Sorry, you need to enable JavaScript to visit this website.

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ  സൗദിവൽക്കരണം നിർബന്ധമാക്കുന്നു

റിയാദ് - പങ്കാളിത്ത ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ സൗദിവൽക്കരണം നിർബന്ധമാക്കാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രി എൻജിനീയർ അഹ്മദ് അൽറാജ്ഹിയുടെ തീരുമാനം. സൗദി ജീവനക്കാരുമായി മാത്രം നേരിട്ടുള്ള ഇടപാടുകൾ പരിമിതപ്പെടുത്താൻ പങ്കാളിത്ത ഓൺലൈൻ പ്ലാറ്റ്‌ഫോമുകളെ നിർബന്ധിക്കുന്ന തീരുമാനമാണ് മന്ത്രി പ്രഖ്യാപിച്ചത്. ജോലിക്കു വെക്കുന്ന സ്ഥാപനങ്ങൾ വഴിയല്ലാതെ വിദേശ തൊഴിലാളികളുമായി ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഇടപാടുകൾ നടത്താൻ പാടില്ലെന്നും തീരുമാനമുണ്ട്. 
നിയമ ലംഘകരായ വിദേശ തൊഴിലാളികൾക്ക് തടയിടാനും വ്യത്യസ്ത പ്രവർത്തന മേഖലകളിൽ പങ്കാളിത്ത തൊഴിൽ രംഗത്ത് സൗദികൾക്ക് അനുയോജ്യമായ അവസരങ്ങൾ സൃഷ്ടിക്കാനും ഉപയോക്താക്കളുടെ ആവശ്യങ്ങൾ നിയമാനുസൃത രീതിയിൽ നിറവേറ്റുന്നതിന് നിക്ഷേപം നടത്താൻ സംരംഭകരെയും ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കാനുമാണ് പുതിയ തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. 


നൂതന തൊഴിൽ ശൈലികൾ അടക്കം വ്യത്യസ്ത തലങ്ങളിൽ രാജ്യം കൈവരിച്ച പുരോഗതിക്ക് അനുസൃതമായി തൊഴിൽ വിപണി ക്രമീകരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ തീരുമാനമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. പങ്കാളിത്ത ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴിയുള്ള ജോലി നൂതന തൊഴിൽ ശൈലികളിൽ പ്രധാനപ്പെട്ടതാണ്.
വ്യക്തികളുമായി ഭൗതികവും മാനുഷികവുമായ ആസ്തികൾ പങ്കിടുന്നതിലൂടെ ഉപയോക്താവിന് സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഇടനിലയായി പ്രവർത്തിക്കുന്ന ഏതൊരു ആപ്പും വെബ്‌സൈറ്റും പങ്കാളിത്ത ഓൺലൈൻ പ്ലാറ്റ്‌ഫോം ആയി പുതിയ തീരുമാനം നിർവചിക്കുന്നു. 
മാനവശേഷി, സാമൂഹിക വികസന മന്ത്രാലയ വെബ്‌സൈറ്റിൽ പരസ്യപ്പെടുത്തി 180 ദിവസത്തിനു ശേഷം പുതിയ തീരുമാനം പ്രാബല്യത്തിൽ വരും. ബന്ധപ്പെട്ട സ്ഥാപനങ്ങൾ ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താൻ ആവശ്യമായ മുഴുവൻ നടപടികളും സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. 

 

Latest News