ഭോപ്പാല്‍- മധ്യപ്രദേശില്‍ പത്ര ഉടമ പീഡിപ്പിച്ചെന്ന കേസില്‍ ഇരയായ 17 കാരി
അമിതമായി ഉറക്ക ഗുളികകള്‍ കഴിച്ച് മരിച്ചു. മധ്യപ്രദേശ് തലസ്ഥാനത്തെ അഭയ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന പെണ്‍കുട്ടി തിങ്കളാഴ്ച ഉറക്ക ഗുളിക കഴിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഹാമിദിയ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് മരിച്ചത്.
കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് പ്രാദേശിക പത്രം നടത്തുന്ന പ്രതി പ്യാരെ മിയ (68) എന്നയാള്‍ പ്രായപൂര്‍ത്തിയാകാത്ത അഞ്ച് പെണ്‍കുട്ടികളെ പല തവണ ബലാത്സംഗം ചെയ്തുവെന്ന പരാതി ഉയര്‍ന്നത്. ഉറക്ക ഗുളിക കഴിച്ച് മരിച്ച പെണ്‍കുട്ടി ഇവരില്‍ ഒരാളാണെന്ന് ഭോപ്പാല്‍ റേഞ്ച് ഇന്‍സ്പെക്ടര്‍ ജനറല്‍ ഉപേന്ദ്ര ജെയിന് പറഞ്ഞു.
സുരക്ഷ കണക്കിലെടുത്താണ് അഞ്ച് പെണ്‍കുട്ടികളേയും സര്‍ക്കാര്‍ അഭയ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്നത്. രണ്ട് പെണ്‍കുട്ടികളെ അവശനിലയില്‍ തിങ്കളാഴ്ച രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഇവരില്‍ ഒരു പെണ്‍കുട്ടി അമിതമായി ഉറക്ക ഗുളികകള്‍ കഴിച്ചിരുന്നതായി സ്ഥരീകരിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ മജിസ്ട്രേട്ട് തല അന്വേഷണത്തിന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഷെല്‍ട്ടര്‍ ഹോമില്‍ പെണ്‍കുട്ടിക്ക് എങ്ങനെ ഉറക്ക ഗുളികകള്‍ ലഭിച്ചുവെന്ന് അന്വേഷിച്ചു വരികയാണെന്ന് കമല നഗര്‍ പോലീസ് സ്റ്റേഷന് ചുമതലയുള്ള വിജയ് സിസോദിയ പറഞ്ഞു.
ജമ്മു കശ്മീരില്‍ അറസ്റ്റിലായ മിയയെ കൂടാതെ ഇയാളുടെ കൂട്ടാളിയായ സ്വീറ്റി വിശ്വകര്‍മ (21) ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ മിയയുമായി ബന്ധമുള്ള സ്ഥലത്ത് നടത്തിയ റെയ്ഡില്‍ അശ്ലീല സിഡികളും മദ്യക്കുപ്പികളും വന്യമൃഗങ്ങളുടെ അസ്ഥികളും മറ്റും പോലീസ് കണ്ടെടുത്തിരുന്നു.






