Sorry, you need to enable JavaScript to visit this website.
Tuesday , March   09, 2021
Tuesday , March   09, 2021

നഞ്ചൻഗോഡ്-നിലമ്പൂർ റെയിൽവേ: ആക്്ഷൻ കമ്മിറ്റി സമര പരമ്പരയുടെ ഭാഗമായി കലക്ടറേറ്റ് ധർണ 

നീലഗിരി-വയനാട് നാഷണൽ ഹൈവേ ആൻഡ് റെയിൽവേ ആക്്ഷൻ കമ്മിറ്റി  വയനാട് കലക്ടറേറ്റ് പടിക്കൽ നടത്തിയ ധർണ ബത്തേരി ബിഷപ്പ് ഡോ.ജോസഫ് മാർ തോമസ് ഉദ്ഘാടനം ചെയ്യുന്നു.

കൽപറ്റ- നഞ്ചൻഗോഡ്-നിലമ്പൂർ റെയിൽ പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള തടസ്സങ്ങൾ നീക്കുന്നതിനു സംസ്ഥാന സർക്കാരിൽ സമ്മർദം ചെലുത്തുന്നതിനു ആവിഷ്‌കരിച്ച സമരപരമ്പരയുടെ ഭാഗമായി നീലഗിരി-വയനാട് നാഷണൽ ഹൈവേ ആൻഡ് റെയിൽവേ ആക്്ഷൻ  കമ്മിറ്റിയുടെ നേതൃത്വത്തിൽ കലക്ടറേറ്റ് പടിക്കൽ ധർണ നടത്തി. ക്രൈസ്തവ സഭകൾ, എൻ.എസ്.എസ്, എസ്.എൻ.ഡി.പി, മുസ്‌ലിം സംഘടനകൾ, സാമൂഹിക-സന്നദ്ധ സംഘടനകൾ, ക്ലബുകൾ തുടങ്ങിയവയുടെ പ്രതിനിധികൾ സമരത്തിൽ പങ്കാളികളായി. 


ബത്തേരി ബിഷപ്പ് ഡോ.ജോസഫ് മാർ തോമസ് ഉദ്ഘാടനം ചെയ്തു. വയനാടിന്റെ വികസനത്തോടു മുഖംതിരിക്കുന്ന സമീപനമാണ് എല്ലാ രാഷ്ട്രീയപ്പാർട്ടികൾക്കുമെന്നു അദ്ദേഹം വിമർശിച്ചു. പൊതു വിഷയങ്ങളിൽ ഒന്നിച്ചുനിൽക്കുന്നതിലും രാഷ്ട്രീയകക്ഷികൾക്കു വിമുഖതയാണ്. ജില്ലയുടെ വികസനത്തിനു എതിരായി ചില കരങ്ങൾ പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാന ബജറ്റുകളിൽ ജില്ലയ്ക്കു അർഹിക്കുന്ന വിഹിതം ലഭിക്കുന്നില്ല. നഞ്ചൻഗോഡ്-നിലമ്പൂർ റെയിൽപാതയുടെ പ്രാധാന്യം നൂറ്റാണ്ടുമുമ്പ് ബ്രിട്ടീഷുകാർ മനസ്സിലാക്കി. എന്നാൽ ഇപ്പോഴത്തെ ഭരണാധികാരികൾ അർഹിക്കുന്ന ഗൗരവത്തോടെ റെയിൽ  പദ്ധതിയെ കാണുന്നില്ല. പലവിധത്തിലുള്ള പ്രശ്‌നങ്ങളെയാണ് ജില്ല നേരിടുന്നത്. വയനാട്ടിൽനിന്നു ആളുകൾ ഒഴിഞ്ഞുപോകേണ്ട സാഹചര്യമാണ് സംജാതമാകുന്നത്. റെയിൽ പദ്ധതിക്കായി ആക്്ഷൻ കമ്മിറ്റി സെക്രട്ടറിയേറ്റ് പടിക്കൽ നടത്താനിരിക്കുന്ന സമരത്തിൽ വയനാട്ടുകാർ ഒറ്റക്കെട്ടായി അണിനിരക്കണം. സെക്രട്ടറിയേറ്റ് പടിക്കലെ സമരത്തിനു നേതൃത്വം നൽകാൻ  കർദിനാൾ മാർ ബസേലിയോസ് ക്ലിമിസ് സന്നദ്ധത അറിയിച്ചതായും ബിഷപ്പ് പറഞ്ഞു.


ആക്്ഷൻ  കമ്മറ്റി കൺവീനർ അഡ്വ.ടി.എം.റഷീദ് ആമുഖ പ്രഭാഷണം നടത്തി. നഞ്ചൻഗോഡ്-നിലമ്പൂർ പദ്ധതി പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നതിനു ദൽഹി മെട്രോ റെയിൽ കോർപറേഷനു സർക്കാർ സാഹചര്യം ഒരുക്കണമെന്നതാണ് ആക്്ഷൻ കമ്മിറ്റിയുടെ മുഖ്യ ആവശ്യമെന്നു അദ്ദേഹം പറഞ്ഞു. 
നഞ്ചൻഗോഡ്-നിലമ്പൂർ റെയിൽ സംയുക്ത സംരംഭമായി പ്രാവർത്തികമാക്കാൻ കേന്ദ്രവും കേരളവും കരാർ ഒപ്പിട്ടതാണ്. ഡി.പി.ആർ തയാറാക്കാൻ ഡി.എം.ആർ.സിയെ ചുമതലപ്പെടുത്തുകയും ചെയ്തു. പിന്നീടാണ് തലശേരി-മൈസൂരു  റെയിൽ പദ്ധതിക്കുവേണ്ടി നഞ്ചൻഗോഡ്-നിലമ്പൂർ റെയിൽപദ്ധതി സംസ്ഥാന സർക്കാർ അട്ടിമറിച്ചത്. അഞ്ചു വർഷത്തോളം ശ്രമിച്ചിട്ടും തലശേരി-മൈസൂരു  റെയിൽ പദ്ധതി  ഒരിഞ്ചുപോലും മുന്നോട്ടുനീക്കാൻ സർക്കാരിനു സാധിച്ചില്ല. ഏതെങ്കിലും ഒരു റെയിൽ പദ്ധതിക്കുവേണ്ടി ഉറച്ച നിലപാടെടുക്കുന്നതിൽ രാഷ്ട്രീയ നേതൃത്വവും  പരാജയപ്പെട്ടു.  ഈ സാഹചര്യത്തിലാണ് ജില്ലയിലെ പൗരസമൂഹം നഞ്ചൻഗോഡ്-നിലമ്പൂർ റെയിൽ പദ്ധതി  കേരളത്തിന്റെ അവകാശമാണ്, അട്ടിമറിക്കരുത് എന്ന മുദ്രാവാക്യവുമായി സമരരംഗത്തിറങ്ങിയതെന്നും റഷീദ് പറഞ്ഞു. 


വയനാട് ചേംബർ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് ജോണി പാറ്റാനി അധ്യക്ഷത വഹിച്ചു.  വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ.വാസുദേവൻ, എസ്.എൻ.ഡി.പി കൽപറ്റ യൂനിയൻ പ്രസിഡന്റ് മോഹനൻ, എൻ.എസ്.എസ് യൂനിയൻ പ്രസിഡന്റ് മുരളി, സുന്നി മഹല്ല് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ഹാരിസ് ബാഖവി, എം.ഇ.എസ് ജില്ലാ പ്രസിഡന്റ് കെ.പി.യൂസഫ് ഹാജി, മലബാർ ഡവലപ്‌മെന്റ് ഫോറം പ്രസിഡന്റ് കെ.എം.ബഷീർ, മാനന്തവാടി രൂപത പ്രതിനിധി ഫാ.ജോസ് വടയാപറമ്പിൽ, യാക്കോബായ സഭാ പ്രതിനിധി ഫാ.ഡോ:മത്തായി അതിരമ്പുഴ, ഓർത്തഡോക്‌സ് സഭ പ്രതിനിധി ടി.കെ.പൗലോസ്, സഭാ ട്രസ്റ്റി രാജൻ തോമസ്, ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡന്റ് ടി.പി.യൂനുസ്, സംയുക്ത മഹല്ല് കമ്മറ്റി സെക്രട്ടറി പി.പി.അബ്ദുൽഖാദർ, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഫിനാൻസ് സെക്രട്ടറി അമ്പിളി ഹസൻ, കർഷിക പുരോഗമന സമിതി പ്രസിഡന്റ് പി.എം.ജോയി, സുവർണ കേരള-കർണാടക സമാജം വൈസ് പ്രസിഡന്റ് ജോൺ തയ്യിൽ, ക്രിസ്ത്യൻ  കൾച്ചറൽ ഫോറം പ്രസിഡന്റ് സാലു അബ്രഹാം  മേച്ചേരിൽ, വൈ.എം.സിഎ. ജില്ലാ പ്രസിഡന്റ് ബിജു തിണ്ടിയത്ത്, ജില്ലാ ഫ്‌ളോറി കൾച്ചറൽ  അസോസിയേഷൻ പ്രസിഡന്റ് ജേക്കബ് ബത്തേരി, സ്വതന്ത്ര കർഷകസംഘം ജില്ലാ പ്രസിഡന്റ് അഡ്വ.ഖാലിദ് രാജ, സീനിയർ ചേംബർ പ്രസിഡന്റ് ജോസുകുട്ടി, റോട്ടറി ക്ലബ് പ്രതിനിധി സാദിഖ് നീലിക്കണ്ടി, ഓയിസ്‌ക ചാപ്റ്റർ  പ്രസിഡന്റ് സത്യനാഥ്, ബിൽഡിംഗ് ഓണേഴ്‌സ് അസോസിയേഷൻ  ജില്ലാ സെക്രട്ടറി അബ്ദുൽ മനാഫ്, വൺ ഇന്ത്യ വൺ പെൻഷൻ ജില്ലാ പ്രസിഡന്റ്  സൈമൺ, വ്യാപാരി വ്യവസായി ഏകോപന സമിതി ബത്തേരി യൂനിറ്റ് പ്രസിഡന്റ് പി.വൈ.മത്തായി, മർച്ചന്റ്‌സ് അസോസിയേഷൻ യൂത്ത്‌വിംഗ് പ്രതിനിധി സംഷാദ്, ഗാന്ധി ദർശൻ വേദി പ്രസിഡന്റ് ജോയിച്ചൻ വർഗീസ്, ഗഫൂർ വെണ്ണിയോട്, ബാലകൃഷ്ണൻ, അഡ്വ. ജോസ് തണ്ണിക്കോട്, സാം പി.മാത്യു, മോഹൻ നവരംഗ്, വിവേക് വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു. 

 


 

Latest News