തിരുവനന്തപുരം- പീഡനക്കേസിലെ വാദിയായ കന്യാസ്ത്രീക്കെതിരെ മോശമായ പരാമർശങ്ങൾ നടത്തിയതിന് പി.സി. ജോർജിനെ ശാസിക്കണമെന്ന് നിയമസഭാ എത്തിക്‌സ് കമ്മിറ്റി ശിപാർശ ചെയ്തു. പീഡനക്കേസിലെ ഇരയ്ക്ക് നൽകേണ്ട പിന്തുണ നൽകി മാതൃകയാകുന്നതിന് പകരം വ്യക്തി താത്പര്യം മുൻനിർത്തി മോശക്കാരിയാക്കി ചിത്രീകരിച്ചുവെന്നാണ് എത്തിക്ക്‌സ് കമ്മിറ്റി വിലയിരുത്തൽ. നിയമസഭാ അംഗങ്ങളുടെ അന്തസിന് കോട്ടം തട്ടുന്ന നടപടിയാണ് പി.സി. ജോർജിന്റേത്. അതിനാൽ നിയമസഭാ അംഗങ്ങൾക്കുള്ള പെരുമാറ്റചട്ടം 53(ബി) അനുസരിച്ച് ശാസിക്കണമെന്നാണ് ശിപാർശ. സംസ്ഥാന വനിതാ കമ്മീഷൻ, ഫെമിനിസ്റ്റ് ലായേഴ്‌സ് നെറ്റ്‌വർക്ക് ഓഫ് കേരള എന്നിവരാണ് എത്തിക്കിസ് കമ്മിറ്റിയെ സമീപിച്ചത്. ഐകകണ്‌ഠ്യേനയാണ് കമ്മിറ്റി നടപടിക്ക് ശിപാർശ ചെയ്തത്.






