Sorry, you need to enable JavaScript to visit this website.

വി.എസ് ഒഴിയുന്ന മലമ്പുഴയിൽ സി.പി.എമ്മിൽ പ്രാദേശിക വികാരം ശക്തമാകുന്നു

  • ബി.െജ.പിക്ക് വർദ്ധിച്ചു വരുന്ന സ്വാധീനം ഗൗരവത്തോടെകണ്ട് സി.പി.എം

പാലക്കാട്- വി.എസ്. അച്ചുതാനന്ദൻ വച്ചൊഴിയുന്ന മലമ്പുഴ മ ണ്ഡലത്തിൽ പ്രാദേശിക വികാരം ശക്തമാകുന്നു. കരുതലോടെ സി.പി.എം പ്രമുഖർക്കു വേണ്ടി നീക്കി വെക്കുന്ന പതിവ് ആവർത്തിച്ചാൽ ഇക്കുറി മലമ്പുഴയിൽ അടിയൊഴുക്കുകൾ ഉണ്ടായേക്കുമെന്ന ആശങ്ക പാർട്ടിയുടെ ചില പ്രാദേശിക ഘടകങ്ങൾ നേതൃത്വത്തിന്റെ ശ്രദ്ധയിൽ കൊണ്ടു വന്നിട്ടുണ്ട്. പതിവായി സി.പി.എമ്മിന്റെ പ്രധാന നേതാക്കളെ വിജയിപ്പിച്ചു കൊണ്ടിരിക്കുന്ന മണ്ഡലത്തിൽ എം.എൽ.എ എന്ന നിലയിൽ ബന്ധപ്പെട്ടവർക്ക് വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയുന്നില്ല എന്ന വിമർശനം യു.ഡി.എഫും ബി.െജ.പിയും ഒരു പോലെ ഉയർത്തിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ നാലു തവണ വി.എസ് ആയിരുന്നു മലമ്പുഴ എം.എൽ.എ. അതിനു മുമ്പ് മൂന്നു തവണ മുതിർന്ന നേതാവ് ടി. ശിവദാസമേനോനും അതിനും മുമ്പ് രണ്ട് പ്രാവശ്യം മുൻമുഖ്യമന്ത്രി ഇ.െക. നായനാരുമാണ് മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയത്. ഇക്കുറി പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ. വിജയരാഘവൻ മലമ്പുഴയിൽ മത്സരിക്കാനെത്തും എന്ന മട്ടിൽ അഭ്യൂഹങ്ങൾ പടരുന്നതിനിടയിലാണ് പ്രാദേശിക ഘടകങ്ങൾ മുന്നറിയിപ്പുമായി എത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. 


വി.എസ്. അച്യുതാനന്ദന് മണ്ഡലത്തിൽ ഇപ്പോഴും സ്വീകാര്യതയുണ്ട് എങ്കിലും എം.എൽ.എ എന്ന നിലയിൽ അദ്ദേഹം മലമ്പുഴയിലെ എത്ര പരിപാടികളിൽ പങ്കെടുത്തു എന്ന് ചോദിച്ചാൽ സി.പി.എം നേതാക്കൾ മറുപടി പറയാൻ പാടുപെടും. സി.ഐ.ടി.യു നേതാവ് എ. പ്രഭാകരനാണ് എം.എൽ.എയുടെ പ്രതിനിധി എന്ന നിലയിൽ ഔദ്യോഗിക ചടങ്ങുകളിൽ പങ്കെടുത്തു കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയായിരുന്ന സമയത്തും പ്രഭാകരൻ അദ്ദേഹത്തിന്റെ പ്രതിനിധിയായിരുന്നു. 


രണ്ടു മുഖ്യമന്ത്രിമാരെയും ധനകാര്യമന്ത്രിയേയും ഒക്കെ വിജയിപ്പിച്ചെടുത്ത മലമ്പുഴ മണ്ഡലത്തിന്റെ വികസന രംഗത്തെ പിന്നാക്കാവസ്ഥ ചർച്ചയാക്കി ഉയർത്തിക്കൊണ്ടു വരാനാണ് പ്രതിപക്ഷ പാർട്ടികളുടെ ശ്രമം. 2016 ൽ വി.എസിനെ 27,000 ലധികം വോട്ടിന് വിജയിപ്പിച്ച മലമ്പുഴ നിയമസഭാ മണ്ഡലത്തിന്റെ പരിധിയിൽ നിന്ന് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് മികച്ച ലീഡ് ലഭിച്ചിരുന്നു. അതുവെച്ച് അമിതമായ ആത്മവിശ്വാസം കാണിച്ചാൽ അടി തെറ്റുമെന്ന ആശങ്ക പല നേതാക്കളും മറച്ചു വെക്കുന്നില്ല. 2001 ലെ തെരഞ്ഞെടുപ്പിൽ ഉണ്ടായ അനുഭവമാണ് അവർ ഓർമിക്കുന്നത്. മാരാരിക്കുളത്തെ പരാജയത്തിനു ശേഷം സുരക്ഷിത മണ്ഡലം തേടിയെത്തിയ വി.എസ് നേരിയ ഭൂരിപക്ഷത്തിനാണ് അന്ന് യൂത്ത് കോൺഗ്രസ് നേതാവായിരുന്ന സതീശൻ പാച്ചേനി ഉയർത്തിയ വെല്ലുവിളി മറികടന്നത്. മണ്ഡലത്തിൽ ബി.െജ.പിക്ക് വർദ്ധിച്ചു വരുന്ന സ്വാധീനവും സി.പി.എം ഗൗരവത്തോടെയാണ് കാണുന്നത്. 2016 തെരഞ്ഞെടുപ്പിൽ വി.എസിനു പിറകിൽ രണ്ടാം സ്ഥാനത്തെത്തിയത് ബി.െജ.പി സംസ്ഥാന ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാറായിരുന്നു. 


എൻ.എൻ. കൃഷ്ണദാസാണ് മലമ്പുഴയിലെ സി.പി.എം സ്ഥാനാർഥി സാധ്യതാ പട്ടികയിൽ മുൻപന്തിയിലുള്ളത്. ദീർഘകാലം വി.എസിന്റെ പ്രതിനിധിയായിരുന്ന എ. പ്രഭാകരൻ, പാർട്ടി പുതുശ്ശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ്, വി.എസ് ഗ്രൂപ്പിനു വേണ്ടി ചാവേറായി നിലകൊണ്ടിരുന്ന ഗോകുൽദാസ് എന്നിവരാണ് മണ്ഡലത്തിൽനിന്ന് ചർച്ച ചെയ്യപ്പെടുന്ന പേരുകൾ. 

Latest News