Sorry, you need to enable JavaScript to visit this website.

പിണറായി സർക്കാരിന്റെ കോർപ്പറേറ്റ് ഇടപാടുകളെപ്പറ്റി  സമഗ്ര അന്വേഷണം വേണം -വെൽഫെയർ പാർട്ടി

തിരുവനന്തപുരം- സ്പ്രിൻക്ലർ കരാർ മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നില്ലെന്ന് മാധവൻ നമ്പ്യാർ സമിതിയുടെ റിപ്പോർട്ടിന്റെ വെളിച്ചത്തിൽ പിണറായി സർക്കാരിന്റെ കാലത്ത് നടന്ന എല്ലാ കൺസൽട്ടൻസി ഇടപാടുകളെ സംബന്ധിച്ചും സമഗ്ര അന്വേഷണം വേണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. വിദഗ്ധ സമിതിയുടെ അന്വേഷണ റിപ്പോർട്ടനുസരിച്ച് സ്വകാര്യ ഐപി അഡ്രസിലേക്കടക്കം സ്പ്രിൻക്ലർ വിവരങ്ങൾ ചോർന്നതായി പറയുന്നത് ഗൗരവതരമാണ്. സ്പ്രിൻക്ലറുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നത് ആരോഗ്യ വകുപ്പ് അറിയാതെയാണെന്ന് നേരത്തേ ആരോഗ്യ വകുപ്പ് സെക്രട്ടറിയും പറഞ്ഞിരുന്നു.

മുഖ്യമന്ത്രിയുടെ ഓഫീസ് ചില മാഫിയാ സംഘങ്ങളുടെ പിടിയിലാണെന്നു വ്യക്തമാക്കുന്നതാണ് ഈ വിവരങ്ങൾ. ഇപ്പോൾ സ്വർണക്കടത്ത് കേസിന്റെ പേരിൽ ജയിലിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കരനാണ് ഈ സർക്കാരിന്റെ കാലത്ത് നടന്ന മിക്ക കോർപ്പറേറ്റ് ഇടപാടുകൾക്കും പിന്നിൽ ഇടനിലക്കാരനായി വർത്തിച്ചത്. മുഖ്യമന്ത്രിക്ക് വേണ്ടി സി.പി.ഐ സംസ്ഥാന നേതാക്കളെയടക്കം കണസൾട്ടൻസി കരാറുകളുടെ രാഷ്ട്രീയം പഠിപ്പിക്കാൻ ശിവശങ്കരൻ നിയോഗിക്കപ്പെട്ടിരുന്നു എന്നത് പ്രശ്‌നത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഇ-മൊബിലിറ്റി, കെ-ഫോൺ അടക്കം നിരവധി ഇടപാടുകളിൽ വൻതോതിൽ അഴിമതി നടന്നതായും സംശയിക്കപ്പെടുന്നുണ്ട്. തന്ത്രപ്രധാന തസ്തികകളിൽ നടത്തപ്പെട്ട കരാർ നിയമനങ്ങളും അത്തരം നിയമനങ്ങളിൽ ചിലർ പിന്നീട് സ്വർണക്കടത്ത് അടക്കമുള്ള കേസുകളിൽ പ്രതികളാക്കപ്പെട്ടതും ഭരണ തലത്തിലെ മാഫിയ സാന്നിധ്യം പ്രകടമാക്കുന്നുണ്ട്. ഇതിലെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്കാളിത്തം പ്രകടമാണ്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനും സ്വർണക്കടത്ത് അടക്കം വിവിധ കേസുകളിൽ സംശയത്തിന്റെ നിഴലിലാണ്. ഇതെല്ലാം കണക്കിലെടുത്ത് സംയുക്ത നിയമസഭാ സമിതി രൂപീകരിച്ച് സുതാര്യമായ അന്വേഷണം നടത്തുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

Latest News