗ്ദാനവും ഉവൈസി നല്‍കിയിരുന്നു. 

ഈ പാര്‍ട്ടികളെല്ലാം അപ്രസക്തരാണെന്നും ബിജെപിയെ സഹായിക്കുന്നവരാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഫര്‍ഹദ് ഹകീം പ്രതികരിച്ചു. പലരും വരുന്നത് ബിജെപിയെ സഹായിക്കാനാണ്. ഇവര്‍ തമ്മില്‍ ഒരു വ്യത്യാസവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
 

Latest News