Sorry, you need to enable JavaScript to visit this website.

റൊമാൻസ് സ്‌കാം മുന്നറിയിപ്പുമായി ഇന്റർപോൾ

കോവിഡ് വ്യാപനം പശ്ചാത്തലത്തിൽ സുഹൃത്തുക്കളെ നേരിട്ട് കണ്ടുമുട്ടാൻ കഴിയാതെ, ഇത്തരം ആപ്പുകളിലൂടെ പരിചയപ്പെടുന്നവരുമായി പലരും ബന്ധം തുടരുന്നുണ്ട്

മൊബൈൽ ഡേറ്റിംഗ് ആപ്പ് ഉപയോഗിക്കുന്നവരെ ലക്ഷ്യമിട്ട് പുതിയ നിക്ഷേപ തട്ടിപ്പ് വ്യാപകമായതായി ഇന്റർപോൾ മുന്നറിയിപ്പ് നൽകി. കോവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ദൈനംദിന ജീവിതത്തെ ബാധിച്ചതിനു പുറമെ, സാമൂഹിക ഇടപെടലുകളും പുതിയ ആളുകളെ വ്യക്തിപരമായി കണ്ടുമുട്ടുന്നതുമൊക്കെ അസാധ്യമാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ  ഡേറ്റിംഗ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നവരുടെ വലിയ വർധനയാണ് ഉണ്ടാക്കിയത്.
ഈ പ്രവണത മുതലാക്കുന്നതിനാണ് നിലവിലെ ഡേറ്റിംഗുമായി സാമ്യമുള്ള ആപ്പുകളിലൂടെ ആളുകളെ കബളിപ്പിക്കുന്നതിന് സൈബർ തട്ടിപ്പുകാർ രംഗത്തുവന്നിരിക്കുന്നത്. ഇരകളുടെ പോക്കറ്റ് കാലിയാക്കുന്ന തരത്തിൽ നിക്ഷേപ അധിഷ്ഠിത തട്ടിപ്പുകളാണ് സൈബർ കുറ്റവാളികൾ ഉപയോഗപ്പെടുത്തുന്നത്. 
2020 ൽ 40 ലക്ഷം ഓൺലൈൻ ഡേറ്റിംഗ് തട്ടിപ്പുകളും ദുരുപയോഗവുമായി ബന്ധപ്പെട്ട ആക്രമണങ്ങളുമാണ് രേഖപ്പെടുത്തിയതെന്ന്  ഇതുസംബന്ധിച്ച് ആർക്കോസ് ലാബ്‌സ് നടത്തിയ പഠനം വ്യക്തമാക്കുന്നു. ഇവയിൽ ഭൂരിഭാഗവും വ്യാജ അക്കൗണ്ട് രജിസ്‌ട്രേഷനുകളിലൂടെയാണ് നടന്നത്.
ക്രിമിനൽ ഗ്രൂപ്പുകളുടെ രീതികളും അവർ ഉപയോഗിക്കുന്ന സാമാഗ്രികളും സംബന്ധിച്ച് അന്താരാഷ്ട്ര ക്രിമിനൽ പോലീസ് ഓർഗനൈസേഷൻ (ഇന്റർപോൾ) 194 അംഗ രാജ്യങ്ങൾക്ക് പർപ്പിൾ നോട്ടീസ് നൽകിയിരിക്കയാണ്. ഡേറ്റിംഗ് ആപ്ലിക്കേഷനുകൾ വഴിയുള്ള  പുതിയ തട്ടിപ്പ് രീതിയെ കുറിച്ചാണ് നോട്ടീസിൽ വിവരിക്കുന്നത്. പ്രണയത്തിനും സുഹൃത്തുക്കൾക്കുമായി ഉപയോക്താക്കൾ ആപ്പുകളിൽ തെരയുമ്പോൾ അത് പ്രയോജനപ്പെടുത്തി അവരെ നൂതന തട്ടിപ്പ് പദ്ധതിയിലേക്ക് ആകർഷിക്കുകയാണെന്ന് ഇന്റർ പോൾ പറയുന്നു. 
ഉപയോക്താക്കൾ ടിൻഡർ, ഇ-ഹാർമണി അല്ലെങ്കിൽ ബംബിൾ പോലുള്ള ഡേറ്റിംഗ് ആപ്ലിക്കേഷനിൽ സൈൻ അപ്പ് ചെയ്യുമ്പോൾ തട്ടിപ്പുകാർ കൂട്ടുകൂടാനെത്തുന്നു. 
പരസ്പര വിശ്വാസം സ്ഥാപിച്ചുകഴിയുന്നതോടെ തട്ടിപ്പ് നടത്താവുന്ന സാമ്പത്തിക മേഖലയിലേക്ക് ഉപയോക്താവിന്റെ ശ്രദ്ധ ആകർഷിക്കുന്നു. ലാഭകരമായ സാമ്പത്തിക സംരംഭത്തിൽ അവരോടൊപ്പം ചേരാൻ ഇരകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. 
യഥാർത്ഥമെന്ന് തോന്നിപ്പിക്കാൻ തട്ടിപ്പുകാരൻ ഇരയുടെ നിക്ഷേപത്തിന് അനുയോജ്യമായ ടിപ്പുകൾ നൽകുകയും വ്യാജ ട്രേഡിംഗ് ആപ്ലിക്കേഷൻ ഡൗൺലോഡുചെയ്യാൻ ആവശ്യപ്പെടുകയും ചെയ്യും.  ഇതിനു പുറമെ, നിക്ഷേപ ശൃംഖല എന്ന് വിളിക്കപ്പെടുന്ന രീതിയിൽ പ്രവർത്തിക്കാനും പ്രേരിപ്പിക്കും.   
സഹകരിച്ചാൽ പ്രീമിയം 'ഗോൾഡ്’ അല്ലെങ്കിൽ 'വിഐപി’ പദവിയിൽ എത്താൻ കഴിയുമെന്ന് ഇരകൾക്ക് നൽകുന്ന വാഗ്ദാനമാണ് കെണിയിൽ വീഴ്ത്തുന്നതിന് സ്വീകരിക്കുന്ന മറ്റൊരു മാർഗം. എല്ലാം നിയമാനുസൃതമായി തോന്നിപ്പിക്കും വിധമാണ് നിർമ്മിച്ചിരിക്കുന്നതെന്നും ആർക്കും ഒരു സംശയവും തോന്നില്ലെന്നും ഇന്റർപോൾ പറയുന്നു. 
സ്‌ക്രീൻഷോട്ടുകൾ നൽകുന്നതിനു പുറമെ, ഡൊമെയ്ൻ നാമങ്ങൾ യഥാർത്ഥ വെബ്‌സൈറ്റുകളുമായി സാമ്യമുള്ളതായിരിക്കും. ഇതിനുപുറമെ, ശരിയായ ഉൽപന്നങ്ങൾ തെരഞ്ഞെടുക്കുന്നതിന് ഇരകളെ സഹായിക്കാനെന്ന പേരിൽ കസ്റ്റമർ സർവീസ് ഏജന്റുമാരും രംഗത്തുവരും.  ഇരകളെ കബളിപ്പിച്ച് അക്കൗണ്ടിൽനിന്ന് പണം ട്രാൻസ്ഫർ ചെയ്തു കഴിഞ്ഞാൽ പിന്നെ സൗഹൃദ ബന്ധം സ്ഥാപിച്ചവരുടെ പൊടി പോലും കാണില്ല. 
ഉപയോക്താക്കളെ ആശയക്കുഴപ്പത്തിലാക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന തട്ടിപ്പുകളിൽ നഷ്ടമായ പണം പിന്നീടൊരിക്കലും തിരികെ ലഭിക്കുകയില്ലെന്നും  ഇന്റർപോൾ മുന്നറിയിപ്പിൽ പറയുന്നു.
വൈകാരികമായി അടുപ്പമുണ്ടാകുമ്പോൾ നിക്ഷേപത്തിൽ കൂടി പങ്കു ചേരാനുള്ള പ്രേരണ വിജയിക്കാനുള്ള സാധ്യത കൂടുതലാണ്. യഥാർഥ കമ്പനികളിൽനിന്നും വ്യക്തികളിൽനിന്നുമാണെന്ന് വിശ്വസിപ്പിച്ച് വ്യക്തികളുടെ ബാങ്ക് അക്കൗണ്ട് അടക്കമുള്ള വിവരങ്ങൾ കരസ്ഥമാക്കുന്ന ഫിഷിംഗ് ഇ-മെയിൽ തട്ടിപ്പും ഇതോടു ബന്ധപ്പെട്ടതു തന്നെയാണ്. ഹാർവാഡ് യൂനിവേഴ്‌സിറ്റിയിൽ ജോലി വാഗ്ദാനം ചെയ്താണ് ഇന്ത്യയിലെ മുതിർന്ന മാധ്യമപ്രവർത്തക നിധ രസ്ദാനെ ഫിഷിംഗ് ഇ-മെയിലിൽ കുടുക്കിയത്. 
ഇതിൽ ജോലിയാണ് വേട്ടക്ക് ഉപയോഗിച്ചതെങ്കിൽ ഡേറ്റിംഗ് ആപ്ലിക്കേഷൻ തട്ടിപ്പുകാർ ഹൃദയ ബന്ധത്തെയാണ് ചൂഷണം ചെയ്യുന്നത്. ഏകാന്തത അനുഭവിക്കുന്നവർ  യഥാർത്ഥ പ്രണയ താൽപര്യങ്ങൾക്കായി തങ്ങളുടെ ജീവിത സമ്പാദ്യത്തിൽനിന്ന് ചെലവഴിക്കാനും തയാറാകുന്നു. പകർച്ചവ്യാധി സമയത്ത് വ്യക്തിപരമായി കണ്ടുമുട്ടുന്നതിന് പകരമായി ഇത്തരം ആപ്ലിക്കേഷനുകളിലൂടെ കണ്ടെത്തുന്നവരുമായി പലരും ബന്ധം തുടരുന്നുണ്ട്. വളരെയേറെ ജാഗ്രത പാലിക്കേണ്ടത് പ്രധാനമാണെന്നാണ് ഇന്റർപോൾ മുന്നറിയിപ്പ് വ്യക്തമാക്കുന്നത്. പരിചയമില്ലാത്തതും വ്യക്തിപരമായി കണ്ടുമുട്ടിയിട്ടില്ലാത്തതുമായ ഒരാളുമായും ഒരിക്കലും സാമ്പത്തിക ഇടപാട് നടത്തരുത്. അടിയന്തര സാഹചര്യമാണ് പറയുന്നതെങ്കിൽ പോലും നിക്ഷേപ അവസരങ്ങളെക്കുറിച്ച് പറയുമ്പോൾ, ആദ്യം അതേക്കുറിച്ച് പഠിക്കാൻ തയാറാകണം. ഇത്തരം ബന്ധങ്ങളിലൂടെ ഫോട്ടോകളും വീഡിയോകളും കൈവശമാക്കിയ ശേഷം മോർഫിംഗ് നടത്തി ബ്ലാക്ക് മെയിൽ ചെയ്യുന്ന തട്ടിപ്പുകളും വ്യാപകമായിട്ടുണ്ട്.  

Latest News