Sorry, you need to enable JavaScript to visit this website.

രോഗ പരിചരണത്തിലെ ഏറനാടൻ സ്‌നേഹമുദ്ര

ആതുര മേഖലയെ ജനകീയമാക്കുകയും രോഗങ്ങൾ കൊണ്ടുള്ള പ്രയാസം ഇല്ലാതാക്കാൻ തന്റെ അറിവും ജീവിതവും പൂർണമായും വിനിയോഗിച്ച, ഒരു നാടിന്റെ മുഴുവൻ ഡോക്ടറായ, വണ്ടൂരിലെ പി. അബ്ദുൽ കരീമിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണ്. 1970 ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നും എട്ടാമാത് ബാച്ചിൽ പഠനം കഴിഞ്ഞു പുറത്തിറങ്ങി, 1972 ൽ സർക്കാർ സർവീസിൽ പ്രവേശിച്ചു. അവികസിതമായ പ്രദേശങ്ങളിൽ വാഹന സൗകര്യം പോലും അധികം ഇല്ലാതിരുന്ന കാലത്ത് ജോലി ചെയ്യുവാനും പാവങ്ങളെ സഹായിക്കുന്നതിലും അദ്ദേഹത്തിന് പ്രത്യക ശുഷ്‌കാന്തിയായിരുന്നു. അഞ്ചു രൂപ നൽകിയാൽ മൂന്ന് രൂപ മടക്കി നൽകി, ഏറെക്കാലം അദ്ദേഹം അനുവദനീയമായ സ്വകാര്യ പ്രാക്ടീസ് നടത്തി. പാവപ്പെട്ടവരുടെ വീടുകളിൽ അത്യാഹിത രോഗങ്ങളിൽ പെട്ടവരെ സഹായിക്കുവാൻ അർധരാത്രിയിൽ പോലും സ്വന്തം വാഹനത്തിൽ ചികിൽസ നൽകാനായാനാണ് അദ്ദേഹം എത്തിക്കൊണ്ടിരുന്നത്. അങ്ങനെ മരണത്തിന്റെ നൂൽപാലത്തിൽ നിന്നും ജീവിതത്തിലേക്ക് കൈപിടിച്ച് ഉയർത്തിയവരുടെ എണ്ണം നിരവധിയാണ്. കുടുംബ ഡോക്ടർ എന്ന പദവിയിൽ, രോഗിയെ കാണുമ്പോൾ തന്നെ മരുന്ന് എഴുതിക്കൊടുത്ത് അവരുടെ രോഗം മാറ്റുവാൻ കഴിയുന്ന അപൂർവ സിദ്ധിയുടെ ഉടമയായിരുന്നു. എന്റെ വല്ലുപ്പയെയും ഉപ്പയെയും എന്നെയും എന്റെ മകനെയും ചികിൽസിച്ച, അങ്ങനെ തലമുറകളിൽ ആതുര ശ്രുശ്രൂഷ നൽകിയ മഹനീയ സേവനത്തിന്റെ മാതൃകയായിരുന്നു.


1983 ൽ കാൻസറിന്റെ പിടിയിൽപെട്ട അദ്ദേഹം നിരവധി ചികിത്സകൾക്കു ശേഷം ജീവിതത്തിലേക്കു തിരിച്ചുവന്നത് ഒരു പുതിയ തിരുമാനവുമായാണ്. ഈ പ്രവർത്തനത്തിന് കൂടുതൽ കരുത്ത് പകരുവാൻ ജില്ലാ കാൻസർ സൊസൈറ്റിയുടെ മെമ്പർ സെക്രട്ടറി എന്ന നിലക്ക് അദ്ദേഹത്തിന് ആയി. ആന്റി ടുബാകോ പ്രോഗ്രാമുൾക്ക് സർക്കാരിന്റെയും തിരുവനന്തപുരം ആർ.സി.സിയുടെയും അപ്രിസിയേഷൻ അവാർഡുകളും ലഭിച്ചു. മാരകമായ കാൻസർ രോഗത്തെ പ്രതിരോധിക്കുന്നതിന് ശക്തമായ രീതിയിൽ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തുക. അതിനായി സമാന മനസ്‌കരായവരുമായി ചേർന്നു കാരുണ്യ എന്ന സംഘടന രൂപീകരിച്ചു. 'ഇറുകുവാനടുക്കുന്ന കാലുകളെ തളയ്ക്കുക' എന്ന പേരിൽ 1997 ൽ കാരുണ്യ ഇറക്കിയ ബുക്ക്‌ലറ്റിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സംസ്ഥാന വ്യാപകമായി ഇതിന്റെ കോപ്പികൾ വിതരണം ചെയ്യപ്പെട്ടു.

 

പ്രശസ്ത സാഹിത്യകാരൻ തിക്കോടിയനാണ് ഇതിന്റെ പ്രകാശനം നിർവഹിച്ചത്. തിരുവനന്തപുരത്തേക്കു യാത്രക്കുള്ള പണമില്ലാതെ സർക്കാരിന്റെ സൗജന്യ ചികിത്സ വേണ്ടെന്നുവെച്ചിരുന്ന നിരവധി പാവങ്ങൾക്ക് യാത്രാ ചെലവും മരണത്തെ കാത്തു കഴിയുന്നവർക്ക് വാട്ടർ ബെഡുകളും മറ്റു അനുബന്ധ സഹായങ്ങളും കാരുണ്യയിലൂടെ ലഭ്യമാക്കി. നാട്ടിൽ ഈ പ്രവർത്തനത്തിൽ അദ്ദേഹത്തോടൊപ്പം ചെറിയ രീതിയിൽ ഞാനും പങ്കാളിയായി. പിന്നിട് ഞാൻ സൗദിയിലെത്തിയ വർഷം മുതൽ തന്നെ കാരുണ്യയുടെ ജിദ്ദ - സഹായ സമിതി രൂപീകരിച്ച് ഈ പ്രവർത്തനങ്ങൾക്കു കഴിയാവുന്ന സഹായങ്ങൾ നൽകി. പാലിയേറ്റീവ് ക്ലിനിക്കുകൾ പ്രവർത്തനങ്ങൾ തുടങ്ങുന്നതിനു എത്രയോ മുൻപ് അത്തരത്തിലുള്ള പ്രവർത്തനങ്ങളുടെ കേന്ദ്രമായി അദ്ദേഹം വണ്ടൂരിനെ മാറ്റി.


'ഞാൻ മരിക്കുന്നതിന് മുൻപ് എന്റെ മകനെ നീ തിരിച്ചു വിളിക്കണമേ' എന്ന പ്രാർത്ഥനയിൽ കഴിഞ്ഞിരുന്ന ഒരു പാവം അമ്മയുടെ വേദനയാണ് അദ്ദേഹത്തിന് വണ്ടൂരിൽ സ്‌പെഷ്യൽ സ്‌കൂൾ ആരംഭിക്കുവാൻ പ്രചോദനം നൽകിയത്. ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിൽ മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കായുള്ള സ്‌കൂൾ വണ്ടൂരിൽ വാടകക്കെട്ടിടത്തിൽ തുടക്കം കുറിച്ചപ്പോൾ അതിനു സ്വന്തം സ്ഥലവും ബിൽഡിംഗും ഉണ്ടാക്കുവാൻ ജിദ്ദയിൽ നിന്നും പരമാവധി സഹായം ലഭ്യമാക്കുവാൻ മുഖ്യ പങ്കു വഹിക്കുവാൻ സാധിച്ചതിനു കാരണക്കാരൻ അദ്ദേഹമായിരുന്നു.
2002 ൽ വണ്ടൂരിൽ ഒരു ആശുപത്രി സ്ഥാപിക്കുന്നതിന് മുൻകൈ എടുത്ത അദ്ദേഹത്തിന് പ്രവാസിയുടെ സഹകരണം സാധ്യമാകുന്നതിനു എല്ലാ വിധത്തിലും കൂടെ നിന്ന് പ്രവർത്തിക്കുവാൻ സാധിച്ചത് ജീവിതത്തിലെ വലിയ ഭാഗ്യമായി കരുതുന്നു. നിംസ് ഹോസ്പിറ്റൽ മൾട്ടി സ്‌പെഷ്യാലിറ്റിയുടെ സൗകര്യത്തോടെ സ്ഥാപിക്കുന്നതിന് എല്ലാ പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റെ കൈയൊപ്പ് ഉണ്ടായിരുന്നു. ഇതിന്റെ ഭാഗമായി ജിദ്ദയിൽ എത്തിയ അദ്ദേഹം, ഹോണററി കറസ്‌പോണ്ടന്റായി നിയമിച്ചത് ഞാൻ നന്ദിപൂർവം സ്മരിക്കുന്നു. ഇവിടെ നടക്കുന്ന ഓരോ യോഗങ്ങളിലും ചർച്ച ചെയ്യേണ്ട കാര്യങ്ങൾ അവിടെ തന്മയത്വത്തോടെ അവതരിപ്പിക്കേണ്ട രീതികളെല്ലാം ഒരു മകനോടെന്ന പോലെ കൃത്യമായി അദ്ദേഹം വിശദീകരിച്ചു നൽകുമായിരുന്നു. പ്രവാസികളും നാട്ടുകാരുമായി 40 അംഗങ്ങളെ ഒരുമിച്ച് ചേർത്ത് അദ്ദേഹം രാവും പകലും പ്രവർത്തിച്ച് ഈ ആശുപത്രി യാഥാർഥ്യമാക്കി.

 

എല്ലാ അംഗങ്ങളും നിശ്ചിത വിഹിതം നൽകി പ്രവർത്തിക്കുന്ന നിംസ് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിച്ചുകൊണ്ട് നിരവധി പാവപ്പെട്ട രോഗികളെ സഹായിക്കുന്നതിന് അദ്ദേഹം മുന്നിട്ടിറങ്ങി. നിംസ് നഴ്‌സിംഗ് സ്‌കൂൾ സ്ഥാപിക്കുന്നതിനും അവിടെ പഠിക്കുന്ന നിർധനരായ വിദ്യാർതഥികൾക്കു ഫീസ് ഇളവ് നൽകുന്നതിനും ശ്രദ്ധിച്ചിരുന്നു. നിംസ് സ്ഥാപക ചെയർമാനായ അദ്ദേഹം കഴിഞ്ഞ ഡിസംബർ 21 നു ഡയറക്ടർ ബോർഡ് യോഗത്തിൽ ആശുപത്രിയുടെ വികസനത്തിനുള്ള നിരവധി നിർദേശങ്ങളാണ് നൽകിയത്. അന്ന് പതിവിനു വിപരീതമായി കുറച്ചധികം നേരം അദ്ദേഹം സംസാരിച്ച കാര്യങ്ങൾ ദീർഘ വീക്ഷണത്തോടെയായിരുന്നു.
ഒരു നാടിന്റെ ചരിത്രത്തോടൊപ്പം അല്ല, നാടിന്റെ ചരിത്രം എഴുതി നടന്നു നീങ്ങിയ ഞങ്ങളുടെ വഴികാട്ടിയായിരുന്നു ഡോ. പി. അബ്ദുൽ കരീം. സ്വജീവിതം മറ്റുള്ളവർക്ക് ഉപകാരപ്രദമാകുമ്പോൾ മാത്രമേ അർഥപൂർണമാവുകയുള്ളൂ എന്നതിന്റെ പാഠപുസ്തകമായിരുന്നു അദ്ദേഹം. ആതുര മേഖല പണ സമ്പാദനത്തിനുള്ളതല്ലെന്നു അര നൂറ്റാണ്ടു കാലത്തെ ഡോക്ടർ എന്ന നിലയ്ക്കുള്ള ജീവിതം കൊണ്ട് തെളിയിച്ച വ്യക്തിയായിരുന്നു അദ്ദേഹം.

(വണ്ടൂർ നിംസ് ഡയറക്ടറാണ് ഒ.ഐ.സി.സി നേതാവായ ലേഖകൻ)

 

 

Latest News